Quantcast

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ: യുഎൻ സംയുക്ത പ്രസ്താവനയ്ക്ക് വീണ്ടും ഉടക്കുമായി യുഎസ്

പ്രസ്താവനയെ 14 അംഗരാജ്യങ്ങളും അനുകൂലിച്ചപ്പോൾ യുഎസ് മാത്രമാണ് എതിർത്തത്

MediaOne Logo

Web Desk

  • Published:

    17 May 2021 9:29 AM GMT

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ: യുഎൻ സംയുക്ത പ്രസ്താവനയ്ക്ക് വീണ്ടും ഉടക്കുമായി യുഎസ്
X

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇടപെട്ട യുഎൻ രക്ഷാസമിതിയിൽ ഉടക്കുമായി വീണ്ടും അമേരിക്ക. ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎൻ രക്ഷാസമിതിയുടെ സംയുക്ത പ്രസ്താവന യുഎസ് വീണ്ടും തടഞ്ഞു. കഴിഞ്ഞയാഴ്ച ആരംഭിച്ച അക്രമസംഭവങ്ങൾ അവസാനിപ്പിക്കാനുള്ള രക്ഷാസമിതിയുടെ ഇടപെടൽ ഇതുമൂന്നാം തവണയാണ് അമേരിക്ക തടയുന്നത്.

കഴിഞ്ഞ ദിവസം രക്ഷാസമിതി അടിയന്തര യോഗം ചേർന്നിരുന്നു. വീഡിയോ കോൺഫ്രൻസിങ് വഴിയായിരുന്നു യോഗം. ഇതിൽ കൈക്കൊണ്ട തീരുമാനമാണ് അമേരിക്ക എതിർത്തത്. ഇരുകക്ഷികളും തമ്മിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. പ്രസ്താവനയെ 14 അംഗരാജ്യങ്ങളും അനുകൂലിച്ചപ്പോൾ യുഎസ് മാത്രമാണ് എതിർത്തത്. ഐക്യകണ്‌ഠ്യേനയുള്ള അംഗീകാരം കൂടാതെ രക്ഷാസമിതിയിൽ പ്രമേയം പാസാക്കാനോ സംയുക്ത പ്രസ്താവനയിൽ നടപടികളുമായി മുന്നോട്ടുപോകാനോ കഴിയില്ല. ഇന്നും സമാനമായ ആവശ്യമുന്നയിച്ചുള്ള സംയുക്ത പ്രസ്താവനയിൽ ചർച്ചയുണ്ടാകുമെന്നാണ് അറിയുന്നത്.

ആക്രമണം ആരംഭിച്ച തിങ്കളാഴ്ചയും തുടർന്ന് ബുധനാഴ്ചയും നടന്ന യുഎൻ രക്ഷാസമിതി യോഗങ്ങളിലും സംയുക്ത പ്രസ്താവന പുറത്തിറക്കാനുള്ള നീക്കം യുഎസ് തടഞ്ഞിരുന്നു. സ്വന്തമായി നയതന്ത്ര ഇടപെടലിലൂടെ സംഘർഷങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാമെന്നും ഇതിനു സമയം നൽകണമെന്നുമാണ് സംയുക്ത പ്രസ്താവനയ്ക്ക് എതിർനിൽക്കാൻ യുഎസ് പ്രതിനിധി കാരണം പറഞ്ഞത്.

എന്നാൽ, ഇസ്രായേൽ അക്രമത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് അമേരിക്കയുടെ ബൈഡൻ ഭരണകൂടം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ഇസ്രായേലിന് സ്വയംപ്രതിരോധത്തിനുള്ള അവകാശമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ജോ ബൈഡൻ പ്രതികരിച്ചത്. ഇന്നലെ നടന്ന രക്ഷാസമിതി യോഗത്തിൽ ഹമാസിനോട് റോക്കറ്റ് ആക്രമണം നിർത്തണമെന്നാണ് യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആവശ്യപ്പെട്ടത്.

TAGS :

Next Story