ആരൊക്കെ ഫീസ് നൽകണം?; എച്ച്-1 ബി വിസയില്‍ ഇളവുകൾ വരുത്തി ട്രംപ് ഭരണകൂടം
കുടിയേറ്റം തടയുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് എച്ച്-1 ബി വിസയുടെ വാര്‍ഷിക ഫീസ് വർധിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്

Photo | indiatoday
വാഷിങ്ടൺ: യുഎസ് എച്ച്-1 ബി വിസ ഫീസില്‍ ഇളവുകൾ വരുത്തി ട്രംപ് ഭരണകൂടം. എച്ച്-1ബി വിസയ്ക്കായി സ്പോണ്‍സര്‍ ചെയ്യപ്പെട്ട ബിരുദധാരികള്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ 100,000 ഡോളറിന്റെ ഭീമമായ ഫീസ് നല്‍കേണ്ടതില്ലെന്നാണ് ട്രംപിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
ആരൊക്കെയാണ് ഫീസ് അടയ്ക്കേണ്ടത്, പണമടയ്ക്കേണ്ട രീതി, ഇളവ് ലഭിക്കുന്നതിനുള്ള അപേക്ഷാ നടപടികള്‍ എന്നിവയെ സംബന്ധിച്ച് ട്രംപ് ഭരണകൂടം വ്യക്തതമാക്കിയിട്ടുണ്ട്. നിലവില്‍ യുഎസില്‍ സാധുതയുള്ള വിസയില്‍ കഴിയുന്ന ആര്‍ക്കും ഈ വിസ ഫീസ് ബാധകമല്ല.
നിലവിലെ എഫ്-1 സ്റ്റുഡന്റ് വിസയില്‍ നിന്ന് എച്ച്-1 ബി വിസയിലേക്ക് മാറുമ്പോള്‍ രാജ്യം വിടാതെ തന്നെ സ്റ്റാറ്റസ് മാറ്റം നടത്താനായി അപേക്ഷ സമര്‍പ്പിക്കുന്നവരും എച്ച്-1 ബി വിസ ഫീസ് അടയ്ക്കേണ്ടതില്ല. യുഎസിന് പുറത്ത് കഴിയുന്നവര്‍ക്കും ഇതുവരെ സാധുതയുള്ള വിസ കൈവശമില്ലാത്തവര്‍ക്കും പുതുതായി അപേക്ഷിക്കുമ്പോള്‍ എച്ച്-1 ബി വിസയുടെ വാര്‍ഷിക ഫീസ് ആയ 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) നല്‍കണം.
മുമ്പ് അപേക്ഷ നല്‍കിയിട്ടുള്ളതും നിലവില്‍ സാധുതയുള്ളതുമായ എച്ച്-1 ബി വിസകള്‍ക്കോ, 2025 സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ 12:01ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ ഫീസ് വര്‍ധന ബാധകമല്ലെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വ്യക്തമാക്കി. എച്ച്-1 ബി ഉടമകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാനും പുറത്തുപോകാനും കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
കുടിയേറ്റം തടയുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് എച്ച്-1 ബി വിസയുടെ വാര്‍ഷിക ഫീസ് വർധിപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ടെക്കികൾക്ക് തിരിച്ചടിയാകുന്നതായിരുന്നു അമേരിക്കയുടെ ഈ പുതിയ തീരുമാനം. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1 ബി വിസ.
Adjust Story Font
16

