വെനസ്വേല അധിനിവേശം; ഹൈദരാബാദിലെ റോഡിന് ട്രംപിന്‍റെ പേരിടാനുള്ള നീക്കം വീണ്ടും ചര്‍ച്ചയാകുന്നു
ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ സ്ഥിതി ചെയ്യുന്ന റോഡിനാണ് തെലങ്കാന സര്‍ക്കാര്‍ ട്രംപിന്‍റെ പേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്

- Published:
4 Jan 2026 10:41 AM IST

ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു പ്രധാന റോഡിന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പേര് നൽകാനുള്ള തെലങ്കാന സര്‍ക്കാരിന്‍റെ നീക്കം വീണ്ടും ചര്‍ച്ചയാകുന്നു. അമേരിക്കയുടെ വെനസ്വേല അധിനിവേശത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പേരിടൽ നീക്കവും വാര്‍ത്തകളിൽ നിറയുന്നത്.
'തെലങ്കാന റൈസിംഗ് ഗ്ലോബല്‍ സമ്മിറ്റ്' എന്ന അന്താരാഷ്ട്ര പരിപാടിക്ക് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നീക്കം.ആഗോളതലത്തില്‍ സ്വാധീനമുള്ള വ്യക്തികളുടേയും വന്‍കിട കോര്‍പ്പറേഷനുകളുടേയും പേരുകള്‍ റോഡുകള്‍ക്ക് ഇടുന്നത് ഇരട്ട ലക്ഷ്യം നിറവേറ്റുമെന്ന് രേവന്ത് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഹൈദരാബാദിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ സ്ഥിതി ചെയ്യുന്ന റോഡിനാണ് തെലങ്കാന സര്‍ക്കാര്‍ ട്രംപിന്‍റെ പേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ റോഡിന് ഡോണള്‍ഡ് ട്രംപ് അവന്യൂ എന്നാണ് പേരിടുന്നത്. കൂടാതെ ലോകത്തിലെ പ്രമുഖ ടെക് ഭീമന്മാരുടെ പേരുകളും ഹൈദരാബാദിലെ പ്രധാന റോഡുകള്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുഎസിന് പുറത്ത് ഏറ്റവും വലിയ ക്യാമ്പസ് ഹൈദാരാബാദില്‍ വികസിപ്പിക്കുന്ന ഗൂഗിളിനോടുള്ള ആദരസൂചകമായി ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ പ്രധാനഭാഗത്തിന് ഗൂഗിള്‍ സ്ട്രീറ്റ് എന്ന് പേരിടും.
റോഡുകളുടെ പേര് മാറ്റുന്നതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ പേരുകള്‍ മാറ്റാന്‍ ഇത്രയധികം താൽപര്യപ്പെടുന്നുണ്ടെങ്കില്‍ ചരിത്രവും അര്‍ത്ഥവുമുള്ള പേരുകള്‍ നല്‍കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.
അതിനിടെ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മദുറോയെ യുഎസ് സൈന്യം ന്യൂയോർക്കിൽ എത്തിച്ചു. യുഎസിലെ കോടതിയിൽ മദുറോ ഇനി വിചാരണ നേരിടണം. അധികാരകൈമാറ്റം ഉണ്ടാകുന്നത് വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് ഡോണാൾഡ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയിലെ പല നഗരങ്ങളിലും യുഎസ് വിരുദ്ധ പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്.
അയൽക്കാരായ ലാറ്റിനമേരിക്കൻ രാജ്യങ്ങളും വെനസ്വേലയുടെ ദീർഘകാല സഖ്യകക്ഷികളായ റഷ്യയും ചൈനയും അമേരിക്കയുടെ നടപടികളെ അപലപിച്ചു. ഒരു പരമാധികാര രാജ്യത്തിനും അതിന്‍റെ പ്രസിഡന്‍റിനുമെതിരെയുള്ള ബലപ്രയോഗം അഗാധമായി ഞെട്ടിക്കുന്നതാണെന്നും ശക്തമായി അപലപിക്കുന്നതായും ചൈന വ്യക്തമാക്കി. അമേരിക്ക സായുധ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. നിരവധി ലാറ്റിനമേരിക്കൻ നേതാക്കളും യുഎസ് നടപടികളെ അപലപിച്ചു.
"അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനത്തിലൂടെ രാജ്യങ്ങളെ ആക്രമിക്കുന്നത് അക്രമത്തിന്‍റെയും അരാജകത്വത്തിന്‍റെയും അസ്ഥിരതയുടെയും ലോകത്തിലേക്കുള്ള ആദ്യപടിയാണ്" ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ എക്സിൽ കുറിച്ചു. കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ ആക്രമണങ്ങളെ ലാറ്റിനമേരിക്കയുടെ പരമാധികാരത്തിനു നേരെയുള്ള ആക്രമണം എന്ന് വിശേഷിപ്പിച്ചപ്പോൾ ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ ഇതിനെ ക്രിമിനൽ ആക്രമണം എന്നാണ് വിളിച്ചത്.
Adjust Story Font
16
