ഗ്രീൻലാൻഡിലേക്ക് യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യുഎസ്: ട്രംപിന്റെ പ്രഖ്യാപനത്തിനിടെ നിർണായക നീക്കം
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടയിലാണ് യുദ്ധ വിമാനങ്ങൾ വിന്യസിക്കാനൊരുങ്ങുന്നത്.

- Updated:
2026-01-20 05:09:14.0

വാഷിങ്ടണ്‍: ഗ്രീൻലാൻഡിലെ പ്രധാന സൈനിക താവളത്തിലേക്ക് യുദ്ധ വിമാനങ്ങൾ വിന്യസിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു. യുസ് സൈന്യം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടയിലാണ് യുദ്ധ വിമാനങ്ങൾ വിന്യസിക്കാനൊരുങ്ങുന്നത്.
ഗ്രീൻലാൻഡിലെ പിറ്റുഫിക് സ്‌പേസ് ബേസിൽ വിമാനങ്ങൾ ഉടൻ എത്തുമെന്നാണ് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് വ്യക്തമാക്കുന്നത്. ദീർഘകാലമായി ആസൂത്രണം ചെയ്ത പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് ഈ വിന്യാസം സഹായിക്കുമെന്നും നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് വ്യക്തമാക്കുന്നു.
ഡെന്മാർക്കുമായി ഏകോപിപ്പിച്ചാണ് ഈ നടപടിയെന്നും ഗ്രീൻലൻഡ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും യുഎസ് സൈന്യം അറിയിച്ചു. അതേസമയം വിമാനം എപ്പോൾ എത്തുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. റഷ്യൻ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഗ്രീൻലൻഡ് സ്വന്തമാക്കാൻ യുഎസ് ശ്രമം നടത്തുന്നത്.
ഗ്രീൻലൻഡ് നടപടിയെ പിന്തുണച്ചില്ലെങ്കിൽ ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ് തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ കനത്ത താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിയിരുന്നു. ഫെബ്രുവരി 1 മുതൽ 10 ശതമാനവും ജൂണോടെ ഇത് 25 ശതമാനമായും ഉയർത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിനിടെയാണ് സൈനിക വിന്യാസം. അതേസമയം യുഎസ് പ്രസിഡന്റിന്റെ പരാമർശങ്ങൾ യൂറോപ്പിലുടനീളം രൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ല എന്നാണ് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോള വ്യക്തമാക്കിയത്.
ഡെൻമാർക്കിനെയും ഗ്രീൻലാൻഡിലെ ജനങ്ങളെയും യൂറോപ്പ് എന്നും പിന്തുണക്കും ഗ്രീൻലാൻഡിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16
