Quantcast

'സുരക്ഷിതയിടത്തേക്ക് മാറണം'; ഇസ്രായേലിലെ എംബസി ജീവനക്കാരോട് യുഎസ്‌, പൗരന്മാർക്കും ജാഗ്രതാ നിർദേശം

യുഎസ് പൗരന്മാർ ഇസ്രായേലിൽ നിന്ന് മടങ്ങുന്നത് ഉറപ്പാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിപ്പ്

MediaOne Logo

Web Desk

  • Published:

    19 Jun 2025 4:35 PM IST

സുരക്ഷിതയിടത്തേക്ക് മാറണം; ഇസ്രായേലിലെ എംബസി ജീവനക്കാരോട് യുഎസ്‌, പൗരന്മാർക്കും ജാഗ്രതാ നിർദേശം
X

തെല്‍ അവിവ്: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിലെ യുഎസ് എംബസി ജീവനക്കാരോട് സുരക്ഷതയിടത്തേക്ക് മാറാനാവശ്യപ്പെട്ട് യുഎസ്. യുഎസ് പൗരന്മാർ ഇസ്രായേലിൽ നിന്ന് മടങ്ങുന്നത് ഉറപ്പാക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും എംബസി പറയുന്നു.

'' ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ എല്ലാ യുഎസ് സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിതയിടത്തേക്ക് മാറണം. യുഎസ് പൗരന്മാർ ഇസ്രായേലിൽ നിന്ന് മടങ്ങുന്നതിനാവശ്യമായ കാര്യങ്ങള്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അപ്ഡേറ്റുകള്‍ അവരെ അറിയിക്കും''-എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ യുഎസ് എംബസി വ്യക്തമാക്കുന്നു. ഇതിനായി തയ്യാറാക്കിയ അപേക്ഷാ ഫോമും എംബസി പുറത്തുവിടുന്നുണ്ട്.

ഇതിനിടെ ഇസ്രായേല്‍ വിടാൻ അപേക്ഷിച്ച നിരവധി നയതന്ത്രജ്ഞരെയും കുടുംബാംഗങ്ങളെയും ഇന്നലെ(ബുധനാഴ്ച) ഒഴിപ്പിച്ചതായി വാര്‍ത്തകളുണ്ട്. എത്ര പേര്‍ വിമാനം കയറി, അമേരിക്കയിലേക്ക് അല്ലാതെ മറ്റു രാജ്യങ്ങളിലേക്ക് പോയവരുണ്ടോ എന്നതിനെക്കുറിച്ചൊന്നും റിപ്പോര്‍ട്ടുകളില്ല.

അതേസമയം ഇസ്രായേലിലെ യുഎസ് എംബസിയിൽ നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്രജ്ഞരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കുന്ന നടപടി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ തുടങ്ങിയിരുന്നു. സംഘര്‍ഷത്തില്‍ ഇടപെടുമെന്ന തരത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു നടപടി. സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പെയും ഒഴിപ്പിക്കല്‍ നടപടികളാരംഭിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

ഇറാനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു എന്നതിലേക്കായിരുന്നു ഈ ഒഴിപ്പിക്കലിനെ ചൂണ്ടിക്കാണിച്ചിരുന്നത്. അതേസമയം ഇസ്രായേലിൽ കനത്ത നാശം വിതക്കുകയാണ് ഇറാന്‍. ഇതുവരെ മരിച്ചവരുടെ എണ്ണം 24ആയി. മരണ സംഖ്യ ഉയരാനാണ് സാധ്യത. 838 പേർക്ക് പരിക്കേറ്റു. സെൻട്രൽ തെൽ അവിവില്‍ കനത്ത നാശമുണ്ടായെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഇസ്രായേല്‍ ലക്ഷ്യമിട്ടു. അറാക് ആണവനിലയം ആക്രമിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു.

TAGS :

Next Story