Quantcast

ഷിപ്പിങ് പ്രതിസന്ധിയിൽ ഇസ്രായേലിനെ സഹായിക്കാൻ അമേരിക്ക; സഖ്യം രൂപീകരിച്ചു

ഹൂത്തികളുടെ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിലെ എയ്ലാത്ത് തുറമുഖത്തെ കാർഗോ ഗതാഗതം 80 ശതമാനം കുറഞ്ഞിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    19 Dec 2023 6:00 AM GMT

ഷിപ്പിങ് പ്രതിസന്ധിയിൽ ഇസ്രായേലിനെ സഹായിക്കാൻ അമേരിക്ക; സഖ്യം രൂപീകരിച്ചു
X

ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കു നേരെ ചെങ്കടലിൽ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സഖ്യം രൂപീകരിച്ച് അമേരിക്ക. ബഹ്റൈൻ, ബ്രിട്ടൻ, കനഡ, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്സ്, നോർവേ, സീഷെൽസ്, സ്പെയിൻ രാജ്യങ്ങളുമായി ചേർന്നാണ് "ഓപറേഷൻ പ്രൊസ്പെരിറ്റി ഗാർഡിയൻ" രൂപീകരിച്ചിരിക്കുന്നത്. കപ്പലുകൾക്കു നേരെ നടക്കുന്ന ആക്രമണം അന്താരാഷ്ട്ര പ്രശ്നമാണെന്നും അത് നേരിടാൻ ഒന്നിച്ചുള്ള നീക്കങ്ങൾ അനിവാര്യമാണെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

"അന്താരാഷ്ട്ര വ്യാപാരം സുഗമമായി നടക്കുന്നതിന് സുരക്ഷിതമായി പ്രവർത്തിക്കേണ്ട വാണിജ്യ ഇടനാഴിയാണ് ചെങ്കടൽ. സുരക്ഷിതമായ കപ്പൽ ഗതാഗതം എന്ന ആശയത്തിൽ വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളും, ചരക്കുകപ്പലുകൾക്കു നേരെ ആക്രമണം തടയാൻ ഒന്നിച്ചു നിൽക്കണം." - ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ, "ഓപറേഷൻ പ്രൊസ്പെരിറ്റി ഗാർഡിയൻ" സഖ്യത്തിലുള്ള രാജ്യങ്ങൾ എങ്ങനെയാണ് ഹൂത്തികൾക്കെതിരായ നീക്കങ്ങളിൽ പങ്കാളിയാവുക എന്ന കാര്യം വ്യക്തമല്ല. നിലവിൽ യു.എസ്, യു.കെ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ മേഖലയിൽ ഉണ്ടെങ്കിലും മറ്റു രാജ്യങ്ങളുടെ സൈനിക സാന്നിധ്യമില്ല.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് യമനിലെ ഹൂത്തികൾ ചെങ്കടലിൽ ഇസ്രായേൽ തീരങ്ങളിലേക്ക് സഞ്ചരിക്കുന്ന കപ്പലുകൾ ആക്രമിക്കാനാരംഭിച്ചത്. ഗസ്സ അധിനിവേശം അവസാനിപ്പിക്കുന്നതു വരെ ആക്രമണം തുടരുമെന്നാണ് ഹൂത്തികളുടെ പ്രഖ്യാപനം. കപ്പലുകൾക്കെതിരെ ആക്രമണങ്ങൾ തുടർക്കഥയായതോടെ എം.എൻ.സി, എ.പി മോളർ മാർസ്ക്, ഹപാഗ് ലോയ്ഡ്, ഒ.എൽ.സി.സി തുടങ്ങിയ മുൻനിര ഷിപ്പിങ് കമ്പനികൾ ഇസ്രായേലിലേക്കുള്ള സർവീസ് അവസാനിപ്പിച്ചു.

ഹൂത്തികളുടെ ആക്രമണത്തിനു പിന്നാലെ ഇസ്രായേലിലെ എയ്ലാത്ത് തുറമുഖത്തെ കാർഗോ ഗതാഗതം 80 ശതമാനം കുറയുകയും ഇസ്രായേൽ ബന്ധമുള്ള കപ്പലുകളുടെ ഇൻഷുറൻസ് തുക ഗണ്യമായി കൂടുകയും ചെയ്തു. ഇതോടൊപ്പം ഇസ്രായേലിന്റെ കടൽമാർഗമുള്ള കയറ്റുമതിയും ഇറക്കുമതിയും പ്രതിസന്ധിയിലാവുക കൂടി ചെയ്തതോടെയാണ് അമേരിക്ക ഹൂത്തുകൾക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.

ഹൂത്തികളുടെ ആക്രമണത്തിൽ നിന്ന് കപ്പലുകളെ ചെറുക്കാനെന്ന പേരിൽ യു.എസ് യുദ്ധക്കപ്പലുകൾ ചെങ്കടലിലും ഏദൻ കടലിടുക്കിലും എത്തിയിട്ടുണ്ട്. ഇസ്രായേൽ കപ്പലുകൾക്കു നേരെ ഹൂത്തികൾ തൊടുത്ത 15 മിസൈലുകൾ ശനിയാഴ്ച അമേരിക്കൻ കപ്പലായ യു.എസ്.എസ് കാർനി നിർവീര്യമാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡയമണ്ടും മേഖലയിലുണ്ട്.

TAGS :

Next Story