Quantcast

ട്രംപിന്റെ കുടിയേറ്റ നയം വില്ലനായോ? യുഎസില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കുറവ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 17 ശതമാനം വരെ വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-11-18 14:56:24

Published:

18 Nov 2026 7:07 PM IST

ട്രംപിന്റെ കുടിയേറ്റ നയം വില്ലനായോ? യുഎസില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കുറവ്
X

വാഷിങ്ടണ്‍: അമേരിക്കയില്‍ പഠിക്കാനെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കുറവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 17 ശതമാനം വരെ വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. വിസ ചട്ടങ്ങളിലെ മാറ്റവും ഉയര്‍ന്ന ഫീസ് നിരക്കുമാണ് അമേരിക്കയിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറയാന്‍ കാരണം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയവും അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്.

ഈ വര്‍ഷം മാത്രം യുഎസ് കോളജുകളിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആദ്യമായി യുഎസിലേക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 15 ശതമാനവും ബിരുദതലത്തില്‍ മൂന്ന് ശതമാനവും ഇടിവുണ്ടായതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ പുറത്തുവിട്ട സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. 800-ലധികം യുഎസ് സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് സര്‍വേ നടന്നത്.

ഇതില്‍ 88 ശതമാനം സ്ഥാപനങ്ങളും വിസ അപേക്ഷിക്കുന്നതിലെ നിയന്ത്രണങ്ങള്‍ തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടുന്നു. 70 ശതമാനം സ്ഥാപനങ്ങള്‍ യുഎസിലെ യാത്ര നിയന്ത്രണങ്ങള്‍ക്കെതിരെയും സംസാരിച്ചു. കൂടാതെ, പഠനശേഷം യുഎസില്‍ തന്നെ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന ചട്ടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ വിദേശ വിദ്യാര്‍ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുമെന്നും സര്‍വകലാശാലകള്‍ മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ നാല് വര്‍ഷത്തിലധികം രാജ്യത്ത് തുടരുന്നത് തടയാനായി യുഎസ് ഭരണകൂടം നിയമം പാസാക്കിയിരുന്നു. പഠനത്തിന്റെ പേരില്‍ നിരവധി വിദേശ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ തുടരുന്നുണ്ടെന്നാണ് ട്രംപ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, ഈ നിയമം കോടതി താല്‍ക്കാലികമായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതത്തെ കുറിച്ചാണ് സര്‍വകലാശാലകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

സര്‍വേ പ്രകാരം, 2025-2026 അധ്യയനവര്‍ഷത്തില്‍ യുഎസില്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 3,63,019-ല്‍ നിന്ന് 3,39,435 ആയി കുറഞ്ഞുവെന്നാണ് കണക്കുകള്‍. ബിരുദാനന്തര ബിരുദത്തിനായി പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 34 ശതമാനം ഇടിവാണ് ഉണ്ടായത്.

എന്നാല്‍ യുഎസിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇന്ത്യ ഈ റെക്കോര്‍ഡ് നിലനിര്‍ത്തുന്നത്. അതേസമയം, 254,458 വിദ്യാര്‍ഥികളെയാണ് ഈ അധ്യയനവര്‍ഷത്തില്‍ ചൈന യുഎസിലേക്ക് അയച്ചത്. എന്നാല്‍ ഇത് 2024-25നെ അപേക്ഷിച്ച് 4.3 ശതമാനം കുറവാണ്.

TAGS :

Next Story