Quantcast

അമേരിക്കയുടെ കണക്കുകൾ തെറ്റിച്ച ഇറാൻ, ട്രംപും നെതന്യാഹുവും നേരിട്ടത് വൻ തിരിച്ചടി; പശ്ചിമേഷ്യൻ രാഷ്ട്രീയയാഥാർഥ്യം വെളിപ്പെടുത്തി ടെലഗ്രാഫ്

ഒമാനുമായുള്ള കപ്പൽപാത ധാരണയ്ക്കും പുതിയ യുഎസ് സന്ദേശത്തിനും പിന്നാലെയാണ് നിർണായക നിരീക്ഷണം

MediaOne Logo
അമേരിക്കയുടെ കണക്കുകൾ തെറ്റിച്ച ഇറാൻ, ട്രംപും നെതന്യാഹുവും നേരിട്ടത് വൻ തിരിച്ചടി; പശ്ചിമേഷ്യൻ രാഷ്ട്രീയയാഥാർഥ്യം വെളിപ്പെടുത്തി ടെലഗ്രാഫ്
X

പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ ഇറാന്‍-യുഎസ് യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചുവെന്നും അമേരിക്ക പരാജയപ്പെട്ടെന്നുമുള്ള വസ്തുത നിഷേധിക്കാനാവില്ലെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദി ടെലഗ്രാഫ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ കരാറിന്റെ പശ്ചാത്തലത്തില്‍ റോളണ്ട് ഒലിഫാന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നിര്‍ണായക നിരീക്ഷണം. ഹോര്‍മുസ് കടലിടുക്കിലെ പുതിയ കപ്പല്‍പാത സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍ ഉപവിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സന്നദ്ധമെന്ന് വ്യക്തമാക്കിക്കൊണ്ട് അമേരിക്കയുടെ പുതിയ സന്ദേശം ലഭിച്ചെന്നും ഇറാന്‍ വ്യക്തമാക്കുകയുണ്ടായി. പിന്നാലെയാണ്, യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചുവെന്നത് അനിഷേധ്യമായ വസ്തുതയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ടെലഗ്രാഫ് പുറത്തുവിട്ടത്.

'ഒരു വശത്ത് അമേരിക്ക ഇപ്പോഴും ലോകത്തെ പ്രബലമായ ഒരു മഹാശക്തിയായി തുടരുന്നു. യുദ്ധത്തില്‍ എടുത്തുപറയത്തക്ക പരാജയം അവര്‍ക്ക് നേരിടേണ്ടിവന്നിട്ടുമില്ല. ആളപായവും താരതമ്യേന കുറവ്. ഇത്തരം സാഹചര്യങ്ങളില്‍ നിന്നുള്ള തിരിച്ചടികളെ വന്‍ ശക്തികള്‍ക്ക് പലപ്പോഴും എളുപ്പത്തില്‍ മറികടക്കാന്‍ സാധിച്ചേക്കും. എന്നാല്‍, ഉപയോഗിച്ചുതീര്‍ത്ത മിസൈലുകള്‍ ഭാവിയില്‍ തിരിച്ചടിയാവാനുള്ള സാധ്യതയില്ലേ? ഭാവിയില്‍ അത്യാവശ്യമായ സാഹചര്യത്തില്‍ അവര്‍ക്ക് യുദ്ധം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ എങ്ങനെയുണ്ടാകും?' റോളണ്ട് ചോദിച്ചു.

'ഇറാനെ സംബന്ധിച്ചിടത്തോളം, ആയിരക്കണക്കിന് ആളുകളുടെ ജീവഹാനിയും വര്‍ഷങ്ങളെടുത്ത് മാത്രം പരിഹരിക്കാന്‍ കഴിയുന്ന സാമ്പത്തിക-സൈനിക നാശവുമാണ് അവര്‍ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. ഇറാന്റെ വിജയം ആത്യന്തികമായ വലിയ നഷ്ടങ്ങള്‍ കൂടിയാണ്. എങ്കിലും, പറയാതെ വയ്യ. അവരുടേത് ഒരു വിജയം തന്നെയാണ്. യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചുവെന്നതും അമേരിക്ക പരാജയപ്പെട്ടുവെന്നുമുള്ള യാഥാര്‍ഥ്യം അംഗീകരിക്കാതിരിക്കാനാവില്ല'. അദ്ദേഹം വ്യക്തമാക്കി.

ആഗോളരാജ്യങ്ങളുടെ സുപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക്, ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രായേലും ആക്രമിച്ചതിനെ തുടര്‍ന്ന് ഇറാന്‍ അടച്ചുപൂട്ടിയിരുന്നു. ഇതിന് മറുപടിയെന്നോണം അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് ബദല്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. സമുദ്രപാതയിലെ സുഗമമായ ഗതാഗതം പുനസ്ഥാപിക്കാന്‍ ആര് ആദ്യം മുന്‍കൈയെടുക്കണം എന്നതിനെ ചൊല്ലി മാസങ്ങളായി അമേരിക്ക പ്രതിസന്ധിയിലായിരുന്നു.

'ഹോര്‍മുസ് അടച്ചതുവഴിയുണ്ടായ ഇന്ധന പ്രതിസന്ധി കാരണം, ഏറ്റവുമൊടുവിലത്തെ പുതിയ കരാറുമായി ബന്ധപ്പെട്ട വാര്‍ത്ത ലോകരാജ്യങ്ങള്‍ ശുഭസൂചനയായാണ് നോക്കിക്കാണുന്നത്. പേര്‍ഷ്യന്‍ കപ്പലുകളില്‍ കഴിഞ്ഞ അഞ്ച് മാസമായി ബന്ദികളാക്കപ്പെട്ട നാവികര്‍ക്ക് ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചേക്കാം. ഊര്‍ജ-നാണ്യപ്പെരുപ്പ പ്രതിസന്ധിയില്‍ നിന്ന് ലോകരാജ്യങ്ങള്‍ക്ക് പതിയെ കര കയറാനായേക്കാം. എല്ലാറ്റിനുമുപരിയായി ലോകസമാധാനം പുനസ്ഥാപിക്കുകയുമാവാം'. റോളണ്ട് കുറിച്ചു.

'യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയമായിരുന്നു കടലിടുക്കിന്റെ ഭാവി. നവംബറിലെ യുഎസ് മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ യുദ്ധം പൂര്‍ണാര്‍ത്ഥത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും, ഈ സമാധാനമായിരുന്നില്ല അമേരിക്ക മനസ്സില്‍ കണ്ടിരുന്നത്. ഇറാനെ തകര്‍ക്കുകയോ ദുര്‍ബലപ്പെടുത്തുകയോ എന്ന ലക്ഷ്യത്തിനായിരുന്നു അവര്‍ ഇറാനെ ആക്രമിച്ചിരുന്നത്. എന്നാല്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ യുഎസ് ബേസുകള്‍ ഇറാന്‍ ഉന്നംവെച്ചതോടെ ഗതി മാറി. അമേരിക്ക തോറ്റു. ഇറാന്‍ വിജയിച്ചു'. റോളണ്ട് വിശദമാക്കി.

കഴിഞ്ഞ വാരാന്ത്യത്തില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന രണ്ടാം ലോകമഹായുദ്ധ മാതൃകയിലുള്ള കനത്ത ആക്രമണം അഴിച്ചുവിടുമെന്ന് ട്രംപ് മുഴക്കിയ ഭീഷണി യുഎസിന്റെ അവസാന ശ്രമമായിരുന്നു. എന്നാല്‍, സൗദി അറേബ്യയുള്‍പ്പെടെയുള്ള അമേരിക്കയുടെ ഗള്‍ഫ് സഖ്യകക്ഷികളുടെ ഇടപെടല്‍ മൂലമാണ് അദ്ദേഹം പദ്ധതി ഉപേക്ഷിച്ചതെന്ന് പിന്നീട് വ്യക്തമായിട്ടുണ്ട്. അമേരിക്ക ആക്രമണം നടത്തിയാല്‍ അയല്‍രാജ്യങ്ങളെയും ലക്ഷ്യംവെക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

'പറഞ്ഞുവരുന്നത്, ഇറാന്‍ യുദ്ധത്തിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മികച്ച രീതിയില്‍ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം കൈയടക്കിയിരിക്കുന്നു. സഖ്യകക്ഷികളെ സ്വാധീനിക്കാനുള്ള അവരുടെ സൈനികശക്തിയും സ്വാധീനങ്ങളും മുന്‍പത്തേക്കാള്‍ ശക്തമാണ്'. റോളണ്ട് കൂട്ടിച്ചേര്‍ത്തു.

ഉറപ്പുകൾ പാലിക്കാൻ സന്നദ്ധമെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ഇറാൻ നേതാക്കൾ പുതിയ പ്രതികരണവുമായി രംഗത്തുവന്നത്. ഹോർമുസ് കടലിടുക്കിലെ പുതിയ കപ്പൽ പാത സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ ഉപവിദേശകാര്യമന്ത്രി അറിയിച്ചു. ഇത് അമേരിക്കയുമായുള്ള ധാരണാപത്രത്തിലെ അഞ്ചാം വ്യവസ്ഥയുടെ നടപ്പാക്കലല്ലെന്നും കപ്പൽപാതയുടെ ഭൂമിശാസ്ത്രപരമായ ഏകോപനം സംബന്ധിച്ച് ഉടൻ തന്നെ സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം, ഹോർമുസ് തുറക്കുകയും ആണവായുധം ഇറാൻ സ്വന്തമാക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെ അമേരിക്കൻ സൈനിക സാന്നിധ്യം ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിന് ഭീഷണിയാണെന്ന പ്രതികരണവുമായി ഇറാൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇറാഖി എയർലൈൻസ് ഉൾപ്പെടെ ഇറാൻ സേനയുമായി ബന്ധപ്പെടുത്തിയിരുന്ന മൂന്ന് സ്ഥാപനങ്ങൾക്കെതിരായ ഉപരോധം പിൻവലിക്കാൻ യുഎസ് ട്രഷറി വകുപ്പ് തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story