വെടിനിർത്തൽ ചർച്ചകൾക്കിടെ ഫലസ്തീനികളെ ഒഴിപ്പിക്കാൻ പദ്ധതിയുമായി വീണ്ടും യുഎസും ഇസ്രായേലും
ഫലസ്തീനികളുടെ മികച്ച ഭാവിക്കുവേണ്ടിയാണ് ഗസ്സയിൽനിന്ന് ഒഴിപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുന്നതെന്ന് നെതന്യാഹു

ദുബൈ: ദോഹയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ ഫലസ്തീനികളെ ഗസ്സയിൽ നിന്ന് ഒഴിപ്പിക്കാനുള്ള പദ്ധതികളുമായി വീണ്ടും ഇസ്രായേലും അമേരിക്കയും. ഗസ്സ സംഘർഷം സ്ഥിരമായി പരിഹരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സമർപ്പിച്ച പുതിയ നിർദേശം പ്രസിഡന്‍റ് ട്രംപ് പരിഗണിക്കുമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു.
താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം ഈ ആഴ്ചയെന്ന് യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് അറിയിച്ചു. ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ വ്യവസ്ഥകൾ സംബന്ധിച്ച ഭിന്നതകൾ ഗണ്യമായി കുറഞ്ഞതായും സ്റ്റിവ് വിറ്റ്കോഫ് ദോഹയിൽ പറഞ്ഞു.
താൽക്കാലിക വെടിനിർത്തൽ വൈകില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി വീണ്ടും ചർച്ച നടത്താനും ട്രംപ് തീരുമാനിച്ചു. യുദ്ധാനന്തര ഗസ്സയുടെ ഭാവി സംബന്ധിച്ചായിരിക്കും ട്രംപ്- നെതന്യാഹു ചർച്ചയെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ പോംവഴിയെന്ന നിലയിൽ ഫലസ്തീനികളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് വീണ്ടും ഇസ്രായേലും അമേരിക്കയും പരിഗണിക്കുന്നത്. ഫലസ്തീനികളെ ബലംപ്രയോഗിച്ച് ഗസ്സയിൽനിന്ന് പുറത്താക്കി മറ്റു രാജ്യങ്ങളിൽ കുടിയിരുത്തുകയെന്ന പദ്ധതി മുമ്പും ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഫലസ്തീനികളുടെ മികച്ച ഭാവിക്കുവേണ്ടിയാണ് ഇസ്രായേൽ ഗസ്സയിൽനിന്ന് അവരെ ഒഴിപ്പിക്കുന്ന നിർദേശം മുന്നോട്ടുവെക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. നെതന്യാഹു സമർപ്പിച്ചനിർദേശം ട്രംപ് പരിഗണിക്കുമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് വക്താവ് പ്രതികരിച്ചു.
മേഖലയിലെ സുഹൃദ് രാജ്യങ്ങളുമായി ഇക്കാര്യത്തിൽ ചർച്ച ആവശ്യമാണെന്നും സ്റ്റേറ്റ് വകുപ്പ് വ്യക്തമാക്കി. വെടി നിർത്തൽ ചർച്ച തുടരുന്നതിനിടെ, ഗസ്സയിൽ ആക്രമണം കൂടുതൽ ശക്തമാക്കുകയാണ് ഇസ്രായേൽ. ഇന്നലെ 79പേരാണ്കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വടക്കൻ ഗസ്സയിലെ ബൈത്ത് ഹാനൂനിൽ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ചു സൈനികർകൊല്ലപ്പെടുകയും 14 പേർക്ക് പരക്കേൽക്കുകയും ചെയ്തതിന്‍റെ നടുക്കത്തിലാണ് ഇസ്രായേൽ. ഗസ്സ ആക്രമണം 21 മാസത്തിൽ എത്തിനിൽക്കെ, ഹമാസിന്‍റെ ആക്രമണശേഷി വർധിക്കുന്നത് രാജ്യത്ത് ആശങ്കയേറ്റുകയാണ്. യുദ്ധം ഉടൻ നിർത്തി സൈനികരുടെ ജീവൻ രക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ആവശ്യപ്പെട്ടു.
Adjust Story Font
16

