ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താൽക്കാലികമായി നീക്കി യുഎസ്; 30 ദിവസത്തെ ഇളവ്
രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് യുഎസ് താൽക്കാലികമായി ഉപരോധങ്ങൾ ഒഴിവാക്കുന്നത്

വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി . ഇറാനിയൻ എണ്ണയ്ക്കുമേലുള്ള ഉപരോധങ്ങൾ അടുത്ത 30 ദിവസത്തേക്ക് ലഘൂകരിക്കുന്നതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.
അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിനായി അമേരിക്ക 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചു. ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം ഊർജ വിതരണത്തെ ബാധിച്ചതിനെത്തുടർന്ന് വിപണിയിലെ സമ്മർദം കുറയ്ക്കാനാണ് ഈ നീക്കം. മാർച്ച് 20 മുതൽ ഏപ്രിൽ 19 വരെ കപ്പലുകളിൽ കയറ്റിയ ഇറാനിയൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വിൽക്കാൻ അനുവദിക്കുന്ന ഒരു പൊതു ലൈസൻസ് പുറപ്പെടുവിച്ചതായി ട്രഷറി ഡിപ്പാർട്ട്‌മെന്‍റിന്‍റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ലൈസൻസിൽ പറയുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാം തവണയാണ് യുഎസ് താൽക്കാലികമായി ഉപരോധങ്ങൾ ഒഴിവാക്കുന്നത്. റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധങ്ങൾ യുഎസ് നേരത്തെ ലഘൂകരിച്ചിരുന്നു. "ലോകത്തിനായി നിലവിലുള്ള ഈ വിതരണശൃംഖല താൽക്കാലികമായി തുറന്നുകൊടുക്കുന്നതിലൂടെ, ഏകദേശം 140 ദശലക്ഷം ബാരൽ എണ്ണ അമേരിക്ക അതിവേഗം ആഗോള വിപണിയിലെത്തിക്കും. ഇത് ലോകമെമ്പാടുമുള്ള ഊർജ ലഭ്യത വർധിപ്പിക്കുകയും, ഇറാൻ കാരണം വിതരണത്തിലുണ്ടായ താൽക്കാലിക സമ്മർദങ്ങൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും" ബെസെന്‍റ് എക്സിൽ കുറിച്ചു.
യുക്രൈൻ അധിനിവേശത്തിനെതിരെ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാൻ ട്രംപ് കഴിഞ്ഞ നവംബറിൽ റഷ്യൻ എണ്ണക്കമ്പനികളായ ലുക്കോയിൽ (Lukoil), റോസ്‌നെഫ്റ്റ് (Rosneft) എന്നിവയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ആഗോള എണ്ണ വിതരണത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ ഇന്ധന ലഭ്യത കടുത്ത പ്രതിസന്ധിയിലാണ്.നേരത്തെ ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് ട്രഷറി വകുപ്പ് അനുമതി നൽകിയിരുന്നു.
Adjust Story Font
16

