Quantcast

'ഇസ്രായേലി താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു'; ജോർദൻ, ഈജിപ്ത്, ലബനൻ മുസ്‌ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

ലോകത്തെമ്പാടുമുള്ള ഇസ്രായേലിന്റെ എതിരാളികൾക്കെതിരായ നടപടികൾ അമേരിക്ക ശക്തമാക്കുന്നതിനിടെയാണ് മുസ്‌ലിം ബ്രദർഹുഡ് സംഘടനകളെ അമേരിക്ക ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കുന്നത്.

MediaOne Logo
ഇസ്രായേലി താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു; ജോർദൻ, ഈജിപ്ത്, ലബനൻ മുസ്‌ലിം ബ്രദർഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക
X

വാഷിങ്ടണ്‍: ഇസ്രായേലി താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോർദൻ, ഈജിപ്ത്, ലബനൻ എന്നീ രാജ്യങ്ങളിലെ മുസ്‌ലിം ബ്രദർഹുഡിന്റെ വിവിധ ശാഖകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് അമേരിക്ക. ലോകത്തെമ്പാടുമുള്ള ഇസ്രായേലിന്റെ എതിരാളികൾക്കെതിരായ നടപടികൾ അമേരിക്ക ശക്തമാക്കുന്നതിനിടെയാണ് മുസ്‌ലിം ബ്രദർഹുഡ് സംഘടനകളെ അമേരിക്ക ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കുന്നത്. ജോർദാനിലെയും ഈജിപ്തിലെയും ഗ്രൂപ്പുകളെ 'പ്രത്യേകം നിയോഗിച്ച ആഗോള ഭീകരർ' എന്നാണ് യുഎസ് ട്രഷറി മുദ്രകുത്തിയത്.

അതേസമയം മുസ്‌ലിം ബ്രദർഹുഡിൻ്റെ ലെബനീസ് വിഭാഗത്തെ ആഗോള ഭീകര സംഘടന(എഫ്ടിഒ) കരിമ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടിവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പ് വച്ചിരുന്നു. ഹമാസിനുള്ള പിന്തുണയും പശ്ചിമേഷ്യയിലെ ഇസ്രായേലി താൽപ്പര്യങ്ങൾക്കെതിരായ പ്രവർത്തനങ്ങളുമാൻണ് മുസ്‌ലിം ബ്രദർഹുഡിനെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നിലെ കാരണമായി ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്. നിയമാനുസൃത പൗര സംഘടനകളാണെന്ന് അവകാശപ്പെടുകയും, അതേസമയം, തിരശ്ശീലയ്ക്ക് പിന്നിൽ, അവർ ഹമാസ് പോലുള്ളവരെ വളരെ ആവേശത്തോടെ പിന്തുണക്കുന്നുവെന്നുമാണ് യുഎസ് ട്രഷറി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

അതേസമയം അമേരിക്കയുടെ നീക്കത്തിനെതിരെ ഈജിപ്ഷ്യൻ മുസ്‌ലിം ബ്രദർഹുഡിന്റെ ആക്ടിംഗ് ജനറൽ ഗൈഡ് സലാഹ് അബ്ദുൽ ഹഖ് രംഗത്ത് എത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകളെ ദ്രോഹിക്കുന്ന ഈ തീരുമാനത്തെ മറികടക്കാൻ നിയമപരമായ എല്ലാ വഴികളും തേടുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെയും യുഎഇയുടെയും സമ്മർദമാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നിലെന്നും അബ്ദുൽ ഹഖ് വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവെന്നതും ധനസഹായം നൽകിയെന്നതുള്‍പ്പെടെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്നും അല്‍ജസീറയോട് അദ്ദേഹം പ്രതികരിച്ചു. അതേസമയം ലബനനിൽ മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന പേരിൽ സംഘടനയില്ല. അൽ ജമാഅ അൽ ഇസ്‌ലാമിയ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ലബനീസ് രാഷ്ട്രീയ സാമൂഹിക സ്ഥാപനമാണത്.

മുസ്‌ലിം ബ്രദർഹുഡ്

മുസ്‌ലിം ലോകത്ത് അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാണ് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്). ഈജിപ്ഷ്യൻ മുസ്‌ലിം പണ്ഡിതൻ ഹസനുല്‍ ബന്ന 1928ല്‍ സ്ഥാപിച്ചതാണ് മുസ്‌ലിം ബ്രദർഹുഡ്. മിഡിൽ ഈസ്റ്റിലുടനീളം രാഷ്ട്രീയപ്പാര്‍ട്ടികളായും വിവിധ സാമൂഹിക സന്നദ്ധ സംഘടനകളായുമൊക്കെ വലിയ ശൃംഖല തന്നെ സംഘടനയ്ക്കുണ്ട്. സമാധാനപരമായി രാഷ്ട്രീയ നിര്‍മ്മാണത്തിലും പങ്കാളിത്തത്തിലും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് മുസ്‌ലിം ബ്രദർഹുഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പറയുന്നത്.

ലെബനനിലെ മുസ്‌ലിം ബ്രദർഹുഡ് വിഭാഗം, അൽജമാഅ അൽ ഇസ്‌ലാമിയ എന്നാണറയിപ്പെടുന്നത്. ലെബനൻ പാർലമെന്റിനെ സംഘടന പ്രതിനിധീകരിക്കുന്നുമുണ്ട്. പതിറ്റാണ്ടുകളായി നിയമപ്രകാരം പരസ്യമായി തന്നെ പ്രവർത്തിക്കുന്ന ലെബനീസ് രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനമാണിതെന്നാണ് അൽ ജമാഅ അൽ ഇസ്‌ലാമിയ വ്യക്തമാക്കുന്നത്. ലെബനനിലേയോ അല്ലെങ്കിൽ അന്താരാഷ്ട്ര നീത്യനായ വ്യവസ്ഥയുടേയോ അടിസ്ഥാനമാക്കിയുള്ളതല്ല അമേരിക്കയുടെ നടപടിയെന്നും ലെബനലിലെ നിയമങ്ങളാണ് തങ്ങള്‍ക്ക് ബാധകമാകുകയെന്നും സംഘടന വ്യക്തമാക്കുന്നു.

ജോർദാനിൽ, 2024ലെ തെരഞ്ഞെടുപ്പിൽ അവരുടെ രാഷ്ട്രീയ വിഭാഗമായ ഇസ്‌ലാമിക്‌ ആക്ഷൻ ഫ്രണ്ടിലൂടെ ഈ സംഘം 31 പ്രതിനിധി സഭ സീറ്റുകളാണ് നേടിയത്.

2012ലെ ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്‌ലിം ബ്രദർഹുഡ് നേടിയ അട്ടിമറി വിജയം ശ്രദ്ധേയമായിരുന്നു. അങ്ങനെ ഈജിപ്തിന്റെ ചരിത്രത്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡിന്റായി മുഹമ്മദ് മുര്‍സി. ഇഖ്‌വാനുൽ മുസ്‌ലിമൂന് കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനായിരുന്നു അദ്ദേഹം. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ചാണ് മുര്‍സി മത്സരിച്ചിരുന്നത്.

മുസ്‌ലിം ബ്രദര്‍ഹുഡിലൂടെയാണ് മുര്‍സിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എന്നാൽ ഒരു വർഷത്തിനുശേഷം സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് മുഹമ്മദ് മുർസി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. 2019ൽ ജയിലിൽ വെച്ചാണ് അദ്ദേഹം മരിക്കുന്നത്. 2013ല്‍ സൈനിക മേധവി ഫത്താഹ് അല്‍സീസിയാണ് മുര്‍സിയെ അട്ടിമറിക്കുന്നത്. അതിന് ശേഷം മുസ്‌ലിം ബ്രദർഹുഡിനെ നിരോധിക്കുകയും ഗ്രൂപ്പിന്റെ നേതാക്കൾക്കും അംഗങ്ങൾക്കുമെതിരെ വ്യാപകമായ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ സംഘടനയുടെ പ്രവര്‍ത്തനം രഹസ്യമായി.

TAGS :

Next Story