'എവിടെ ഒളിച്ചാലും കണ്ടെത്തി കൊല്ലും': സിറിയയിൽ ഐഎസ് കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം നടത്തി യുഎസ്
കഴിഞ്ഞ വർഷം ഡിസംബർ 13ന് പാല്മിറയിൽ നടന്ന ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടിരുന്നു.

- Published:
11 Jan 2026 11:38 AM IST

ദമാസ്കസ്: സിറിയയില്‍ വ്യോമാക്രമണം നടത്തി യുഎസ്. ഐഎസ് സംഘടനയുടെ വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് ആക്രമണം. ‘ഓപ്പറേഷൻ ഹോക്ക് ഐ സ്ട്രൈക്ക്’ എന്നാണ് ഐഎസിനെതിരായ ആക്രമണത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 13ന് പാല്മിറയിൽ നടന്ന ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് പുതിയ ആക്രമണങ്ങൾ. ശനിയാഴ്ച രാത്രിയാണ് ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള യുഎസിന്റെ നീക്കം.
" ഞങ്ങളുടെ സന്ദേശം ശക്തമാണ്. നിങ്ങൾ ഞങ്ങളുടെ പോരാളികളെ ഉപദ്രവിച്ചാൽ, നീതിയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ എത്ര ശ്രമിച്ചാലും ലോകത്തെവിടെയായാലും ഞങ്ങൾ നിങ്ങളെ കണ്ടെത്തി കൊല്ലും''- യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രസ്താവനയോടൊപ്പമുള്ള ഏരിയൽ വീഡിയോയില്‍ വ്യത്യസ്ത സ്ഫോടനങ്ങൾ കാണിക്കുന്നുണ്ട്. വീഡിയോ എക്സില്‍ പങ്കുവെക്കുകയും ചെയ്തു. അതെസമയം യുഎസ്സിന്റെ ഈ ആക്രമണങ്ങളിൽ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചോ എന്ന് വ്യക്തമല്ല. ഇക്കാര്യം സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
ഈ ആക്രമണങ്ങളിൽ സഖ്യ സേനയിലെ സൈനിക വിഭാഗങ്ങൾ പങ്കെടുത്തതായി പറയുന്നുണ്ടെങ്കിലും ഏതൊക്കെ രാജ്യത്തിന്റെ സേനകളാണ് വ്യക്തമാക്കിയിട്ടില്ല. ഡിസംബർ 19 നും സിറിയയിൽ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. മധ്യ സിറിയയിലുടനീളമുള്ള 70 ഐഎസ് കേന്ദ്രങ്ങളാണ് യുഎസ് അന്ന് ലക്ഷ്യമിട്ടത്. വർഷങ്ങളായി സിറിയയിൽ ഐഎസിനെതിരായ പോരാട്ടത്തിൽ കുർദ്ദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സാണ് യുഎസിൻ്റെ പ്രധാന പങ്കാളി. എന്നാൽ 2024 ഡിസംബറിൽ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ പുറത്താക്കിയതിനുശേഷം, സിറിയൻ ഔദ്യോഗിക സർക്കാരുമായി ചേർന്നാണ് യുഎസ് ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം അവസാനം സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറ വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ ഐഎസിന് എതിരായ പോരാട്ടത്തില്‍ യുഎസിനൊപ്പം നില്‍ക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഐഎസ്ഐഎൽ നേതാവായ തഹ അൽ-സൂബിയെ ദമാസ്കസിലെ ഒരു ഗ്രാമപ്രദേശത്ത് വെച്ച് അറസ്റ്റ്ചെയ്തതായി സിറിയൻ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ആയിരത്തിലധികം യുഎസ് സൈനിക ഉദ്യോഗസ്ഥരെങ്കിലും ഇപ്പോഴും സിറിയയിലുണ്ട്.
Adjust Story Font
16
