'ഞാന്‍ സമ്പന്നനാണ്, പിഴയെനിക്ക് പ്രശ്നമില്ല'; വംശനാശഭീഷണി നേരിടുന്ന സീലിനെ കല്ലെറിഞ്ഞ യുഎസ് പൗരനെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ
ഹവായിയിലെ ജനങ്ങൾക്ക് 'ലാനി' എന്ന ഈ സീൽ അതിജീവനത്തിന്റെ അടയാളമാണ്

- Published:
15 May 2026 7:49 AM IST

ഹൊനോലുലു: ഹവായിയിലെ മൗയിയിൽ വംശനാശഭീഷണി നേരിടുന്ന ഹവായിയൻ മോങ്ക് സീലിനെ കല്ലെറിഞ്ഞ സംഭവത്തിൽ വാഷിംഗ്ടൺ സ്വദേശിയായ യുവാവിനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. കോവിംഗ്ടൺ സ്വദേശിയായ ഇഗോർ മൈഖൈലോവിച്ച് ലിറ്റ്‌വിൻചുക് (38) ആണ് പിടിയിലായത്.
കഴിഞ്ഞ വർഷം കാട്ടുതീയിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ച മൗയിയിലെ ലഹൈനയ്ക്ക് സമീപമാണ് സംഭവം നടന്നത്. തീരത്തിനടുത്ത് നീന്തിക്കൊണ്ടിരുന്ന 'ലാനി' എന്ന് നാട്ടുകാർ വിളിക്കുന്ന സീലിന് നേരെ ലിറ്റ്‌വിൻചുക് തേങ്ങയുടെ വലിപ്പമുള്ള വലിയ കല്ല് എറിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ അധികൃതർക്ക് കൈമാറി. കല്ല് സീലിന്റെ തലയിൽ കൊണ്ടില്ലെങ്കിലും, സീലിനെ വല്ലാതെ പരിഭ്രാന്തിയിലാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയിൽ, ഒരാൾ ഒരു വലിയ കല്ല് കൈയ്യിൽ പിടിക്കുകയും കൃത്യമായി ഉന്നംപിടിച്ച് അത് സീലിന് നേരെ എറിയുന്നതും കാണാമെന്ന് പരാതിയിൽ പറയുന്നു. സംഭവസ്ഥലത്ത് വെച്ച് ചോദ്യം ചെയ്തപ്പോൾ, താൻ "സമ്പന്നനാണെന്നും എത്ര പിഴ വേണമെങ്കിലും അടയ്ക്കാൻ തയ്യാറാണെന്നും" പറഞ്ഞ് ഇയാൾ ഈ ക്രൂരതയെ നിസ്സാരവൽക്കരിച്ചതായി പരാതിയിൽ പറയുന്നു.
വംശനാശഭീഷണി നേരിടുന്ന ജീവിയെ ഉപദ്രവിച്ചതിനാണ് ലിറ്റ്‌വിൻചുക്കിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ കടുത്ത ശിക്ഷയാണ് ഇയാളെ കാത്തിരിക്കുന്നത്. ഓരോ വകുപ്പിലും ഒരു വർഷം വരെ തടവ് ലഭിക്കാം. എൻഡേഞ്ചർഡ് സ്പീഷീസ് ആക്ട് പ്രകാരം 50,000 ഡോളർ വരെയും, മറൈൻ മാമൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം 20,000 ഡോളർ വരെയും പിഴ ഈടാക്കാം. ഹവായിയിലെ ജനങ്ങൾക്ക് 'ലാനി' എന്ന ഈ സീൽ അതിജീവനത്തിന്റെ അടയാളമാണ്. നിലവിൽ ലോകത്താകെ 1,600-ൽ താഴെ ഹവായിയൻ മോങ്ക് സീലുകൾ മാത്രമാണ് അവശേഷിക്കുന്നത്.
ഇത്തരം വന്യജീവികളെ ഉപദ്രവിക്കുന്നത് ഗൗരവകരമായി കാണുമെന്ന് മൗയി മേയർ റിച്ചാർഡ് ബിസ്സെൻ മുന്നറിയിപ്പ് നൽകി. ലഹൈനയിലെ കാട്ടുതീക്ക് ശേഷം 'ലാനി' എന്ന ഈ സീൽ വീണ്ടും പ്രത്യക്ഷപ്പെട്ടത് ദുരന്തത്തിൽ നിന്നും കരകയറുന്ന അവിടുത്തെ താമസക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഹൊനോലുലുവിലെ യുഎസ് അറ്റോർണിയെ ബന്ധപ്പെട്ടതായും മേയർ വെളിപ്പെടുത്തി.
Adjust Story Font
16
