ഇറാനിൽ കരയുദ്ധത്തിന് അമേരിക്ക, ശവപ്പെട്ടിയിൽ മടങ്ങേണ്ടി വരുമെന്ന് ഇറാൻ; പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ
ഖാർഗ് ദ്വീപും ഹോർമുസ് കടലിടുക്കും പിടിച്ചെടുക്കാനാണ് ഈ സൈനിക നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.

- Published:
29 March 2026 1:38 PM IST

വാഷിംഗ്‌ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി രൂക്ഷമാക്കി ഇറാനിൽ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'വാഷിങ്ടൺ പോസ്റ്റ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്. പൂർണമായ തോതിലുള്ള സൈനിക അധിനിവേശത്തിന് പകരം, പ്രത്യേക സേനാ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങൾക്കാണ് പെന്റഗൺ പദ്ധതിയിടുന്നത്. ഇറാന്റെ തന്ത്രപ്രധാന മേഖലയായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും, ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുമാണ് ഈ ഓപ്പറേഷനിലൂടെ അമേരിക്കൻ സൈന്യം ലക്ഷ്യമിടുന്നത്. എന്നാൽ കരയാക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ അനുമതി നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
യുദ്ധസമാനമായ സാഹചര്യങ്ങൾ മുൻനിർത്തി അമേരിക്ക പശ്ചിമേഷ്യൻ തീരത്ത് സൈനിക വിന്യാസം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 3500ഓളം സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പടക്കപ്പൽ മേഖലയിലെത്തിക്കഴിഞ്ഞു. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളും മറ്റ് അത്യാധുനിക യുദ്ധോപകരണങ്ങളും സൈനിക വാഹനങ്ങളും ഈ കപ്പലിലുണ്ട്. ഇതിനുപുറമെ, യുഎസ്എസ് ജോർജ് ബുഷ് എന്ന പടക്കപ്പലും ഉടൻ തന്നെ ഗൾഫ് തീരത്തെത്തുമെന്നാണ് സൂചന.
അതേസമയം, അമേരിക്കൻ സൈനിക നീക്കത്തിനെതിരെ അതിശക്തമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. ഇറാന്റെ മണ്ണിൽ കാലുകുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിൽ മടങ്ങേണ്ടി വരുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. തങ്ങളുടെ വ്യോമപരിധി ലംഘിച്ച അമേരിക്കയുടെ എംക്യു-9 നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായും എഫ്-16 യുദ്ധവിമാനത്തെ ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ, ഇറാനിലെ സർവകലാശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി, പശ്ചിമേഷ്യയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സർവകലാശാലകളെ ലക്ഷ്യമിടുമെന്ന് ഇറാൻ റെവല്യൂഷനറി ഗാർഡും ഭീഷണി മുഴക്കി.
മേഖലയിലെ മറ്റ് ഭാഗങ്ങളിലും സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. യമനിലെ ഹൂതികൾ ഇസ്രായേലിലേക്ക് വീണ്ടും മിസൈലാക്രമണങ്ങൾ നടത്തി. ദക്ഷിണ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇതിനിടെ, വിവിധ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന് നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
അന്താരാഷ്ട്ര തലത്തിൽ സംഘർഷം പുകയുമ്പോൾ, ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ ആക്രമണത്തിനും കുടിയേറ്റ വിരുദ്ധ നയങ്ങൾക്കുമെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധമാണ് അലയടിക്കുന്നത്. ഭരണകൂടത്തിനെതിരെ 'നോ കിങ്‌സ്' എന്ന പേരിൽ രാജ്യത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധ റാലികളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്.
Adjust Story Font
16
