'യുഎസ് സൈന്യത്തെ കാത്തിരിക്കുന്നത് തീക്കളി, നേരിടാൻ ഞങ്ങൾ തയ്യാർ': ഇറാൻ പാർലമെന്റ് സ്പീക്കർ
യുഎസ് സൈനികർ ഇറാൻ മണ്ണിൽ കാലുകുത്താനായി തങ്ങൾ കാത്തിരിക്കുകയാണ്. അവരെ നേരിടാൻ സൈന്യം സജ്ജമാണ്.

- Updated:
2026-03-29 09:53:55.0

തെഹ്റാന്‍: ഒരുവശത്ത് ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും മറുവശത്ത് രഹസ്യമായി അധിനിവേശത്തിന് പദ്ധതിയിടുകയും ചെയ്യുന്ന അമേരിക്കൻ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍. അമേരിക്കൻ കരസേനയുടെ വരവിനായി തങ്ങളുടെ സൈന്യം കാത്തിരിക്കുകയാണെന്നും അവരെ അഗ്നിക്കിരയാക്കാൻ ഇറാൻ മടിക്കില്ലെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. ഇറാനിയൻ വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
'അമേരിക്ക, പരസ്യമായി ചർച്ചയുടെ സന്ദേശങ്ങൾ അയക്കുന്നു, എന്നാൽ രഹസ്യമായി കരയാക്രമണത്തിന് പദ്ധതിയിടുന്നു'- ഗാലിബാഫ് കുറ്റപ്പെടുത്തി. യുഎസ് സൈനികർ ഇറാൻ മണ്ണിൽ കാലുകുത്താനായി തങ്ങൾ കാത്തിരിക്കുകയാണ്. അവരെ നേരിടാൻ സൈന്യം സജ്ജമാണ്. ചർച്ചകൾക്ക് തയ്യാറാണെന്ന് പറയുന്ന ഡൊണാൾഡ് ട്രംപ് അണിയറയിൽ ആക്രമണത്തിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇറാനിൽ ആഴ്ചകൾ നീണ്ടുനിൽക്കാവുന്ന കരയുദ്ധത്തിനുള്ള പദ്ധതികൾ പെന്റഗൺ തയ്യാറാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ 3,500 സൈനികരടങ്ങുന്ന 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റ് മിഡിൽ ഈസ്റ്റിൽ എത്തിയതായി അമേരിക്കൻ സൈന്യം തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. കപ്പൽ മാർഗ്ഗമാണ് ഇവർ മേഖലയിൽ എത്തിയിരിക്കുന്നത്.
നിലവിൽ വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ, യുഎസ് സൈന്യം നേരിട്ട് ഇറാനിലേക്ക് പ്രവേശിക്കുമോ എന്നത് സംബന്ധിച്ച് വലിയ ആശങ്കയാണ് അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ആഹ്വാനവുമായാണ് ഇപ്പോൾ ഇറാൻ രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16
