Quantcast

പോളണ്ടിലേക്ക് 5,000 സൈനികരെ വിന്യസിക്കാൻ അമേരിക്ക; യൂറോപ്പിൽ ട്രംപിന്റെ പുതിയ ഗെയിം പ്ലാൻ?

നിലവിൽ ജർമനിക്ക് ശേഷം യൂറോപ്പിൽ ഏറ്റവും കൂടുതൽ അമേരിക്കൻ സൈനികർ നിലയുറപ്പിച്ചിട്ടുള്ള രാജ്യമാണ് പോളണ്ട്

MediaOne Logo
പോളണ്ടിലേക്ക് 5,000 സൈനികരെ വിന്യസിക്കാൻ അമേരിക്ക; യൂറോപ്പിൽ ട്രംപിന്റെ പുതിയ ഗെയിം പ്ലാൻ?
X

വാഴ്‌സ: പോളണ്ടിലേക്ക് 5000 അമേരിക്കൻ സൈനികരെ കൂടി അധികമായി വിന്യസിക്കുമെന്നാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ജർമനിക്ക് ശേഷം യൂറോപ്പിൽ ഏറ്റവും കൂടുതൽ അമേരിക്കൻ സൈനികർ നിലയുറപ്പിച്ചിട്ടുള്ള രാജ്യമാണ് പോളണ്ട്. പുതിയ പോളണ്ട് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കരോൾ നാവ്‌റോക്കിയുമായുള്ള അമേരിക്കയുടെ അടുത്ത ബന്ധമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാണിക്കുന്നത്.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളിൽ യൂറോപ്പിലെ നാറ്റോ സഖ്യരാജ്യങ്ങൾക്കിടയിൽ വലിയ ഭിന്നതകളുണ്ട്. പ്രത്യേകിച്ചും ജർമനി ഈ വിഷയത്തിൽ അമേരിക്കയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ എതിർപ്പുകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും പിന്നാലെ ജർമനിയിൽ നിന്ന് 5000 അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്ന് ട്രംപ് ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനു പകരമായാണോ പോളണ്ടിലേക്ക് പുതിയ സൈന്യത്തെ വിന്യസിക്കുന്നത് എന്ന കാര്യത്തിൽ പെൻ്റഗൺ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അമേരിക്കയുടെ മാറിമറിയുന്ന ഈ തീരുമാനങ്ങൾ സ്വീഡൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ പ്രതിരോധ നയങ്ങളെക്കുറിച്ച് വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം, അമേരിക്കയുടെ പുതിയ പ്രഖ്യാപനത്തെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ സ്വാഗതം ചെയ്തു. നാറ്റോയുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതിരോധ കാര്യങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയെ മാത്രം ആശ്രയിക്കുന്ന രീതി കുറച്ചുകൊണ്ടുവരേണ്ടതുണ്ടെന്നും സ്വന്തം നിലയിൽ പ്രതിരോധം ശക്തമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. നാറ്റോയുടെ കിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പോളണ്ട്, റഷ്യ, യുക്രൈൻ, ബെലാറസ് എന്നിവയുമായി അതിർത്തി പങ്കിടുന്നുണ്ട്. കൂടാതെ ബാൾട്ടിക് രാജ്യങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ 'സുവൽക്കി ഗ്യാപ്പ്' സംരക്ഷിക്കുന്നതും പോളണ്ടാണ്. ഇതിനാൽ പോളണ്ടിന്റെ സുരക്ഷ നാറ്റോയ്ക്ക് വളരെ നിർണായകമാണ്.

മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രതിരോധ ചെലവുകൾ വലിയ തോതിൽ വർധിപ്പിക്കുന്ന രാജ്യമാണ് പോളണ്ട്. ജിഡിപിയുടെ അഞ്ച് ശതമാനം പ്രതിരോധത്തിനായി മാറ്റിവെക്കണമെന്ന ട്രംപിന്റെ നിർദേശത്തിലേക്ക് പോളണ്ട് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമായി എഫ്-35 യുദ്ധവിമാനങ്ങൾ, അബ്രാംസ് ടാങ്കുകൾ, അപ്പാച്ചെ ഹെലികോപ്റ്ററുകൾ തുടങ്ങിയവ വൻതോതിൽ വാങ്ങി തങ്ങളുടെ സൈനിക ശക്തി വർധിപ്പിക്കുകയാണ് പോളണ്ടിപ്പോൾ. ഈ സൈനിക മുന്നേറ്റങ്ങൾക്കൊപ്പം അമേരിക്കയുടെ കൂടുതൽ പിന്തുണ കൂടി ലഭിക്കുന്നതോടെ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ശക്തികളിലൊന്നായി പോളണ്ട് മാറുകയാണ്.

TAGS :

Next Story