Quantcast

സിറിയയിലും ഇറാഖിലും അമേരിക്കൻ യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത് 85 കേന്ദ്രങ്ങൾ; ​മരണം 18

തുർക്കി ആസ്ഥാനമായ എണ്ണക്കമ്പനിയുടെ 108 മില്യൺ ഡോളർ പിടിച്ചെടുത്തതായും അമേരിക്ക അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-03 09:30:22.0

Published:

3 Feb 2024 6:44 AM GMT

iraq syria attack by us
X

ഇറാൻ അനുകൂല സൈനിക വിഭാഗങ്ങൾക്കെതിരെ സിറിയയിലും ഇറാഖിലുമായി ഏഴ് സ്ഥലങ്ങളിലെ 85 കേന്ദ്രങ്ങൾക്ക് നേരെയാണ് വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്ന് അമേരിക്ക. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു ആക്രമണങ്ങൾ. ഇറാൻ പിന്തുണക്കുന്ന സായുധ സംഘങ്ങളെയും അമേരിക്ക ലക്ഷ്യമിട്ടു.

അയ്യാശ്​ നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ്​ ആക്രമണം നടന്നത്. 18 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 125 ബോംബുകളാണ് അര മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിനിടെ വർഷിച്ചത്.

ഇറാൻ പിന്തുണയുള്ള സേനയാണ് ഞായറാഴ്ച ജോർദാനിൽ ആക്രമണം നടത്തിയതെന്ന് ​അമേരിക്കൻ സേന കുറ്റപ്പെടുത്തിയിരുന്നു. യു.എസ് സേനയെ ആക്രമിക്കാൻ ഇറാൻ റെവല്യൂഷനറി ഗാർഡും അവർ പിന്തുണക്കുന്ന സേനകളും ഉപയോഗിക്കുന്ന ഇറാഖിലെയും സിറിയയിലെയും ലക്ഷ്യസ്ഥാനങ്ങൾ തന്റെ നിർദേശപ്രകാരം തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പശ്ചിമേഷ്യയിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ ഞങ്ങൾ സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ, തങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന എല്ലാവരോടും പ്രതികരിക്കുമെന്നും ബൈഡൻ പറഞ്ഞു.

അമേരിക്കയിൽനിന്ന് പുറപ്പെട്ട ലോങ് റേഞ്ച് ബോംബറുകൾ ഉൾപ്പെടുന്ന നിരവധി വിമാനങ്ങൾ ഉപയോഗിച്ച് 85ലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി യു.എസ് സെൻ​ട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. 125ലധികം കൃത്യതയാർന്ന യുദ്ധോപകരണങ്ങളാണ് വ്യോമാക്രമണത്തിൽ ഉപയോഗിച്ചത്. കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങളും ഇന്റലിജൻസ് കേന്ദ്രങ്ങളും മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും അമേരിക്കയെയും സഖ്യസേനയെയും ആക്രമിക്കുന്ന കേന്ദ്രങ്ങളുമാണ് ലക്ഷ്യംവെച്ചതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണത്തിൽ 18 ഇറാൻ അനുകൂല പോരാളികളെങ്കിലും കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് വാർ മോണിറ്റർ അറിയിച്ചു. ഇറാനിയൻ അനുകൂല സംഘങ്ങൾ താമസിക്കുന്ന 26 പ്രധാന കേന്ദ്രങ്ങളെങ്കിലും സിറിയയിൽ നശിപ്പിച്ചതായും വാർ മോണിറ്റർ മേധാവി റാമി അബ്ദുൽ റഹ്മാൻ പറഞ്ഞു.

ആക്രമണം ഏകദേശം 30 മിനിറ്റ് നീണ്ടുനിന്നതായി യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നാശനഷ്ടങ്ങൾ പ്രതിരോധ വകുപ്പ് വിലയിരുത്തുകയാണെന്നും ദൗത്യം വിജയകരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമാക്രമണത്തിന് പുറമെ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ സൈബർ വിങ്ങിനെ ലക്ഷ്യമിട്ട് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡിന്റെ സൈബർ ഇലക്‌ട്രോണിക് കമാൻഡിലെ ആറ് ഉദ്യോഗസ്ഥർക്കും ഇറാൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ സംവിധാനങ്ങൾക്ക് സാമഗ്രികൾ നൽകുന്ന ഇറാൻ, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖല എന്നിവക്കാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെൻറ് പ്രസ്താവനയിൽ അറിയിച്ചു.

ഇതിന് പുറമെ റെവല്യൂഷണറി ഗാർഡിന്റെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന് ധനസഹായം നൽകുന്നുവെന്നാരോപിച്ച് തുർക്കി ആസ്ഥാനമായ എണ്ണക്കമ്പനിയുടെ 108 മില്യൺ ഡോളർ പിടിച്ചെടുത്തതായും യു.എസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച ജോർദാനിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാഖിലെ ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

TAGS :

Next Story