ഹോർമുസിൽ ഭീതി പരത്തി യുഎസ് യുദ്ധകപ്പൽ; യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ്
ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും സൈനിക ഇടപെടൽ ഉണ്ടായാൽ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഇറാൻ

- Updated:
2026-04-14 04:38:40.0

വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം തുടരുന്നു. യുഎസ്എസ് ട്രിപോളി കപ്പൽ കടലിൽ നിലയുറപ്പിച്ചതായും നിരവധി F-35 യുദ്ധവിമാനങ്ങൾ കപ്പലിൽ സജ്ജമാക്കിയതായും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും സൈനിക ഇടപെടൽ ഉണ്ടായാൽ അത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനിടെ ഇസ്രയേൽ, ലബനാൻ ചർച്ച ഇന്ന് അമേരിക്കയിൽ നടക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചർച്ചയിൽ പങ്കെടുക്കും. ദക്ഷിണ ലബനനിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. എന്നാല്‍ ചർച്ച പ്രഹസനമാണെന്നാണ് ഹിസ്ബുല്ലയുടെ വിമർശനം.
ഇറാനിലേക്കുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയാൻ യുഎസ് നാവികസേനയ്ക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവ് നൽകിയിട്ടുണ്ട്. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഉപരോധം കടുപ്പിക്കാൻ ട്രംപ് തീരുമാനിച്ചത്. എങ്കിലും ഒരു ഒത്തുതീർപ്പിന് ഇപ്പോഴും സാധ്യതകളുണ്ടെ്നന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന അമേരിക്കയുടെ നടപടി 'കടൽക്കൊള്ള'യാണെന്ന് ഇറാൻ വ്യക്തമാക്കി. തങ്ങളുടെ തുറമുഖങ്ങൾ തടഞ്ഞാൽ മേഖലയിലെ മറ്റ് തുറമുഖങ്ങളും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ഗതാഗതത്തെ ഉപരോധം ബാധിക്കില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിട്ടുണ്ടെങ്കിലും, മേഖലയിൽ കനത്ത യുദ്ധഭീതിയാണ് നിലനിൽക്കുന്നത്. ഉപരോധം ലംഘിക്കുന്ന കപ്പലുകളെ നേരിടുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Adjust Story Font
16
