അപ്പസ്തോലിക് ലൈബ്രറിയിൽ മുസ്‌ലിംകൾക്കായി നമസ്കാര മുറിയൊരുക്കി വത്തിക്കാൻ
ഹീബ്രു, അറബിക്, എത്യോപ്യൻ, ചൈനീസ് ഭാഷകളിലുള്ള ഖുർആനുകളുടെ അമൂല്യ ശേഖരങ്ങൾ അപ്പസ്തോലിക് ലൈബ്രറിയിലുണ്ട്.

Photo| Special Arrangement
വത്തിക്കാൻ സിറ്റി: നൂറ്റാണ്ടുകൾ പഴക്കമുള്ള ലോകപ്രസിദ്ധമായ അപ്പസ്തോലിക് ലൈബ്രറിയിൽ മുസ്‌ലിംകൾക്കായി നമസ്കാര മുറി തുറന്ന് വത്തിക്കാൻ. 500 വർഷം പഴക്കമുള്ള അപ്പസ്തോലിക് ലൈബ്രറി ലോകത്തെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥശാലകളിൽ ഒന്നാണ്. ഇവിടെയാണ് മുസ്‌ലിം പണ്ഡിതർക്കായി പ്രാർഥനാ മുറി ഒരുക്കിയിരിക്കുന്നത്.
'വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി സന്ദർശിച്ച മുസ്‌ലിം പണ്ഡിതർ അവിടെ ഒരു പ്രാർഥനാ മുറി വേണമെന്ന് അഭ്യർഥിച്ചിരുന്നു. അതനുസരിച്ച് ഞങ്ങളത് സജ്ജീകരിച്ചുനൽകി'- ലൈബ്രറി വൈസ് പ്രിഫക്ട് ജിയാക്കോമോ കാർഡിനാലി പറഞ്ഞു. ഹീബ്രു, അറബിക്, എത്യോപ്യൻ, ചൈനീസ് ഭാഷകളിലുള്ള ഖുർആനുകളുടെ അമൂല്യ ശേഖരങ്ങൾ അപ്പസ്തോലിക് ലൈബ്രറിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ഒരു സാർവത്രിക ലൈബ്രറിയാണെന്നും മുസ്‌ലിംകൾക്ക് പ്രാർഥനയ്ക്കുള്ള ഇടം നൽകാനുള്ള തീരുമാനം അന്താരാഷ്ട്ര അക്കാദമിക് സമൂഹത്തെ ശക്തിപ്പെടുത്താനുള്ള വത്തിക്കാന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും കാർഡിനാലി പറഞ്ഞു. സഭയുടെ ലൈബ്രറിയിലുള്ളത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം അറിയാനുള്ള പുസ്തക ശേഖരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിം പ്രാർഥനാ മുറിയുടെ സജ്ജീകരണം ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ മതാന്തര ധാർമികാധ്യാപനങ്ങളുടെ പ്രയോഗവത്കരണമായാണ് വിലയിരുത്തപ്പെടുന്നത്. തന്റെ ശുശ്രൂഷയിൽ ഇതുവരെ മതാന്തര സംവാദത്തിന് ഊന്നൽ നൽകിയിട്ടുള്ള മാർപ്പാപ്പയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയായ ലിയോ പതിനാലാമൻ. മുൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭാഷയെ പ്രതിഫലിപ്പിക്കുന്നതാണ് ലിയോ മാർപ്പാപ്പയുടെ ഭാഷ. ഇസ്രായേൽ വംശഹത്യയിൽ ഗസ്സയ്ക്കൊപ്പം നിന്ന് ലോകത്താകമാനമുള്ള മനുഷ്യസ്നേഹികളുടെ ആദരവും അദ്ദേഹമേറ്റുവാങ്ങി.
പതിനഞ്ചാം നൂറ്റാണ്ടിൽ (1475) സിക്‌സ്റ്റസ് നാലാമൻ മാർപ്പാപ്പ സ്ഥാപിച്ച വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി കത്തോലിക്കാ സഭയുടെ ബൗദ്ധിക കേന്ദ്രമായി കണക്കാക്കപ്പെടുന്നു. ഏകദേശം 80,000 കൈയെഴുത്തുപ്രതികളും 50,000 ആർക്കൈവൽ വസ്തുക്കളും ഏകദേശം 20 ലക്ഷം പുസ്തകങ്ങളും 1,50,000 രേഖകളും കൂടാതെ 1,00,000 കൊത്തുപണികൾ, പ്രിന്റുകൾ, നാണയങ്ങൾ, മെഡലുകൾ എന്നിവയും ഇവിടെയുണ്ട്. ലോകമെമ്പാടും നിന്ന് എണ്ണമറ്റ മതഗ്രന്ഥങ്ങളും ലൈബ്രറിയിൽ കാണാം.
Adjust Story Font
16

