‘നിലവിലെ സൈനിക മേധാവിക്കൊപ്പം ഗസ്സയിൽ വിജയം സാധ്യമല്ല’; തുറന്നടിച്ച് ഇസ്രായേൽ മന്ത്രി
‘ഗസ്സ മുഴുവൻ കീഴടക്കി അവിടെ സൈനിക ഭരണം കൊണ്ടുവരേണ്ടതുണ്ട്’

തെൽ അവീവ്: ഇസ്രായേൽ പ്രതിരോധ സേനയുടെ നിലവിലെ മേധാവി ഹെർസി ഹലേവിക്കൊപ്പം ഗസ്സയിൽ വിജയം സാധ്യമല്ലെന്ന് ഇസ്രായേൽ ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്. ആർമി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഗസ്സ മുനമ്പ് മുഴുവൻ കീഴടക്കി അവിടെ സൈനിക ഭരണം കൊണ്ടുവരേണ്ടതുണ്ട്. ഇതാണ് നമ്മുടെ ദൗത്യമെന്ന് മനസ്സിലാക്കുന്ന ചീഫ് ഓഫ് സ്റ്റാഫിനെയാണ് എനിക്ക് വേണ്ടത്. ഇതിന് പിന്നിൽ നിൽക്കുന്നവരും ഇത് നടപ്പാക്കാൻ ദൃഢനിശ്ചയമുള്ളവരുമാകണം അവർ.
മൂന്നാമതൊരു കക്ഷിക്കും ഗസ്സ നിയന്ത്രിക്കാൻ സാധ്യമല്ല, അത് കബളിപ്പിക്കൽ മാത്രമാണ്. ഹമാസിെൻറ ഉൻമൂലനവും ജനം അവരെ പേടിക്കുന്നത് അവസാനിക്കുന്നതും വരെ സൈനിക-സിവിലിയൻ സംയുക്ത പ്രവർത്തനത്തോടെ ഒന്ന് രണ്ട് വർഷമെങ്കിലും ഗസ്സയെ നമ്മൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്മോട്രിച് പറഞ്ഞു.
ഹമാസുമായുണ്ടാക്കിയ വെടിനിർത്തൽ കരാറിനെതിരെ സ്മോട്രിച് നേരത്തെ രംഗത്തുവന്നിരുന്നു. ഭരണമുന്നണി വിടുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. കൂടാതെ കരാറിനെതിരെ സുരക്ഷാ മന്ത്രിസഭയിലും മുഴുവൻ മന്ത്രിസഭയിലും വോട്ട് ചെയ്യുകയുമുണ്ടായി.
Adjust Story Font
16

