Quantcast

യുദ്ധക്കുറ്റവാളി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിലെ 'സമാധാന സമിതി'യിൽ ചേർന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ യുദ്ധാനന്തര ഗസ്സയുടെ ഭരണത്തിന് മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര പ്രാതിനിധ്യമുള്ള സംഘമാണ് 'ഗസ്സ പീസ് ബോർഡ്'

MediaOne Logo
യുദ്ധക്കുറ്റവാളി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിലെ സമാധാന സമിതിയിൽ ചേർന്നു
X

ഗസ്സ: ഗസ്സ സമാധാന സമിതിയിൽ ചേരാനുള്ള ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ യുദ്ധാനന്തര ഗസ്സയുടെ ഭരണത്തിന് മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര പ്രാതിനിധ്യമുള്ള സംഘമാണ് 'ഗസ്സ പീസ് ബോർഡ്'. നെതന്യാഹു സമിതിയിൽ ചേരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഹമാസുമായുള്ള വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഇത്.

ഗസ്സ പുനർനിർമാണം, ഭരണ ശേഷി വർധിപ്പിക്കൽ, പ്രാദേശിക ബന്ധങ്ങൾ, നിക്ഷേപ ആകർഷണം, മൂലധന സമാഹരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഈ സംഘത്തിലേക്ക് നിരവധി അന്താരാഷ്ട്ര നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ തുർക്കി ഖത്തർ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ സമിതിയിൽ ചേരുന്നതിൽ നെതന്യാഹു എതിർപ്പ് പ്രകടിപ്പിച്ചു. ഗസ്സയിലെ ഭരണത്തിനുള്ള സമിതിയുടെ ഘടനയെക്കുറിച്ച് അമേരിക്കയുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും ഗസ്സയിൽ ഒരു വിദേശ സൈന്യത്തെയും പ്രവേശിപ്പിക്കില്ലെന്നും നെതന്യാഹു ഇന്നലെ ഇസ്രായേൽ നെസറ്റ് പ്ലീനത്തിൽ പറഞ്ഞു. നെതന്യാഹുവിന്റെ തലക്ക് മുകളിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗസ്സയിലെ ഭരണസമിതിയുടെ ഘടന പ്രഖ്യാപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് വിമർശിച്ചു.

ഗസ്സയിലെ യുദ്ധക്കുറ്റകൃത്യങ്ങൾക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് പുറപ്പെടുവിച്ച ലോകനേതാവാണ് നെതന്യാഹു. നെതന്യാഹുവിനെ കൂടാതെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനെയും ട്രംപ് ബോർഡിൽ ചേരാൻ ക്ഷണിച്ചിട്ടുണ്ട്. യുക്രൈനിനെതിരായി നാല് വർഷമായി യുദ്ധം ചെയ്യുന്ന പുട്ടിനെതിരെയും യുദ്ധക്കുറ്റം ചുമത്തിയിട്ടുണ്ട്.

യുഎഇ, മൊറോക്കോ, വിയറ്റ്നാം, ബെലാറസ്, ഹംഗറി, കസാക്കിസ്താൻ, അർജന്റീന എന്നീ രാജ്യങ്ങൾ ബോർഡ് അംഗങ്ങളാണ്. യുണൈറ്റഡ് കിങ്ഡം, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ബോർഡിലേക്ക് ക്ഷണിച്ചിരുന്നെന്നെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപ് പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് സിഇഒ മാർക്ക് റോവൻ, ലോക ബാങ്ക് പ്രസിഡന്റും ഇന്ത്യൻ വംശജനുമായ അജയ് ബംഗ, ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ എന്നിവരാണ് എക്സിക്യൂട്ടീവ് ബോർഡിലെ അംഗങ്ങൾ.

TAGS :

Next Story