ഖാംനഈയെ വധിക്കാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അവസരം ലഭിച്ചില്ല: ഇസ്രായേൽ പ്രതിരോധ മന്ത്രി
യുഎസ് എതിർത്തതുകൊണ്ടാണ് ഖാംനഈയെ വധിക്കാതിരുന്നത് എന്ന മാധ്യമ റിപ്പോർട്ടുകൾ ഇസ്രായേൽ കാറ്റ്‌സ് തള്ളി.

തെൽ അവീവ്: അടുത്തിടെ നടന്ന 12 ദിന യുദ്ധത്തിൽ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. കൃത്യമായി നിരീക്ഷിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ അത്തരത്തിലൊരു ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ല. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നുവെന്നും കാറ്റസ് പറഞ്ഞു.
''ഞങ്ങളുടെ നിരീക്ഷണ പരിധിയിൽ ഉണ്ടായിരുന്നെങ്കിൽ ഖാംനഈയെ വധിക്കുമായിരുന്നു. ഞങ്ങൾ ഒരുപാട് തിരഞ്ഞു. ഖാംനഈ ഇത് മനസ്സിലാക്കി ബങ്കറിനുള്ളിൽ പോയി, കമാൻഡർമാരുമായുള്ള ബന്ധം വിച്ഛേദിച്ചു. അതുകൊണ്ട് വധിക്കാനായില്ല''- ചാനൽ 13ന് നൽകിയ അഭിമുഖത്തിൽ കാറ്റ്‌സ് പറഞ്ഞു.
ഖാംനഈയെ വധിക്കാൻ ഇസ്രായേലിന് അമേരിക്കയുടെ അനുമതി ആവശ്യമില്ലായിരുന്നു എന്നും കാറ്റ്‌സ് പറഞ്ഞു. യുഎസ് എതിർത്തതുകൊണ്ടാണ് ഖാംനഈയെ വധിക്കാതിരുന്നത് എന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം തള്ളി.
ഇറാൻ റെവല്യൂഷണറി ഗാർഡിലെ നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും ജൂൺ 13ലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ ഖാംനഈയെ വധിക്കാൻ ഉദ്ദേശിക്കുന്നതായി ഇസ്രായേലും യുഎസും സൂചന നൽകിയിരുന്നു. ഇറാനിൽ ഭരണമാറ്റം കൊണ്ടുവരുമെന്നും ട്രംപും നെതന്യാഹുവും അവകാശപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്.
ഇറാൻ ആണവപദ്ധതി പുനരാരംഭിക്കുകയാണെങ്കിൽ വീണ്ടും ആക്രമണം നടത്താൻ യുഎസ് അനുമതി നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ നടന്ന ആക്രമണത്തിന് ശേഷം ഇറാൻ ആണവ പദ്ധതി പുനരാരംഭിക്കുന്ന സാഹചര്യം താൻ കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

