ഇസ്രായേൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വെസ്റ്റ് ബാങ്ക് അടച്ചിടും; ഹെബ്രോണിൽ സമ്പൂർണ ഉപരോധം
ഏകദേശം രണ്ട് ലക്ഷം ഫലസ്തീനികൾ ഹെബ്രോൺ നഗരത്തിലും ആറു ലക്ഷം പേർ ഹെബ്രോൺ ഗവർണറേറ്റിലുമായി താമസിക്കുന്നുണ്ട്

ഗസ്സ: അധിനിവേശ വെസ്റ്റ് ബാങ്കിലേക്കുള്ള എല്ലാ അതിർത്തികളും ചൊവ്വാഴ്ച അടച്ചിടുമെന്ന് ഇസ്രായേൽ. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.ഇസ്രായേൽ സൈന്യത്തിന്റെ ഉപരോധത്തെ തുടർന്ന്,ഹെബ്രോണിൽ ആയിരക്കണക്കിന് ഫലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
വെസ്റ്റ് ബാങ്കിലെ മിക്ക പ്രദേശങ്ങളിലേക്കും ഫലസ്തീൻ തൊഴിലാളികൾക്ക് ഇനിയുള്ള ദിവസങ്ങളിൽ പ്രവേശനം അനുവദിക്കില്ല. ചൊവ്വാഴ്ച വെസ്റ്റ് ബാങ്കിലേക്കും പുറത്തേക്കുമുള്ള അതിർത്തികൾ പൂർണമായി അടച്ചിടും.ഇസ്രായേൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹെബ്രോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടിരുന്നു.
ഏകദേശം 2,000 പേരെ കുടിയൊഴിപ്പിച്ചതായി പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഹെബ്രോണിലെ ഹമാസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാകുന്നതുവരെ ഇവരെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
ഹെബ്രോൺ നഗരവും സമീപത്തെ നിരവധി ഗ്രാമങ്ങളും സമ്പൂർണ ഉപരോധത്തിലാണെന്ന് നഗരസഭാ മേയർ യൂസഫ് അൽ ജഅ്ബരി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.രാത്രി വൈകി ഉച്ചഭാഷിണികളിലൂടെ ഒഴിഞ്ഞുപോകാനുള്ള നിർദേശം ലഭിച്ചതിനാൽ സാധനങ്ങൾ ഒരുക്കാനോ സുരക്ഷിതമായ മറ്റിടങ്ങൾ കണ്ടെത്താനോ സമയം ലഭിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ഇസ്രായേലിന്റെ നടപടികളെ 'കലക്റ്റീവ് പണിഷ്മെന്റ്' എന്നാണ് ഫലസ്തീൻ അതോറിറ്റി വിശേഷിപ്പിച്ചത്. വീടുകൾ പൊളിക്കൽ, ജനവാസ മേഖലകളിൽ നിന്ന് ആളുകളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കൽ, ഫലസ്തീൻ നഗരങ്ങൾ അടച്ചിടൽ തുടങ്ങിയ നടപടികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
ഏകദേശം രണ്ട് ലക്ഷം ഫലസ്തീനികൾ ഹെബ്രോൺ നഗരത്തിലും ആറു ലക്ഷം പേർ ഹെബ്രോൺ ഗവർണറേറ്റിലുമായി താമസിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയാണിത്.
സൈനിക നടപടി ദിവസങ്ങളോളം തുടരുമെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അറിയിപ്പ്. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ മേഖലയിലെ സൈനിക സംഘർഷങ്ങളും ദേശീയ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും പ്രചാരണത്തിന് പ്രയോജനപ്പെടുത്താനാണ് നെതന്യാഹുവിന്റെ ശ്രമമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Adjust Story Font
16

