ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി ഹമാസ്; എന്താണ് ഇന്നലെ ഖത്തറിൽ നടന്നത്?
ദോഹയിലെ വെസ്റ്റ് ബേ ലഗൂൺ പ്രദേശത്താണ് ആക്രമണം നടന്നത്. നിരവധി വിദേശ എംബസികൾ, സ്കൂളുകൾ, സൂപ്പർമാർക്കറ്റുകൾ, റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്

ദോഹ: ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി ഹമാസ്. ചചർച്ചയിൽ പങ്കെടുക്കാനെത്തിയ മുതിർന്ന ഹമാസ് നേതാക്കൾ സുരക്ഷിതാരാണെന്നും ഹമാസ് കൂട്ടിച്ചേർത്തു. ഗസ്സയിലെ ഹമാസ് തലവനായ ഖലീൽ അൽഹയ്യയുടെ മകൻ ഹമ്മാം അൽഹയ്യ, ഓഫിസ് ഡയറക്ടർ ജിഹാദ് ലബാദ് എന്നിവരാണ് കൊല്ലപ്പെട്ടവരിൽ പ്രമുഖർ. ഇവർക്ക് പുറമെ അബ്ദുല്ല അബ്ദുൽ വാഹിദ്, മുമിൻ ഹസൂന, അഹ്‌മദ് അൽ മംലൂക്ക് എന്നീ അംഗരക്ഷകരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഖത്തറിൻ്റെ ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്‌വിയ) അംഗമായ കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസാരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു.
ഗസ്സയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഫലസ്തീൻ പ്രതിനിധികൾ ഉൾപ്പെടെ ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യം വെച്ചാണ് ചൊവ്വാഴ്ച ഇസ്രായേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ മിസൈൽ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര നിയമങ്ങളുടെയും പരമാധികാരത്തിന്റെയും ലംഘനമാണെന്ന് ഖത്തർ ആക്രമണത്തെ അപലപിച്ചു. നിരവധി രാജ്യങ്ങളും കൂട്ടായ്മകളും ഇസ്രായേലിനെതിരെ ആഞ്ഞടിച്ചു.
ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെ ദോഹയിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടക്കുകയും ആകാശരേഖയ്ക്ക് മുകളിൽ ഇരുണ്ട പുകപടലങ്ങൾ ഉയരുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലുടനീളമുള്ള പ്രദേശങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി സമീപവാസികൾ ഉദ്ദരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ശേഷം (GMT 13:00) ഹമാസ് രാഷ്ട്രീയ നേതാക്കൾക്ക് ആതിഥേയത്വം വഹിക്കുന്നതായി കരുതപ്പെടുന്ന ഒരു കോമ്പൗണ്ട് ലക്ഷ്യമിട്ട് ദോഹയിലേക്ക് മിസൈലുകൾ പ്രയോഗിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ദോഹയിലെ വെസ്റ്റ് ബേ ലഗൂൺ പ്രദേശത്താണ് ആക്രമണം നടന്നത്. നിരവധി വിദേശ എംബസികൾ, സ്കൂളുകൾ, സൂപ്പർമാർക്കറ്റുകൾ, റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഖത്തറികളും പ്രവാസികളുമായിട്ടുള അനേകം ആളുകൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ഹമാസിന്റെ വെടിനിർത്തൽ ചർച്ചകളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഹമാസ് ഉദ്യോഗസ്ഥർ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട്. അമേരിക്ക മുന്നോട്ടുവച്ച ഏറ്റവും പുതിയ വെടിനിർത്തൽ നിർദേശം പരിഗണിക്കാൻ ഹമാസിൽ നിന്നുള്ള ചർച്ചകൾ യോഗം ചേരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ ദോഹയിൽ ലക്ഷ്യമിട്ട സംഘത്തിന്റെ നേതൃത്വം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതായി ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോ അംഗമായ സുഹൈൽ അൽ ഹിന്ദിയും സ്ഥിരീകരിച്ചു.
Adjust Story Font
16

