Quantcast

വിശപ്പ് മരണമാകുന്ന ദുരവസ്ഥ; ഗസ്സയിൽ പട്ടിണി മരണങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെ !

കഴിഞ്ഞ ഒരു മാസത്തിനിടെ 82 പേർ ഗസ്സയിൽ പട്ടിണി മൂലം മരിച്ചെന്നാണ് ഏറ്റവും പുതിയ കണക്ക്

MediaOne Logo

Web Desk

  • Published:

    5 Aug 2025 1:44 PM IST

What ‘starvation’ really means, for the human body and for Gaza
X

ആതിഫ് അബു ഖാദർ- കഴിഞ്ഞ ദിവസം ഗസ്സയിൽ പോഷകാഹാരക്കുറവ് മൂലം മരിച്ച ഒരു പതിനേഴുകാരൻ... ഒക്ടോബർ 7ന് യുദ്ധം തുടങ്ങുന്നതിന് മുമ്പ് കാര്യമായ ഒരു രോഗവും ഉണ്ടായിരുന്നില്ല ആതിഫിന്. സ്പോർട്ട് ചാമ്പ്യൻ ആയിരുന്നു അവൻ.. ഓടിച്ചാടി നടന്നിരുന്ന ഒരു കൗമാരക്കാരൻ.. 70 കിലോയോളമുണ്ടായിരുന്ന അവന്റെ ശരീരഭാരം അവൻ മരിക്കുമ്പോൾ എത്രയായിരുന്നു എന്നറിഞ്ഞാൽ ഒരു പക്ഷേ എത്ര കഠിനഹൃദയമുള്ളവരും കരഞ്ഞുപോകും.. വെറും 25 കിലോ..

ഇതാണ് ഗസ്സ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന, ഏറ്റവും സർവസാധാരണമായ ഒരു കാര്യം. മുനമ്പിലേക്ക് ഭക്ഷണം തടഞ്ഞുവയ്ക്കുന്ന ഇസ്രായേൽ.. കൊടുംപട്ടിണിയിൽ വരണ്ടുമരിക്കുന്ന കുഞ്ഞുങ്ങൾ.. കൗമാരക്കാർ... സ്ത്രീകൾ.. ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്ന ഫലസ്തീനികൾ..

ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിന്റെ ഏറ്റവും ദാരുണമായ പ്രത്യാഘാതം, പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളും തന്നെയാണ് എന്നതിൽ സംശയമില്ല.. ആതിഫ് അബു ഉൾപ്പടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 7 പേരെങ്കിലും ഗസ്സയിൽ പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ട്.. 2023 ഒക്ടോബറിൽ ഇസ്രായേൽ യുദ്ധം തുടങ്ങിയതിൽ പിന്നെ 93 കുട്ടികളുൾപ്പടെ 169 ഫലസ്തീനികൾ ഭക്ഷണവും വെള്ളവും കിട്ടാതെ ഗസ്സയിൽ മരിച്ചുവീണു. ഗസ്സയിലെ ജനങ്ങളിൽ മൂന്നിലൊന്ന് പേരും ആഹാരമില്ലാതെ ദിവസങ്ങൾ തള്ളിനീക്കുന്നവരാണ്.

സ്ത്രീകളും കുട്ടികളുമായി ഒരു ലക്ഷം പേർ ഗസ്സയിൽ കടുത്ത പോഷകാഹാരക്കുറവിലൂടെ കടന്നു പോകുന്നുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. ഈ അവസ്ഥ അതിവേഗം വ്യാപിക്കുകയാണെന്നും ഗസ്സയിൽ ക്ഷാമം എത്തി എന്നുമൊക്കെ സദാ വാർത്തകളിൽ കാണുന്നുണ്ടെങ്കിലും പട്ടിണിമരണങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് സംശയം ഉണ്ടായേക്കാം.. അതെങ്ങനെ എന്ന് നോക്കാം..

വിശപ്പ് എന്നത് പ്രായഭേദമന്യേ എല്ലാ മനുഷ്യർക്കുമുണ്ടാകുന്ന പൊതുവികാരമാണ്. കൃത്യസമയത്ത് അവശ്യപോഷകങ്ങൾ ശരീരത്തിലെത്തിയാൽ മാത്രമേ, മനുഷ്യശരീരം പൂർണതോതിൽ പ്രവർത്തനക്ഷമമാവുകയുള്ളൂ.. ശരീരത്തിന് ആവശ്യമായ ഭക്ഷണം ഉള്ളിലെത്തിയില്ല എങ്കിൽ, ശരീരം വിനാശകരമായ പല മാറ്റങ്ങൾക്കും വിധേയമാകും. ഈ മാറ്റങ്ങളാണ് മരണത്തിലേക്ക് നയിക്കുക.

ഈ മാറ്റം നടക്കുന്നത്, പുറത്ത് നിന്ന് ഒന്നും ലഭിക്കാതെ വരുമ്പോൾ, ശരീരം ശരീരത്തിനുള്ളിൽ നിന്ന് തന്നെ ആഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിനാലാണ്. അതായത്, വേണ്ട പോഷകങ്ങൾ ഉള്ളിലെത്തിയില്ലെങ്കിൽ നമ്മുടെ ശരീരം, അതിനെ സ്വയം നശിപ്പിക്കാൻ തുടങ്ങും.

ഇത് പല ഘട്ടങ്ങളായാണ് നടക്കുക.. അതെങ്ങനെയാണെന്ന് വ്യക്തമായി പറയാം..

ഒരു നേരം ഭക്ഷണം ലഭിക്കാതെ വന്നാൽ തല്ക്കാലത്തേക്ക് പിടിച്ചു നില്ക്കാൻ ശരീരത്തിന് ചില വഴികളുണ്ട്.. നേരത്തേ ശേഖരിച്ചുവച്ചിരിക്കുന്ന കാർബോഹൈഡ്രേറ്റ്സിനെ ആശ്രയിക്കുകയാണ് ഇത്. കരളിലുള്ള കാർബോഹൈഡ്രേറ്റ് ആണ് ഇങ്ങനെയുള്ള അവസ്ഥയിൽ ശരീരത്തിന്റെ രക്ഷ.

നമ്മളൊരു ഡയറ്റ് എടുക്കുകയാണെങ്കിൽ, രാത്രിയിലെ ഭക്ഷണം ഒഴിവാക്കുകയാണെന്ന് വിചാരിക്കുക. ആ സമയത്ത് ശരീരത്തിന് വേണ്ട എനർജി കിട്ടുന്നത് ഇങ്ങനെ ശേഖരിക്കപ്പെട്ട കാർബോഹൈഡ്രേറ്റ് ശരീരം ഉപയോഗിക്കുന്നത് കൊണ്ടാണ്.

ഒരു രാത്രി ഒന്നും കഴിച്ചില്ലെങ്കിലും ഈ കാർബോഹൈഡ്രേറ്റ് കൊണ്ട് ശരീരം ഈ അവസ്ഥ തള്ളിനീക്കും. പക്ഷേ ഒന്നോ രണ്ടോ ദിവസം ശരീരത്തിൽ ഭക്ഷണമെത്താതെ വന്നാൽ ശരീരം അതിന്റെ ഭാരം കുറച്ച് ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും..

പിന്നെ കൊഴുപ്പിനെയാണ് ശരീരം ആശ്രയിക്കുക. കൊഴുപ്പ് വിഘടിച്ച് എനർജി ഉത്പാദിപ്പിക്കാൻ തുടങ്ങിയാൽ പിന്നെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ഗ്ലൂക്കോസ് ആണ് ശരീരത്തിലെ പ്രധാന എനർജി സോഴ്സ് എന്നറിയാമല്ലോ.. ഗ്ലൂക്കോസ് ലെവൽ കുറയുന്നതായണ് തലകറക്കത്തിനും ശരീരം തളരുന്നതിനുമൊക്കെ കാരണമാകുന്നത്..

ഭക്ഷണമില്ലാതെ മൂന്നാം ദിവസവും തുടർന്നാൽ കരൾ കീറ്റോൺസിനെ ഉത്പാദിപ്പിക്കാൻ തുടങ്ങും. കൊഴുപ്പിൽ നിന്നുണ്ടാകുന്ന ഒരു തരം വസ്തുവാണിത്. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാൽ പിന്നെ തലച്ചോറിലേക്ക് സിഗ്‌നൽ എത്തണമെങ്കിൽ ഈ ഘട്ടത്തിൽ കീറ്റോൺസിനെ കൊണ്ടേ സാധിക്കൂ..

ഈ സമയം കൊണ്ട് ഭക്ഷണം എത്താത്തിന്റെ പല അസ്വസ്ഥതകളും ശരീരം പ്രകടിപ്പിച്ചു തുടങ്ങും.. മാനസികാസ്വാസ്ഥ്യം വരെ ചില ആളുകളിൽ കണ്ടേക്കാം.. ഭക്ഷണത്തിനോട് ഒരു വിരക്തിയും ഈ ഘട്ടത്തിൽ പലരും പ്രകടിപ്പിക്കാറുണ്ട്..

ഭക്ഷണം ലഭിക്കാതെ നാല് ദിവസം കടന്നുപോയാൽ, പിന്നെ ശരീരം ഒരു കൺസർവേഷൻ സ്റ്റേജിലേക്ക് പ്രവേശിക്കും. എനർജി നഷ്ടപ്പെടാതിരിക്കാൻ ശരീരം അതിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുന്ന സ്റ്റേജ് ആണിത്. നെഞ്ചിടിപ്പ് കുറയും, ബിപി കുറയും.. എന്തിന് ഹോർമോൺ ഉത്പാദനം പോലും ഈ ഘട്ടത്തിൽ ശരീരം ഗണ്യമായി കുറയ്ക്കും.

ശരീരത്തിന് ആവശ്യമാണെങ്കിലും അതിജീവനത്തിന് സഹായകമല്ലാത്ത ഒരു ഹോർമോണും ശരീരം പിന്നെ ഉത്പാദിപ്പിക്കില്ല.. തൈറോയ്ഡ് ഹോർമോൺ ഇത്തരത്തിൽ ഒന്നാണ്.. പട്ടിണി നേരിടുന്ന സ്ത്രീകളിൽ ഭൂരിഭാരം പേർക്കും ആർത്തവം ഉണ്ടാകാത്തത് തൈറോയ്ഡ് ഹോർമോൺ ശരീരത്തിൽ ഉണ്ടാകുന്നില്ല എന്നത് കൊണ്ടാണ്...

ഈ സമയം രോഗി തീർത്തും കിടപ്പായ അവസ്ഥയിലാകും ഉണ്ടാവുക. ഊർജം നിലനിർത്താൻ ശരീരം പണിയെടുക്കുന്നതിനാൽ കൈയോ കാലോ അനക്കാൻ തന്നെ സാധിച്ചേക്കില്ല..

അഞ്ചാമത്തെ സ്റ്റേജ് ആണ് ഏറ്റവും അവസാനത്തേത്. ശരീരം ശേഖരിച്ചിരിക്കുന്ന കൊഴുപ്പ് പാടേ തീർന്നുപോകുന്ന അവസ്ഥയാണിത്. ഓരോ വ്യക്തിയുടെയും ശരീരഘടന അനുസരിച്ച്, ആഴ്ചകൾ കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാവുക.. ചിലപ്പോൾ മാസങ്ങളും എടുത്തേക്കാം..

കൊഴുപ്പ് പൂർണമായും തീർന്നാൽ, ശരീരം പിന്നെ മസിൽ പ്രോട്ടീനെ ആശ്രയിക്കും. ഹൃദയത്തിലെ മസിലിൽ നിന്നുവരെ ശരീരം പ്രോട്ടീൻ എടുക്കും. ഹൃദയത്തിലെ മസിലുകൾ വീക്ക് ആയാൽ പിന്നെ ഹൃദയാഘാതമാണ് ഉണ്ടാവുക. അങ്ങനെ മരണവും സംഭവിക്കും..

ഇനി മസിൽ പ്രോട്ടീനെ ശരീരം ഉപയോഗിക്കുന്നതിനും മുമ്പ് തന്നെ, ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനോ മറ്റോ ഉണ്ടായാൽ, രോഗി ഉടനടി മരണപ്പെടാൻ സാധ്യത കൂടുതലാണ്. കാരണം രോഗത്തെ പ്രതിരോധിക്കാൻ ഒരു വിധത്തിലും ശരീരം ഈ ഘട്ടത്തിൽ പ്രാപ്തമായിരിക്കില്ല.

പ്രായപൂർത്തിയായ ഒരാൾക്ക് ഭക്ഷണമില്ലാതെ രണ്ട് മാസം വരെ പിടിച്ചുനിൽക്കാനാവും. പക്ഷേ ഇത് ജീവച്ഛവമായ അവസ്ഥയിലായിരിക്കും എന്ന് മാത്രം.

കുട്ടികളാണ് പട്ടിണിമരണത്തിന്റെ പ്രധാന ഇരകൾ എന്ന് പറയുന്നതിന്റെ കാരണം, ഭക്ഷണമില്ലാതെ വന്നാലും ഊർജത്തിനായി അവരുടെ ശരീരത്തിൽ മറ്റ് സോഴ്സുകളില്ല എന്നതിനാലാണ്.

വ്യോമാക്രമണവും കരയിലൂടെയുള്ള സഹായ വിതരണത്തിലെ നിയന്ത്രണങ്ങളുമാണ് ഗസ്സയിൽ നിലവിലെ ക്ഷാമത്തിന് കാരണം. യുഎന്നിന്റെ അടക്കം സമ്മർദത്തിന് വഴങ്ങി വ്യോമമാർഗം ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ എത്തിക്കുന്നത് ഇസ്രായേൽ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ വിമാനങ്ങളിൽ ട്രക്കുകളിൽ കൊള്ളാവുന്നതിന്റെ 25ശതമാനം ഭക്ഷ്യവസ്തുക്കൾ പോലും ഉൾക്കൊള്ളിക്കാനാകില്ല. ഇവ മുനമ്പിലേക്ക് എയർഡ്രോപ്പ് ചെയ്യുന്നത് അപകടകരവുമാണ്.

ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കാൻ, അടിയന്തരമായി എല്ലാ അതിർത്തികളും തുറക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മനുഷ്യാവകാശ സംഘടനകൾ. ആവശ്യമായ ഭക്ഷണം മുനമ്പിലെത്തിയില്ല എങ്കിൽ, ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിമരണം നടന്ന സ്ഥലമായി ഗസ്സ മാറും.

TAGS :

Next Story