Quantcast

യുക്രൈന്‍റെ 'ചിലന്തിവലയും' റഷ്യയുടെ 'പേൾ ഹാര്‍ബറും'

1941 ഡിസംബർ ഏഴിനാണ് പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-06-03 06:02:22.0

Published:

3 Jun 2025 11:29 AM IST

Pearl Harbor Incident
X

വാഷിംഗ്ടൺ: വര്‍ഷം 1941- രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട നാളുകൾ. എങ്ങും വെടിയൊച്ചകളും നിലവിളികളും...മനുഷ്യചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കാലഘട്ടമായിരുന്നു രണ്ടാം ലോകമഹായുദ്ധം. രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏറ്റവും ശ്രദ്ധേയമായ ആക്രമണങ്ങളിലൊന്നായിരുന്നു പേൾ ഹാര്‍ബര്‍ ആക്രമണം. ഹവായിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ നാവികത്താവളത്തിൽ ജപ്പാൻ നടത്തിയ ആക്രമണമാണ് അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇറക്കിയത്.

പേൾ ഹാര്‍ബര്‍ ആക്രമണം

1941 ഡിസംബർ ഏഴിനാണ് പേൾ ഹാർബർ ജപ്പാൻ ആക്രമിച്ചത്. ജപ്പാനെതിരായ അമേരിക്കയുടെ എല്ലാ തരത്തിലുമുള്ള സൈനിക മുന്നേറ്റം തകർക്കാനാണ് പേൾ ഹാർബറിലെ അമേരിക്കൻ നാവികത്താവളം ജപ്പാൻ ആക്രമിക്കാൻ പദ്ധതിയിടുന്നത്.

1941 ഡിസംബര്‍ 7, ഞായറാഴ്ച. സമയം രാവിലെ 7.51. ജപ്പാന്‍ സാമ്രാജ്യത്തിന്‍റെ നാവിക സേന, അഡ്മിറല്‍ ചുയിചി നഗുമോയുടെ നേതൃത്വത്തില്‍ 350 പോര്‍വിമാനങ്ങളുമായി പേള്‍ഹാര്‍ബറിലേക്ക്. ജപ്പാനെതിരായ അമേരിക്കയുടെ എല്ലാ തരത്തിലുമുള്ള സൈനിക മുന്നേറ്റം തകര്‍ക്കലായിരുന്നു ലക്ഷ്യം.

183 വിമാനങ്ങള്‍ പങ്കെടുത്ത ആദ്യ മുന്നേറ്റത്തില്‍ സൈനിക സ്ഥാപനങ്ങളും ഫോര്‍ഡ് ദ്വീപിലെ സൈനിക വിമാനത്താവളങ്ങളും തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് 8:30ന് നടന്ന രണ്ടാം മുന്നേറ്റത്തില്‍ 170 വിമാനങ്ങള്‍ ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന കപ്പല്‍പടയെ ആക്രമിച്ചു. യുദ്ധക്കപ്പലായ യുഎസ്എസ്. അരിസോണയിലെ ആയുധശേഖരം പൊട്ടിത്തെറിച്ചു പിളര്‍ന്നു. ആകെ 9 കപ്പലുകള്‍ മുങ്ങി. 21 കപ്പലുകള്‍ക്ക് സാരമായ തകര്‍ന്നു. 2402 പേര്‍ ഒരു പിടി ചാരമായി. പരിക്കേറ്റത് 1282 പേര്‍ക്ക്. ജപ്പാന് 29 വിമാനങ്ങള്‍ നഷ്ടമായി.

ഡിസംബർ എട്ടിന് അമേരിക്ക ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. പിന്നീട് രണ്ടാംലോകമഹായുദ്ധത്തിന്‍റെ അവസാനം 1945 ആഗസ്ത് ആറ്, ഒമ്പത് തിയതികളിൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് ഇടുന്നതിന് അമേരിക്കയെ പ്രേരിപ്പിച്ചതിൽ പേൾ ഹാർബർ ആക്രമണത്തിന് വലിയ പങ്കുണ്ട്.

എന്തുകൊണ്ടാണ് ജപ്പാൻ പേൾ ഹാര്‍ബര്‍ ആക്രമിച്ചത്?

ഇന്നത്തെ പോലെ തന്നെ ലോകത്തെ വൻശക്തികളിൽ ഒന്നായിരുന്നു അന്നും അമേരിക്ക. സൈനിക ശക്തിയിൽ മുന്നിലുള്ള അമേരിക്കയെ ജപ്പാൻ എന്തുകൊണ്ടാണ് ആക്രമിച്ചത്? എന്തായിരുന്നു ആക്രമണത്തിന് പിന്നിൽ? വര്‍ഷങ്ങളായി വ്യത്യസ്ത ചേരിയിൽ നിൽക്കുന്ന രാജ്യങ്ങളായിരുന്നു ജപ്പാനും അമേരിക്കയും.

ഏഷ്യയിലെ പ്രധാന ശക്തി തന്നെയായിരുന്നു അന്ന് ജപ്പാൻ . മറ്റുള്ള പല ഏഷ്യൻ രാജ്യങ്ങളെപ്പോലെയും അവർ ആരുടേയും കോളനി ആയിരുന്നില്ല . കൊച്ചുരാജ്യമായിരുന്നെങ്കിലും സാമ്രാജ്യത്വ മോഹങ്ങളുള്ള രാഷ്ട്രം. ജപ്പാന്‍റെ അധീനതയിൽ പാശ്ചാത്യ ശക്തികളുടെ കോളനികൾക്കു സമാനമായി ചൈന , ഫിലിപ്പൈൻസ് , കൊറിയ, ഇന്ത്യ , ബർമ , തായ്‌ലൻഡ് തുടങ്ങിയ പ്രദേശങ്ങളെ ചേർത്തുള്ള ഒരു ഭരണമായിരുന്നു ജപ്പാൻ വിഭാവനം ചെയ്തത്.

രാജ്യത്തേക്കുള്ള 94 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയായിരുന്നു അക്കാലത്ത് ജപ്പാൻ. ചൈനയുമായി ഇടയ്ക്ക് നടന്ന മഞ്ചൂറിയൻ യുദ്ധം കൂടുതൽ ഇന്ധന പ്രതിസന്ധിയിലേക്കു ജപ്പാനെ തള്ളിവിട്ടു.അതിനിടയിൽ വിയറ്റ്നാമിൽ ജപ്പാൻ നടത്തിയ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസ് അമേരിക്കയിലുള്ള ജപ്പാന്‍റെ സ്വത്തുക്കൾ മരവിപ്പിക്കുകയും അവർക്ക് എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളും വിൽക്കുന്നത് നിർത്തുകയും ചെയ്തു.ഇതിനെതിരെ യുഎസിനെ വിരട്ടാനും തങ്ങൾക്കെതിരെയുള്ള നടപടികളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനുമായാണു ജപ്പാൻ യുഎസിനെ ആക്രമിച്ചതെന്നാണ് ഇംപീരിയൽ വാർ മ്യൂസിയത്തിന്‍റെ പക്ഷം.

ആക്രമണത്തിന്‍റെ ആഘാതവും അനന്തരഫലങ്ങളും

പേൾ ഹാര്‍ബര്‍ ആക്രമണത്തിന്‍റെ തൊട്ടടുത്ത ദിവസമാണ് അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിലേക്ക് ഔപചാരികമായി പ്രവേശിക്കുന്നത്. തുടർന്ന് ജർമനിയും ഇറ്റലിയും യുഎസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ഡിസംബര്‍ 7ലെ ആക്രമണത്തെ 'അപകീര്‍ത്തികരമായ തിയതി' എന്നാണ് യുഎസ് പ്രസിഡന്‍റ് ഫ്രാങ്ക്ളിൻ ഡി. റൂസ്‍വെൽറ്റ് വിശേഷിപ്പിച്ചത്. യുദ്ധം പ്രഖ്യാപിക്കാതെയും വ്യക്തമായ മുന്നറിയിപ്പില്ലാതെയും ആക്രമണം നടന്നതിനാൽ, പേൾ ഹാർബറിനെതിരായ ആക്രമണം പിന്നീട് ടോക്കിയോ ട്രയൽ‌സിൽ ഒരു യുദ്ധക്കുറ്റമാണെന്ന് വിധിക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിച്ചതോടെ അമേരിക്ക കൂടുതൽ സജീവമായി. കപ്പലുകൾ, വിമാനങ്ങൾ, ആയുധങ്ങൾ എന്നിവ നിർമിക്കുന്നതിനായി പ്ലാന്‍റുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ തുടങ്ങി. ദശലക്ഷക്കണക്കിന് അമേരിക്കക്കാർ സായുധ സേനയുടെ ഭാഗമായി. 1939ന് ആരംഭിച്ച രണ്ടാം ലോക മഹായുദ്ധം 1945 വരെ നീണ്ടു നിന്നു. ഏകദേശം 70 രാജ്യങ്ങളിലെ കര, നാവിക, വ്യോമ സേനകൾ ഇതിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 10 കോടി സൈനികർ ഈ യുദ്ധത്തിൽ പങ്കെടുത്തു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരകമായ യുദ്ധമായിരുന്നു ഇത്.

പേൾ ഹാർബർ ആക്രമണത്തിൽ പ്രകോപിതരായ അമേരിക്ക ജപ്പാനിൽ രണ്ട് അണുബോംബുകൾ വർഷിച്ചു. ഇത് ജപ്പാന്‍റെ നട്ടെല്ല് തകർത്തു. 1945 മെയ് 8 ന് ജർമനി നിരുപാധികമായി കീഴടങ്ങിയതോടെ യൂറോപ്പിൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു. 1945 ആഗസ്ത് 15 ന് ജാപ്പനീസ് സാമ്രാജ്യം കീഴടങ്ങിയതോടെ ഏഷ്യയിലും രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധത്തിൽ 2 കോടി സൈനികരും 5 കോടി സാധാരണക്കാരും ഉൾപ്പെടെ 7 കോടിയിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരെക്കാൾ കൂടുതൽ ആളുകൾക്ക് അംഗഭംഗം സംഭവിച്ചു. സര്‍വ്വവിനാശകാരിയായ അണുബോംബ് ആദ്യമായി പ്രയോഗിക്കപ്പെട്ടു.

യുക്രൈന്‍റെ ഓപ്പറേഷന്‍ ചിലന്തിവലയും പേൾ ഹാര്‍ബര്‍ ആക്രമണവും

റഷ്യ-യുദ്ധം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ഡ്രോൺ ആക്രമണത്തിലൂടെ യുക്രൈൻ നാൽപതോളം റഷ്യൻ വിമാനങ്ങൾ കത്തിച്ചാമ്പലാക്കിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. യുക്രൈൻ ആക്രമണം റഷ്യയെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഓപ്പറേഷൻ 'വെബ്' എന്ന് പേരിട്ട ഈ ആക്രമണം ആസൂത്രണം ചെയ്യാൻ ഒന്നര വര്‍ഷമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിൽ 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായാണ് വിവരം. യുക്രൈന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈനിലെ (എസ്‌ബി‌യു) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.യുക്രൈന്‍റെ മിന്നൽ ആക്രമണത്തിൽ റഷ്യക്ക് ഏകദേശം 700 കോടി ഡോളറിന്‍റെ നഷ്ടമുണ്ടായെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകൾ.

'സ്പൈഡേഴ്സ് വെബ് എന്ന് പേര് നൽകിയ ഓപ്പറേഷനിൽ, യുക്രൈൻ 117 ഡ്രോണുകൾ ഉപയോഗിച്ചു. റഷ്യയിലെ വ്യോമതാവളങ്ങളിലെ ക്രൂയിസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒന്നരവർഷം നീണ്ട തയാറെടുപ്പുകൾ ഓപ്പറേഷന് പിന്നിലുണ്ടായിരുന്നു. ഓരോ ചെറിയ കാര്യങ്ങളും തികഞ്ഞ കൃത്യതയോടെയാണ് നടപ്പാക്കിയത്- എന്നാണ് യുക്രൈൻ പ്രസിഡന്‍റെ വ്ളാദിമിര്‍ സെലന്‍സ്കി എക്സിൽ കുറിച്ചത്.

'റഷ്യയുടെ പേൾ ഹാര്‍ബര്‍ നിമിഷം' എന്നാണ് യുക്രൈനിന്‍റെ ഡ്രോൺ ആക്രമണത്തെ റഷ്യൻ സൈനിക ബ്ലോഗർമാരും വിദഗ്ധരും വിശേഷിപ്പിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തിന്‍റെ വ്യാപ്തിയും റഷ്യയുടെ പ്രതിരോധത്തിലെ ബലഹീനതയും ഇത് വെളിപ്പെടുത്തുന്നു. കൂടാതെ റഷ്യയുടെ സൈനിക ശേഷിക്കേറ്റ കനത്ത പ്രഹരമായിരുന്നു ആക്രമണം. രണ്ട് ആക്രമണവും ഓര്‍ക്കാപ്പുറത്തായിരുന്നു എന്നതാണ് മറ്റൊരു ഘടകം. പേൾ ഹാര്‍ബര്‍ ആക്രമണം അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് തള്ളിവിട്ടു. അതേപോലെ യുക്രൈൻ ആക്രമണം റഷ്യയെ യുദ്ധം തീവ്രമാക്കാൻ പ്രേരിപ്പിക്കുമെന്നോ അല്ലെങ്കിൽ ആണവ പ്രതികാര ഭീഷണി മുഴക്കുമെന്നോ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. പേൾ ഹാർബറിനെതിരായ ആക്രമണം വിമാനവാഹിനിക്കപ്പലുകളുടെയും പുതിയ യുദ്ധരീതികളുടെയും ഉദയത്തിന് വഴിയൊരുക്കിയതുപോലെ യുക്രൈനിന്‍റെ ഡ്രോൺ ആക്രമണം സൂചിപ്പിക്കുന്നത് ചെറുതും വിലകുറഞ്ഞതുമായ ഡ്രോണുകൾക്ക് ഏറ്റവും സംരക്ഷിത വ്യോമതാവളങ്ങളെപ്പോലും എങ്ങനെ ആക്രമിക്കാൻ കഴിയുമെന്നും ആഗോളതലത്തിൽ സൈനിക തന്ത്രങ്ങളെ മാറ്റിമറിക്കാൻ സാധ്യതയുണ്ടെന്നും ആണ്.

എന്നാൽ ഈ താരതമ്യം ശുദ്ധ അസംബന്ധവും അപൂര്‍ണവുമാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. പേൾ ഹാര്‍ബര്‍ ആക്രമണ സമയത്ത് യുക്രൈനും റഷ്യയും തമ്മിൽ യുദ്ധത്തിലായിരുന്നില്ലെന്നും ആക്രമണമാണ് പുതിയ സംഘര്‍ഷത്തിന് വഴിവച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. 2022 മുതൽ യുക്രൈനും റഷ്യയും യുദ്ധത്തിലാണ്. റഷ്യയുടെ നിരന്തരമായ ആക്രമണത്തിന് മേലുള്ള യുക്രൈന്‍റെ പ്രതികരണം മാത്രമാണ് ഡ്രോൺ ആക്രമണമെന്നാണ് ഒരു കൂട്ടരുടെ പക്ഷം. പേൾ ഹാർബറിലെ അപ്രതീക്ഷിത ആക്രമണത്തിന് വിപരീതമായി, യുക്രേനിയൻ നടപടി നിയമപരമായ ഒരു പ്രതിരോധ നടപടിയായും വ്യാപകമായി കണക്കാക്കപ്പെടുന്നു.

TAGS :

Next Story