Quantcast

'ഇസ്രായേലിന് വിവരങ്ങൾ കൈമാറുന്നു'; ജനങ്ങളോട് വാട്ട്‌സാപ്പ് ഉപേക്ഷിക്കാൻ ഇറാൻ, പ്രതികരണവുമായി കമ്പനി

ഇൻസ്റ്റഗ്രാമിനും ടെലഗ്രാമിനും പുറമെ ഇറാനിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാമൂഹ്യ മാധ്യമം വാട്ട്‌സാപ്പാണ്

MediaOne Logo

Web Desk

  • Published:

    18 Jun 2025 10:41 AM IST

ഇസ്രായേലിന് വിവരങ്ങൾ കൈമാറുന്നു; ജനങ്ങളോട് വാട്ട്‌സാപ്പ് ഉപേക്ഷിക്കാൻ ഇറാൻ, പ്രതികരണവുമായി കമ്പനി
X

തെഹ്‌റാൻ: പൗരന്മാരുടെ വിവരങ്ങൾ ഇസ്രായേലുമായി പങ്കുവെക്കുന്നെന്നാരോപിച്ച് മെസേജിങ് ആപ്പായ വാട്ടാസാപ്പ് സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യാനാവശ്യപ്പെട്ട് ഇറാൻ. ചൊവ്വാഴ്ചയാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വാട്ട്‌സാപ്പ് നീക്കം ചെയ്യാൻ നിർദേശം നൽകിയത്.

അതേസമയം, വിവരങ്ങൾ ചോർത്തുന്നുവെന്ന വാർത്ത വാട്ട്‌സാപ്പ് നിഷേധിച്ചു. ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഞങ്ങളുടെ സേവനങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള തെറ്റായ റിപ്പോർട്ടുകളിൽ ആശങ്കയുണ്ടെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പ് പ്രതികരിച്ചു. നിങ്ങൾ എവിടെയാണെന്നോ നിങ്ങളുടെ കൃത്യമായ സ്ഥലം എവിടെയാണെന്നോ ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ആർക്കാണ് സന്ദേശം അയക്കുന്നത് എന്നതിന്റെ ലോഗുകൾ സൂക്ഷിക്കുന്നില്ല. ആളുകൾ പരസ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങൾ ഞങ്ങൾ ട്രാക്ക് ചെയ്യുന്നില്ല. ഒരു സർക്കാറിനും ഞങ്ങൾ വിവരങ്ങൾ കൈമാറുന്നില്ല. വാട്ട്‌സാപ്പിലുപയോഗിക്കുന്നത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണ്. അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും മാത്രമേ സന്ദേശം വായിക്കാനാകൂവെന്നും വാട്ട്‌സാപ്പ് വ്യക്കമാക്കി.

ഇൻസ്റ്റഗ്രാമിനും ടെലഗ്രാമിനും പുറമെ ഇറാനിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാമൂഹ്യ മാധ്യമം വാട്ട്‌സാപ്പാണ്. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ 2022ൽ ഇറാനിൽ വാട്ട്‌സാപ്പും ഗൂഗ്ൾ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. കഴിഞ്ഞവർഷം അവസാനമാണ് ഇതിന് രണ്ടുമുള്ള വിലക്ക് ഇറാൻ വിൻവലിച്ചത്.

അതേസമയം, ഇസ്രായേലിന് മേൽ ഇറാൻ യുദ്ധം പ്രഖ്യാപിച്ചു. ഇസ്രായേലിനെതിരെ യുദ്ധം തുടങ്ങിയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ അറിയിച്ചു. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് മുട്ടുമടക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ആയത്തുല്ല അലി ഖാംനഈ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാർഗറ്റ് ആണെന്നും യുഎസ് പ്രസിഡന്‍റ് ട്രംപ് ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഖാംനഈ യുദ്ധം തുടങ്ങിയെന്ന് പറയുന്ന സോഷ്യല്‍മീഡിയ പോസ്റ്റ് പങ്കുവെച്ചത്.

ഇറാനുമായി യുദ്ധത്തിന് അമേരിക്കയും തയ്യാറെടുത്തതായാണ് റിപ്പോര്‍ട്ട്. സ്വന്തം പാളയത്തിൽ നിന്നുള്ള കടുത്ത എതിർപ്പിനിടെയാണ് ട്രംപിന്റെ നീക്കം. അമേരിക്കൻ യുദ്ധക്കപ്പൽ തെക്കൻ ചൈനാ സമുദ്രത്തിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

TAGS :

Next Story