Quantcast

'ഇറാന് നേരെ ആണവായുധം പ്രയോഗിക്കില്ല'; റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്

ചർച്ചയിൽ പുരോഗതിയുണ്ടെങ്കിൽ ഇറാനുള്ള സമയ പരിധി നീട്ടുമെന്നും ട്രംപ് വ്യക്തമാക്കി

MediaOne Logo
ഇറാന് നേരെ ആണവായുധം പ്രയോഗിക്കില്ല; റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്
X

വാഷിംഗ്ടൺ: ഇറാനെതിരെ ആണവായുധ പ്രയോഗം നടത്താൻ അമേരിക്ക ആലോചിക്കുന്നെന്ന വാർത്തകൾ തള്ളി വൈറ്റ് ഹൗസ്. വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പ്രസ്താവന ആണവായുധം പ്രയോഗിക്കുമെന്ന അർത്ഥം നൽകുന്നില്ലെന്ന് വൈറ്റ് ഹൗസ് റാപ്പിഡ് റെസ്‌പോൺസ് വിഭാഗം വ്യക്തമാക്കി.

ഇറാൻ അതിന്റെ നിലപാട് മാറ്റിയില്ലെങ്കിൽ അമേരിക്ക ഇതുവരെ ഉപയോഗിക്കാത്ത 'പല ആയുധങ്ങളും' പ്രയോഗിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മടിയുണ്ടാകില്ലെന്ന് വാൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ പക്കൽ ഇനിയും പുറത്തെടുക്കാത്ത ആയുധശേഖരമുണ്ടെന്ന വാൻസിന്റെ ഈ പ്രസ്താവനയാണ് ആണവായുധ നീക്കമാണോ എന്ന രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചത്.

അതേസമയം, ഇറാന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. "ഇന്ന് രാത്രിയോടെ ഒരു നാഗരികത തന്നെ ഇല്ലാതാകും, അത് ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധമാകും''- എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കന്‍ സമയം രാത്രി 8 മണിയോടെയാണ് (ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 5.30) ട്രംപ് നൽകിയ അന്ത്യശാസനം അവസാനിക്കുക.

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ കടുത്ത ആക്രമണം ഉണ്ടാകുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്. എന്നാൽ ഇത് ആണവാക്രമണമാകില്ലെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചു. ഇതിനിടെ ചർച്ചയിൽ പുരോഗതിയുണ്ടെങ്കിൽ ഇറാനുള്ള സമയ പരിധി നീട്ടുമെന്നും ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസിന് മുമ്പാകെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനുള്ള അന്ത്യശാസന സമയ പരിധി പല തവണ ട്രംപ് നീട്ടിയിരുന്നു

TAGS :

Next Story