Quantcast

പെന്‍ഗ്വിന്റെ കൈപിടിച്ച് ഗ്രീന്‍ലാന്‍ഡിലേക്ക്; ട്രെന്‍ഡ് പിടിച്ച ട്രംപിന് പാളി, ട്രോള്‍ മഴ

പെന്‍ഗ്വിൻ്റെ ഒപ്പം മഞ്ഞിലൂടെ നടക്കുന്ന ട്രംപിൻ്റെ എഐ നിര്‍മിത ചിത്രം വൈറ്റ് ഹൗസാണ് പങ്കുവച്ചത്

MediaOne Logo
White House trolled over AI photo of Trump with penguin
X

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡാണ് മഞ്ഞിലൂടെ ഒറ്റയ്ക്ക് നടന്നുനീങ്ങുന്ന കുഞ്ഞന്‍ പെന്‍ഗ്വിന്റെ വീഡിയോ. 17 വര്‍ഷം മുമ്പുള്ള വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലായത്. ഒരുകൂട്ടം പെന്‍ഗ്വിനുകള്‍ ഒന്നിച്ച് നടക്കുമ്പോള്‍ ഒരു കുഞ്ഞു പെന്‍ഗ്വിന്‍ മാത്രം വഴി മാറി വേറൊരു ദിശയിലേക്ക് നടക്കുന്നതാണ് വീഡിയോ. ജെന്‍സി തലമുറയ്ക്ക് വലിയൊരു ജീവിതപാഠം നല്‍കുന്ന വീഡിയോയെന്ന നിലയിലാണ് ഇപ്പോള്‍ ഇത് വൈറലായത്. അതേസമയം, ഈ ട്രെന്‍ഡ് പിടിച്ച് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

വൈറലായ പെന്‍ഗ്വിന്റെ ഒപ്പം മഞ്ഞിലൂടെ നടക്കുന്ന ട്രംപിന്റെ എഐ നിര്‍മിത ചിത്രം വൈറ്റ് ഹൗസാണ് പങ്കുവച്ചത്. പെന്‍ഗ്വിന്റെ കയ്യില്‍ യുഎസ് പതാകയും ദൂരെ മഞ്ഞുമലകള്‍ക്കിടയില്‍ ഗ്രീന്‍ലാന്‍ഡ് പതാകയുമുണ്ട്. ഗ്രീന്‍ലാന്‍ഡിനു മേല്‍ യുഎസ് അവകാശവാദമുന്നയിക്കുന്നതിനിടെയാണ് ഒട്ടേറെ രാഷ്ട്രീയ മാനങ്ങളുള്ള ചിത്രം വൈറ്റ് ഹൗസ് പോസ്റ്റ് ചെയ്തത്.

എന്നാല്‍, പണി പാളി. നിറയെ മഞ്ഞുണ്ടെങ്കിലും ഗ്രീന്‍ലാന്‍ഡില്‍ ഒരു പെന്‍ഗ്വിന്‍ പോലുമില്ലെന്ന് നെറ്റിസണ്‍സ് ട്രംപിനെ ഓര്‍മിപ്പിച്ചു. പെന്‍ഗ്വിനുകള്‍ ദക്ഷിണാര്‍ധഗോളത്തില്‍ മാത്രം കാണുന്ന ജീവികളാണ്. ഗ്രീന്‍ലാന്‍ഡ് ഉള്‍പ്പെടുന്ന ഉത്തരാര്‍ധ ഗോളത്തില്‍ പെന്‍ഗ്വിനുകള്‍ ഇല്ല. പെന്‍ഗ്വിനുകള്‍ അന്റാര്‍ട്ടിക്ക മേഖലയിലും ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്ത് അമേരിക്ക തുടങ്ങിയ മേഖലയിലും മാത്രമാണുള്ളത്. ഇതറിയാതെയാണ് വൈറ്റ് ഹൗസ് ട്രംപിനെയും പെന്‍ഗ്വിനെയും ഗ്രീന്‍ലാന്‍ഡില്‍ കൊണ്ടുപോയതെന്ന് പലരും കളിയാക്കി.

ട്രംപിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള നിരവധി ട്രോളുകളാണ് ഇതിന് പിന്നാലെയുണ്ടായത്. ട്രംപിനെ ധ്രുവക്കരടി ഓടിക്കുന്നതിന്റെ എഐ വീഡിയോകളും പലരും പങ്കുവച്ചു. യുഎസിലെ എപ്‌സ്റ്റൈന്‍ ഫയല്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ട്രംപ് ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡ് വിഷയം ഉയര്‍ത്തുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപ് ഒരു കോമാളി വേഷത്തില്‍ പെന്‍ഗ്വിനൊപ്പം നടക്കുന്നതിന്റെയും, പെന്‍ഗ്വിനു പകരം ഇസ്രായേലിന്റെ കൈപിടിച്ച് നടക്കുന്നതിന്റെയും ട്രോള്‍ ചിത്രങ്ങള്‍ നെറ്റിസണ്‍സ് പങ്കുവെക്കുന്നുണ്ട്.

TAGS :

Next Story