Quantcast

ഇറാൻ സൈനിക ശക്തിയുടെ ബുദ്ധികേന്ദ്രം; ആരാണ് ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദി?

ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നഗരങ്ങൾ തകർക്കപ്പെടുകയും ചെയ്യുന്ന ഈ യുദ്ധമുഖത്ത്, പതിറ്റാണ്ടുകളുടെ സൈനിക-രാഷ്ട്രീയ പരിചയമുള്ള വാഹിദിയുടെ നിയമനം ഇറാന്റെ അതിജീവന പോരാട്ടത്തിൽ നിർണായകമാകും

MediaOne Logo
ഇറാൻ സൈനിക ശക്തിയുടെ ബുദ്ധികേന്ദ്രം; ആരാണ് ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദി?
X

അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണങ്ങളിൽ മുതിർന്ന സൈനിക, രാഷ്ട്രീയ നേതൃത്വങ്ങളെ തുടർച്ചയായി നഷ്ടപ്പെടുന്ന അതിസങ്കീർണമായൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇറാൻ കടന്നുപോകുന്നത്. രാജ്യത്തെ ഏറ്റവും ശക്തവും സ്വാധീനമുള്ളതുമായ പദവിയായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) കമാൻഡർ സ്ഥാനത്തേക്ക് പുതിയതായി നിയോഗിക്കപ്പെട്ടിരിക്കുന്നത് ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയാണ്. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാവുന്ന, അക്ഷരാർഥത്തിൽ മരണത്തിന്റെ നിഴൽ വീണുകിടക്കുന്ന ഈ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നത് തികച്ചും തന്ത്രപരമായ തീരുമാനമാണ്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നഗരങ്ങൾ തകർക്കപ്പെടുകയും ചെയ്യുന്ന ഈ യുദ്ധമുഖത്ത്, പതിറ്റാണ്ടുകളുടെ സൈനിക-രാഷ്ട്രീയ പരിചയമുള്ള വാഹിദിയുടെ നിയമനം ഇറാന്റെ അതിജീവന പോരാട്ടത്തിൽ നിർണായകമാകും.

വിദ്യാർഥിയിൽ നിന്നും ഇന്റലിജൻസ് മേധാവിയിലേക്ക്

1958ൽ മധ്യ ഇറാനിയൻ നഗരമായ ഷിറാസിലാണ് അഹമ്മദ് വാഹിദി ജനിച്ചത്. ഷിറാസ് സർവകലാശാലയിൽ ഇലക്ട്രോണിക് എൻജിനീയറിങ് വിദ്യാർഥിയായിരിക്കെയാണ് 1979ലെ ഇസ്‌ലാമിക വിപ്ലവം കൊടുമ്പിരിക്കൊള്ളുന്നത്. വിപ്ലവാവേശത്തിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തൊട്ടടുത്ത വർഷം, 1980ൽ തന്നെ ഐആർജിസിയിൽ അംഗമായി. ഇന്റലിജൻസ് മേഖലയിൽ മുൻപരിചയമൊന്നും ഇല്ലാതിരുന്നിട്ടും, മികച്ച ഔദ്യോഗിക ബന്ധങ്ങളിലൂടെയും പ്രായോഗിക ബുദ്ധിയിലൂടെയും അദ്ദേഹം അതിവേഗം ഉന്നത സ്ഥാനങ്ങളിലേക്ക് കുതിച്ചു. ഐആർജിസി ഇന്റലിജൻസ് യൂണിറ്റിൽ ആഭ്യന്തര സുരക്ഷാ വിഭാഗം ഉപമേധാവിയായി തുടങ്ങിയ വാഹിദി, 1983ൽ ഇന്റലിജൻസ് മേധാവിയായി ചുമതലയേറ്റു. 1980 മുതൽ 1988 വരെ നീണ്ടുനിന്ന രക്തരൂക്ഷിതമായ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇന്റലിജൻസ് മേധാവിയായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഇറാന്റെ സൈനിക ചരിത്രത്തിൽ നിർണായകമായി വിലയിരുത്തപ്പെടുന്നു.

നയതന്ത്ര നീക്കങ്ങളും ഖുദ്‌സ് ഫോഴ്‌സിന്റെ രൂപീകരണവും

സൈനിക നീക്കങ്ങൾക്ക് പുറമെ നിർണായകമായ പല നയതന്ത്ര-രഹസ്യ ചർച്ചകളിലും അദ്ദേഹം ഐആർജിസിയുടെ മുഖമായി പ്രവർത്തിച്ചിട്ടുണ്ട്. 1985നും 1987നും ഇടയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെ ഭരണകൂടവുമായി ഇറാൻ നടത്തിയ രഹസ്യ ചർച്ചകളിൽ പങ്കെടുത്തത് വാഹിദിയായിരുന്നു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുമെന്ന് കരുതിയെങ്കിലും ഈ ചർച്ചകൾ പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. 1990ൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഐആർജിസിയുടെ കീഴിൽ പുതിയതായി ആരംഭിച്ച അതിവിശിഷ്ട സേനാവിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ പ്രഥമ കമാൻഡറായി വാഹിദിയെ നിയമിച്ചു. പല യൂണിറ്റുകളായി ചിതറിക്കിടന്നിരുന്ന വിഭാഗങ്ങളെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡിന് കീഴിൽ അദ്ദേഹം വിജയകരമായി ഏകീകരിച്ചു. ഈ ശക്തമായ അടിത്തറയിലാണ് പിന്നീട് വന്ന ഖാസിം സുലൈമാനി ഖുദ്‌സ് ഫോഴ്‌സിനെ ആഗോളതലത്തിൽ തന്നെ കരുത്തുറ്റ ഒന്നാക്കി മാറ്റിയത്.

സൈനിക യൂണിഫോമിൽ നിന്നും രാഷ്ട്രീയ ഭരണത്തിലേക്ക്

മുൻ ഐആർജിസി കമാൻഡർമാരായ മേജർ ജനറൽ ഹുസൈൻ സലാമി, മേജർ ജനറൽ മുഹമ്മദ് പക്പൂർ എന്നിവരിൽ നിന്നും വാഹിദിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ വിപുലമായ രാഷ്ട്രീയ പരിചയസമ്പത്താണ്. പ്രതിരോധ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം 2005ൽ അഹമ്മദി നജാദ് പ്രസിഡന്റായപ്പോൾ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായി. തുടർന്ന് 2009 മുതൽ നാല് വർഷക്കാലം ഇറാന്റെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചു. ടാങ്കുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ എന്നിവയുൾപ്പെടെ ഇറാന്റെ ആയുധശേഖരം വൻതോതിൽ വികസിപ്പിച്ചത് ഇക്കാലത്താണ്. പിന്നീട് സുപ്രിം നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റി പ്രസിഡന്റായും പ്രവർത്തിച്ചു. 2021ൽ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഭരണത്തിൽ അദ്ദേഹം ആഭ്യന്തര മന്ത്രിയായി നിയമിതനായി. മഹ്സ അമിനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ വൻ ജനകീയ പ്രക്ഷോഭങ്ങളെ ഭരണകൂടം അതിക്രൂരമായി അടിച്ചമർത്തിയത് വാഹിദി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്.

ബ്യൂണസ് ഐറിസ് ആക്രമണവും അന്താരാഷ്ട്ര ഉപരോധങ്ങളും

1994ൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന ബോംബാക്രമണത്തിന് പിന്നിൽ വാഹിദിയാണെന്ന ആരോപണമുണ്ടായിരുന്നു. 275 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ട്രക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ 85 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹിദി ഖുദ്‌സ് ഫോഴ്‌സ് കമാൻഡറായിരുന്ന കാലത്ത് നടന്ന ഈ ആക്രമണത്തിന്റെ മുഖ്യ ബുദ്ധികേന്ദ്രം അദ്ദേഹമാണെന്ന് അർജന്റീന ആരോപിച്ചു, എന്നാൽ ഇറാൻ ഇത് നിഷേധിച്ചു. സംഭവം അന്വേഷിച്ച പ്രോസിക്യൂട്ടർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതും വലിയ വാർത്തയായിരുന്നു. തുടർന്ന് 2010ൽ വാഹിദിയെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.

മുന്നിലുള്ള വലിയ വെല്ലുവിളികൾ: ഈ പദവിയിലെ അതിജീവനം സാധ്യമോ?

തുടർച്ചയായ കൊലപാതകങ്ങൾക്ക് ശേഷം ഐആർജിസിയുടെ തലപ്പത്ത് എത്തുമ്പോൾ വാഹിദിക്ക് മുന്നിലുള്ളത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. 2025 ജൂണിൽ ഹുസൈൻ സലാമി കൊല്ലപ്പെട്ടതോടെ ആക്റ്റിങ് കമാൻഡറായും, ഡിസംബറിൽ ഡെപ്യൂട്ടി കമാൻഡറായും നിയമിതനായ അദ്ദേഹത്തിന്, മേജർ ജനറൽ മുഹമ്മദ് പക്പൂർ കൂടി കൊല്ലപ്പെട്ടതോടെയാണ് ഇപ്പോൾ പൂർണ ചുമതല ലഭിക്കുന്നത്. ഇസ്രയേലിൽ നിന്നും അമേരിക്കയിൽ നിന്നും ഇനിയുമുണ്ടാകാനിടയുള്ള കടുത്ത ആക്രമണങ്ങളെ നേരിടാൻ സൈന്യത്തെ പ്രാപ്തമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചില ഇറാനിയൻ സൈനിക യൂണിറ്റുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഏകോപിപ്പിക്കുക എന്ന കഠിനമായ ചുമതലയും അദ്ദേഹത്തിനുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വാക്കുകൾ അടിവരയിടുന്നു.

TAGS :

Next Story