Quantcast

നിശബ്ദനാക്കാൻ കഴിയാത്ത പോരാളി; ആരാണ് ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘം കൊലപ്പെടുത്തിയ സാലിഹ് അൽജഫറാവി

ഗസ്സയിലെ ഏറ്റവും ശ്രദ്ധേയരായ പത്രപ്രവര്‍ത്തകരിലൊരാളും കൂടിയായിരുന്നു അൽജറാഫി

MediaOne Logo

Web Desk

  • Published:

    13 Oct 2025 11:02 AM IST

നിശബ്ദനാക്കാൻ കഴിയാത്ത പോരാളി; ആരാണ് ഇസ്രായേൽ പിന്തുണയുള്ള സായുധ സംഘം കൊലപ്പെടുത്തിയ   സാലിഹ് അൽജഫറാവി
X

Saleh Al-Jafarawi Photo| X

തെൽ അവിവ്: വെടിനിര്‍ത്തൽ കരാര്‍ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഗസ്സ മാധ്യമപ്രവര്‍ത്തകരുടെ കൊലക്കളമായി മാറിയിരിക്കുകയാണ്. ഫലസ്തീൻ മാധ്യമപ്രവർത്തകൻ സാലിഹ് അൽജഫറാവിയാണ് ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത്. ഗസ്സയിലെ സാബ്ര പരിസരത്ത് ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അൽജറാഫിയെ ഇസ്രായേൽ പിന്തുണയുള്ള സായുധ മിലിഷ്യ സംഘം വെടിവച്ചു കൊലപ്പെടുത്തിയത്. ഇതോടെ 2023 ഒക്ടോബർ മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 270 ആയി.

ആരാണ് അൽജഫറാവി?

സഹപ്രവര്‍ത്തകര്‍ക്കിടയിൽ 'മിസ്റ്റര്‍ എഫ്എഎഫ്ഒ' എന്നറിയപ്പെടുന്ന സാലിഹ് ഗസ്സയിലെ യുദ്ധത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ കവറേജിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഇസ്രായേലിന്‍റെ 'റെഡ് നോട്ടീസ്' പട്ടികയിലും ഉൾപ്പെട്ടിരുന്നു. ഗസ്സയിലെ ഏറ്റവും ശ്രദ്ധേയരായ പത്രപ്രവര്‍ത്തകരിലൊരാളും കൂടിയായിരുന്നു അൽജറാഫി. ഇൻസ്റ്റഗ്രാമിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സാലിഹ് ടിക് ടോക്ക് , ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും വംശഹത്യയുടെ ക്രൂരത നിരന്തരം ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു. തന്‍റെ ക്യാമറയിലൂടെയും സത്യസന്ധമായ പോസ്റ്റുകളിലൂടെയും യുദ്ധനാശത്തെക്കുറിച്ചും മനുഷ്യരുടെ വേദനകളെക്കുറിച്ചുമാണ് അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി സംസാരിച്ചത്.

ഐഡിഎഫിൽ നിന്ന് തനിക്ക് നേരിട്ട് ഭീഷണികൾ ലഭിച്ചിരുന്നതായി ഒരിക്കൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. "ഞാൻ സാലിഹ് അൽജഫറാവി, ഒരു സ്വതന്ത്ര പത്രപ്രവർത്തകനാണ്. എന്‍റെ സുരക്ഷയ്ക്ക് അന്താരാഷ്ട്ര സമൂഹമാണ് ഉത്തരവാദിയെന്ന് ഞാൻ കരുതുന്നു." ഭീഷണികൾക്കുള്ള അൽജറാഫിയുടെ മറുപടി ഇതായിരുന്നു. 2024 ഫെബ്രുവരി 15 ന് തെക്കൻ ഗസ്സയിലെ അൽ-നാസർ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെയും രോഗികളെയും സുരക്ഷിതമായ ഒരു വഴിയിലൂടെ ഒഴിപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെ നിരവധി ഇസ്രായേലി ഡ്രോണുകൾ അൽജഫറാവിയെ ലക്ഷ്യം വയ്ക്കുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

“ഈ 467 ദിവസങ്ങളിൽ ഞാൻ കടന്നുപോയ എല്ലാ രംഗങ്ങളും അവസ്ഥകളും എന്‍റെ ഓർമയിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. കടന്നുപോയ വഴികൾ ഒരിക്കലും മറക്കാൻ കഴിയില്ല” കഴിഞ്ഞ ജനുവരിയിൽ അൽ ജസീറയോട് സംസാരിക്കവെ അൽജറാഫി പറഞ്ഞു. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാതെയുള്ള ഭയപ്പെടുത്തുന്ന ജീവിതമാണ് തന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വ്യോമാക്രമണങ്ങൾക്ക് ശേഷമോ ആശുപത്രി കിടക്കകളിൽ നിന്നോ അദ്ദേഹം ചിത്രീകരിച്ച വീഡിയോകൾ ഗസ്സയിലെ സാധാരണക്കാര്‍ കടന്നുപോകുന്ന ഭീകരമായ അവസ്ഥ കാണിച്ചുതരുന്നതായിരുന്നു. തന്‍റെ മരണത്തെക്കുറിച്ചുള്ള വ്യാജ റിപ്പോർട്ടുകൾ പുറത്തുവന്നതിനുശേഷവും, അൽജഫറാവി ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും സധൈര്യത്തോടെയും ദൃഢനിശ്ചയത്തോടെയും ഗസ്സയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ലോകത്തെ അറിയിക്കുകയും ചെയ്യുമായിരുന്നു.പ്രതിസന്ധികൾക്കിടയിലും നിശ്ശബ്ദനാക്കാൻ കഴിയാത്ത മാധ്യമപ്രവര്‍ത്തകനായിരുന്നു സാലിഹ്.

അൽ ജഫറാവിയുടെ ശരീരത്തിൽ തുളച്ചുകയറി ഏഴ് വെടിയുണ്ടകൾ

ടിആർടി വേൾഡിന്‍റെ റിപ്പോർട്ട് പ്രകാരം സാലിഹ് അൽജഫറാവിയെ ആയുധധാരികളായ ആളുകൾ വളഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സാലിഹിന്റെ ശരീരത്തിൽ ഏഴ് വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്. കൊല്ലപ്പെട്ട ശേഷം പുറത്തുവന്ന ദൃശ്യങ്ങളിൽ സാലിഹിന്‍റെ മൃതദേഹം ഒരു ട്രക്കിന്‍റെ പിൻഭാഗത്ത് 'പ്രസ്സ്' ജാക്കറ്റ് ധരിച്ചിരിക്കുന്നതായി കാണാമായിരുന്നു.

"വ്യോമാക്രമണങ്ങളിലൂടെയും പ്രോക്സി മിലിഷ്യകളിലൂടെയും ഫലസ്തീൻ പത്രപ്രവർത്തകരെ ലക്ഷ്യമിടുന്ന ഇസ്രായേലിന്‍റെ നയത്തിന്റെ നേരിട്ടുള്ള ഫലമാണ്" എന്ന് വിശേഷിപ്പിച്ച ഗസ്സ ഗവൺമെന്‍റ് മീഡിയ ഓഫീസ് കൊലപാതകത്തെ ശക്തമായി അപലപിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തലിന്‍റെ പ്രാരംഭ ഘട്ടത്തിലാണ് അൽജഫറാവിയുടെ കൊലപാതകം.

ഈ ആഴ്ചയുടെ തുടക്കത്തിൽ, ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാർ ആഘോഷിക്കുന്നതിനിടെ അൽജഫറാവിയുടെ ഒരു വീഡിയോ വൈറലായിരുന്നു. ഗസ്സയിലെ വംശഹത്യയെക്കുറിച്ചും പട്ടിണിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് ഇസ്രായേലിന്‍റെ നോട്ടപ്പുള്ളിയാക്കുകയായിരുന്നു.

ഒക്ടോബർ 10 ന്, ഗസ്സ സിറ്റിയുടെ അതേ പരിസരത്ത് നടന്ന ഒരു ആക്രമണത്തിന്‍റെ അനന്തരഫലങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അബുദബി ടിവിയിൽ ജോലി ചെയ്യുന്ന ഒരു ഫോട്ടോ ജേണലിസ്റ്റ് അറഫാത്ത് അൽ-ഖൗറിന് ഇസ്രായേലി ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വ്യോമാക്രമണമായാലും സായുധ സംഘങ്ങളായാലും മാധ്യമ പ്രവർത്തകരെ ലക്ഷ്യം വയ്ക്കുന്നത് ഗസ്സയുടെ കഥ ലോകത്തോട് പറയാൻ ശ്രമിക്കുന്നവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയര്‍ത്തുകയാണ്.

പോരാട്ടത്തിന്‍റെ പ്രതീകം

ഗസ്സയിലെ ദുരിതത്തിന്‍റെയും സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും ഒരു ഡിജിറ്റൽ ആർക്കൈവ് ആയി അൽജഫറാവിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടരും. അദ്ദേഹത്തിന്‍റെ ക്യാമറയിലൂടെ ഇസ്രായേലിന്‍റെ ക്രൂരതകൾ മാത്രമല്ല, നിരന്തരമായ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന മനുഷ്യരെയും ലോകം കണ്ടു. യുദ്ധം മൂലം അദൃശ്യരായവര്‍ക്ക് അദ്ദേഹം ശബ്ദമാവുകയായിരുന്നു. ഗസ്സയിലെ പലര്‍ക്കും അദ്ദേഹത്തിന്‍റെ മരണം വ്യക്തിപരമായ നഷ്ടവും പോരാട്ടത്തിന്‍റെ പ്രതീകവുമാണ്.

TAGS :

Next Story