എന്തുകൊണ്ടാണ് മൈക്രോസോഫ്റ്റ് ഇസ്രായേലിന് സേവനങ്ങൾ വിലക്കിയത്?
ഗസ്സയിൽ ഇസ്രായേൽ സൈന്യം ഫലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കാൻ മൈക്രോസോഫ്റ്റിന്റെ എഐ ടൂളാണ് ഉപയോഗിച്ചിരുന്നത്

വാഷിംഗ്‌ടൺ: ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ദശലക്ഷക്കണക്കിന് ഫലസ്തീനികളുടെ ഫോൺ കോളുകളടക്കമുള്ള സ്വകാര്യ വിവരങ്ങൾ നിരീക്ഷിക്കുകയും ചോർത്തുകയും ചെയ്തെന്ന ആരോപണത്തെ തുടർന്ന് ഇസ്രായേലി സൈനിക യൂണിറ്റിലേക്കുള്ള സേവനങ്ങൾ നിർത്തിവെച്ച് മൈക്രോസോഫ്റ്റ്. ഇസ്രായേൽ സൈന്യം ഫലസ്തീനിലെ സിവിലിയന്മാരുടെ ഫോൺകാൾ ഡാറ്റകൾ ശേഖരിക്കുന്നതിനും ഫയലുകൾ സംഭരിക്കുന്നതിനുമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമായ 'അസൂർ' ഉപയോഗിക്കുന്നതായും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. വലിയ അളവിലുള്ള സെൻസിറ്റീവ്, ക്ലാസിഫൈഡ് ഇന്റലിജൻസ് ഡാറ്റകൾ അസൂറിലേക്ക് മാറ്റാനുള്ള ഇസ്രായേൽ പദ്ധതിയെക്കുറിച്ച് 2021 അവസാനത്തോടെ തന്നെ മൈക്രോസോഫ്റ്റിന് അറിയാമായിരുന്നുവെന്നും ചോർന്ന ഫയലുകളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.
ഗസ്സയിൽ ഇസ്രായേൽ സൈന്യം തങ്ങളുടെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധിച്ച നിരവധി ജീവനക്കാരെ മൈക്രോസോഫ്റ്റ് സമീപ മാസങ്ങളിൽ പിരിച്ചുവിട്ടിരുന്നു. ഗസ്സയിലെ വംശഹത്യക്ക് കാരണമായ ഇസ്രായേൽ സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്റെ ബന്ധത്തിൽ പ്രതിഷേധിച്ച് നിരവധി പേർ കമ്പനിയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
എന്നാൽ മൈക്രോസോഫ്റ്റ് ആ അവകാശവാദങ്ങൾ നിരന്തരം നിഷേധിച്ചിരുന്നു. പിന്നീട് ഇസ്രായേൽ സൈന്യം ഫലസ്തീനികളെ നിരീക്ഷിക്കാൻ തങ്ങളുടെ എഐ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇസ്രായേൽ സൈന്യം തങ്ങളുടെ സേവനങ്ങൾ എന്തിനാണ് ഉപയോഗിച്ചിരുന്നത് എന്ന് അറിയില്ലായിരുന്നുവെന്നാണ് കമ്പനിയുടെ വാദം.
ഇസ്രായേൽ സൈന്യത്തിൽ നിന്ന് നിർദിഷ്ട മൈക്രോസോഫ്റ്റ് സേവന സബ്‌സ്‌ക്രിപ്‌ഷനുകൾ മാത്രമേ തടഞ്ഞിട്ടുള്ളൂവെന്നും രാജ്യത്തിന്റെ സൈബർ സുരക്ഷക്കായി ഇസ്രായേലിന് ഇപ്പോഴും മറ്റ് മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും കമ്പനി പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 65,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ വംശഹത്യയിൽ ഇസ്രായേൽ സൈന്യം ഫലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കാൻ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയറാണ് ഉപയോഗിച്ചിരുന്നത്.
Adjust Story Font
16

