Quantcast

ഗ്രീൻലാൻഡിന് മേൽ കണ്ണുവെച്ച് അമേരിക്ക; ട്രംപിന്‍റെ ദ്വീപ് മോഹത്തിന് പിന്നിൽ!

നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ട്ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്

MediaOne Logo
ഗ്രീൻലാൻഡിന് മേൽ കണ്ണുവെച്ച് അമേരിക്ക; ട്രംപിന്‍റെ ദ്വീപ് മോഹത്തിന് പിന്നിൽ!
X

വാഷിങ്ടൺ: വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മദുറോയെ പിടികൂടിയതിന് പിന്നാലെ ഗ്രീൻലാൻഡ് പിടിച്ചടക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നീക്കം വീണ്ടും ചര്‍ച്ചയാവുകയാണ്. ഗ്രീന്‍ലന്‍ഡ് തനിക്ക് ‘അത്യന്താപേക്ഷിതമാണ്’ എന്നാണ് ട്രംപ് ഈയിടെ പറഞ്ഞത്. ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള സൈനിക നടപടി ഉൾപ്പെടെയുള്ള നിരവധി സാധ്യതകൾ ന പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ചർച്ച ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

എന്നാൽ ഡെൻമാര്‍ക്കിന്‍റെ കണ്ണായ പ്രദേശമായ ഈ ദ്വീപ് വിൽപനക്ക് വച്ചിട്ടില്ലെന്നും ഗ്രീൻലാൻഡിനെതിരായ യുഎസ് സൈനിക ആക്രമണം നാറ്റോ സൈനിക സഖ്യത്തിന് അന്ത്യം കുറിക്കുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക് സെൻ പറഞ്ഞു.

ട്രംപ് ഗ്രീൻലാൻഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

ഒരുകാലത്ത് ഡാനിഷ് കോളനിയായിരുന്ന ഗ്രീൻലാൻഡ് ഇപ്പോൾ ഡെൻമാർക്കിന്‍റെ ഒരു സ്വയംഭരണ പ്രവിശ്യയാണ്.നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ട്ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഇത്. ഏകദേശം 57,000 ജനസംഖ്യയുള്ള ഗ്രീൻലാൻഡ്, അമേരിക്കയുടെ ഭാഗമാകാനുള്ള ആശയം പലതവണ നിരസിച്ചിരുന്നു.

മുമ്പ് തുലെ എയര്‍ബേസ് എന്നറിയപ്പെട്ടിരുന്ന ഗ്രീന്‍ലാന്‍ഡിന്‍റെ പിറ്റുഫിക് സ്‌പേസ് ബേസ് ഇപ്പോള്‍ യുഎസിന്‍റെ ഉടമസ്ഥതയിലാണ്. റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ ഉത്തരകൊറിയയിൽ നിന്നോ പോലും വരുന്ന ഏതൊരു മിസൈലും യുഎസിന് നിരീക്ഷിക്കാനും തടയാനും കഴിയും. അതുപോലെ, ഗ്രീൻലാൻഡിൽ നിന്ന് ഏഷ്യയിലേക്കോ യൂറോപ്പിലേക്കോ മിസൈലുകൾ വിക്ഷേപിക്കാനും സാധിക്കും.

അപൂര്‍വ ധാതുക്കളാൽ സമ്പന്നം

836,000 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ധാതുസമ്പുഷ്ടമായ ദ്വീപാണ് ഗ്രീൻലാൻഡ്. അപൂർവ എർത്ത് ധാതുക്കളുടെ ( (Rare Earth Minerals)) വൻ നിക്ഷേപം തന്നെ ഇവിടെയുണ്ട് . ഇത് മൊബൈൽ ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് എന്നിവയിൽ മാത്രമല്ല, ബോംബുകളിലും മറ്റ് ആയുധങ്ങളിലും ഉപയോഗിക്കുന്നു. നിലവിൽ, ചൈന ഈ ധാതുക്കളുടെ ഒരു പ്രധാന വിതരണക്കാരാണ്. കൂടാതെ യുഎസിൽ സമ്മർദം ചെലുത്താൻ അപൂർവ എർത്ത് വ്യവസായത്തിലെ ആധിപത്യം മുതലെടുത്തിട്ടുണ്ട്. അതേസമയം 2021 ൽ, യുറേനിയം ഖനനം നിരോധിക്കുന്ന ഒരു നിയമം ഗ്രീൻലാൻഡ് പാസാക്കിയിട്ടുണ്ട്.

ധാതുക്കൾക്ക് വേണ്ടിയല്ല, ദേശീയ സുരക്ഷക്ക് വേണ്ടിയാണ് ഗ്രീൻലാൻഡിനെ സ്വന്തമാക്കുന്നതെന്നായിരുന്നു കഴിഞ്ഞ മാസം ട്രംപ് പറഞ്ഞത്. എന്നാൽ ട്രംപിന്‍റെ ലക്ഷ്യം പ്രകൃതിവിഭവങ്ങളാണെന്ന് കഴിഞ്ഞ ജനുവരിയിൽ ട്രംപിന്‍റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ നീക്കത്തിനെതിരെ യൂറോപ്യൻ രാജ്യങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തി. "ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങളുടേതാണ് . ഡെന്മാർക്കിനെയും ഗ്രീൻലാൻഡിനെയും സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണ്. " ബ്രിട്ടൺ, ജർമനി, ഫ്രാൻസ്, പോളണ്ട്, ഇറ്റലി, സ്പെയിൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. "ആർട്ടിക് മേഖല ഒരു മുൻഗണനയാണെന്നും യൂറോപ്യൻ സഖ്യകക്ഷികൾ മുന്നോട്ട് വരുന്നുണ്ടെന്നും'' നാറ്റോ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story