ഇറാനിൽ ഭരണമാറ്റം അസാധ്യമായത് എന്തുകൊണ്ട്?
സാമ്പത്തിക തകർച്ച, ജനകീയ പ്രക്ഷോഭങ്ങൾ, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം എന്നിവയ്ക്കിടയിലും ഇറാൻ ഭരണകൂടം എങ്ങനെ പിടിച്ചുനിൽക്കുന്നു എന്നത് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണ്

- Updated:
2026-03-09 11:57:19.0

തെഹ്‌റാൻ: ഇറാനിലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടം ദശാബ്ദങ്ങളായി ആഭ്യന്തരവും അന്തർദേശീയവുമായ കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക തകർച്ച, ജനകീയ പ്രക്ഷോഭങ്ങൾ, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം എന്നിവയ്ക്കിടയിലും ഈ ഭരണകൂടം എങ്ങനെ പിടിച്ചുനിൽക്കുന്നു എന്നത് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്യുന്ന പ്രധാന വിഷയമാണ്. ഭരണമാറ്റം ലക്ഷ്യമിട്ട് ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ പത്തുദിവസം പിന്നിടുമ്പോഴും അധികാരം പിടിച്ചെടുക്കുക എന്നത് വെല്ലുവിളിയായി തുടരുന്നു. ഈ പശ്ചാത്തലത്തിൽ, ഇറാനിലെ ഭരണമാറ്റം എന്തുകൊണ്ട് അസാധ്യമാകുന്നു എന്നതിലേക്ക് നയിക്കുന്ന കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
ലോകത്തിലെ മറ്റ് ജനാധിപത്യ അല്ലെങ്കിൽ ഏകാധിപത്യ രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ഭരണസംവിധാനമാണ് ഇറാനിലേത്. 1979ലെ വിപ്ലവത്തിന് ശേഷം രൂപീകൃതമായ ഈ വ്യവസ്ഥിതിയിൽ അധികാരം ഒരൊറ്റ കേന്ദ്രത്തിലല്ല, മറിച്ച് പരസ്പരം ബന്ധിക്കപ്പെട്ട നിരവധി സമിതികളിലായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. ഈ സങ്കീർണമായ അധികാര വിഭജനം തന്നെയാണ് വലിയ ജനകീയ പ്രക്ഷോഭങ്ങളെയും അന്താരാഷ്ട്ര സമ്മർദങ്ങളെയും അതിജീവിച്ച് മുന്നോട്ട് പോകാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ സഹായിക്കുന്നത്.
ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത അധികാരം പരമോന്നത നേതാവ് (Supreme Leader) എന്ന പദവിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. 88 അംഗങ്ങളുള്ള 'അസംബ്ലി ഓഫ് എക്സ്പെർട്ട്സ്' തെരഞ്ഞെടുക്കുന്ന ഒരു മുതിർന്ന മതപണ്ഡിതനായിരിക്കും ഈ സ്ഥാനത്ത് എത്തുക. സൈനിക തലപ്പത്തുള്ളവർ, ഇന്റലിജൻസ് മേധാവികൾ തുടങ്ങി രാജ്യത്തെ എല്ലാ സുപ്രധാന നിയമനങ്ങളിലും ഇദേഹത്തിന് നേരിട്ട് ഇടപെടാൻ സാധിക്കും. വിപ്ലവാനന്തര ഇറാൻ ചരിത്രത്തിൽ ഇതുവരെ ആയത്തുള്ള റൂഹുല്ല ഖുമൈനി, ആയത്തുല്ല അലി ഖാംനഈ എന്നീ രണ്ടുപേരാണ് ഇറാന്റെ പരമോന്നത നേതാക്കൾ.
ഭരണകൂടത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ അസംബ്ലി ഓഫ് എക്സ്പെർട്ട്സും ഗാർഡിയൻ കൗൺസിലും നിർണായക പങ്ക് വഹിക്കുന്നു. പരമോന്നത നേതാവിനെ നിയമിക്കാനും (ആവശ്യമെങ്കിൽ നീക്കം ചെയ്യാനും) അധികാരമുള്ള 88 അംഗ സമിതിയാണ് അസംബ്ലി. അതേസമയം, നിയമങ്ങൾ ഇസ്‌ലാമിക നിയമങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കുന്ന 12 അംഗ ഗാർഡിയൻ കൗൺസിലിന് വലിയ രാഷ്ട്രീയ സ്വാധീനമുണ്ട്. പാർലമെന്റിലേക്കോ പ്രസിഡന്റ് സ്ഥാനത്തേക്കോ ആർക്കൊക്കെ മത്സരിക്കാം എന്ന് തീരുമാനിക്കുന്നത് ഇവരാണ്. ഇതിലൂടെ ഭരണകൂടത്തിന് വിരുദ്ധമായ ആശയങ്ങളുള്ളവരെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ അവർക്ക് സാധിക്കുന്നു.
ഇറാനിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ തലവനാണ് പ്രസിഡന്റ്. നിലവിൽ മസൂദ് പെസഷ്കിയാൻ വഹിക്കുന്ന ഈ പദവി ബജറ്റ് അവതരിപ്പിക്കാനും മന്ത്രിമാരെ നിയമിക്കാനും ഉത്തരവാദിത്തപ്പെട്ടതാണ്. എന്നാൽ പ്രസിഡന്റിനെ സഹായിക്കാനായി എക്സ്പിഡിയൻസി കൗൺസിൽ എന്നൊരു സമിതി കൂടിയുണ്ട്. പാർലമെന്റും ഗാർഡിയൻ കൗൺസിലും തമ്മിൽ തർക്കങ്ങൾ ഉണ്ടായാൽ പരിഹരിക്കുക എന്നതും പരമോന്നത നേതാവിനെ ഉപദേശിക്കുക എന്നതുമാണ് ഇവരുടെ ദൗത്യം. കൂടാതെ, ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യറി സമൂഹത്തിൽ ശക്തമായ നിയന്ത്രണം ഉറപ്പാക്കുന്നു.
ഇറാന്റെ സുരക്ഷാ സംവിധാനം രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായാണ് പ്രവർത്തിക്കുന്നത്. അതിർത്തികൾ സംരക്ഷിക്കാൻ രാജവാഴ്ചയുടെ കാലം മുതലുള്ള അർട്ടേഷ് (Artesh) എന്ന സൈന്യമുണ്ട്. എന്നാൽ 1979ൽ നിലവിൽ വന്ന ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ആണ് ഭരണകൂടത്തിന്റെ യഥാർത്ഥ സംരക്ഷകർ. പരമോന്നത നേതാവിനോട് മാത്രം കൂറുള്ള ഇവർക്ക് സ്വന്തമായി നാവിക-വ്യോമ സേനകളുണ്ട്. 'ബാസിജ്' മിലിഷ്യയും, വിദേശ രാജ്യങ്ങളിൽ ഹമാസ്, ഹിസ്ബുല്ല, ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്ന 'ഖുദ്‌സ് ഫോഴ്സും' ഇതിന്റെ ഭാഗമാണ്.
ചുരുക്കത്തിൽ, അധികാരം പല തട്ടുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്നതും ഓരോ വിഭാഗവും പരമോന്നത നേതാവിനോട് നേരിട്ട് ഉത്തരവാദിത്തമുള്ളവരായിരിക്കുന്നതും ഇറാന്റെ ഭരണകൂടത്തെ ശക്തമാക്കുന്നു. സാമ്പത്തിക ഉപരോധങ്ങളും ആഭ്യന്തര പ്രക്ഷോഭങ്ങളും നിലനിൽക്കുമ്പോഴും, സൈന്യവും മതനേതൃത്വവും തമ്മിലുള്ള ഈ സുശക്തമായ ബന്ധമാണ് ഭരണകൂടത്തിന്റെ തകർച്ചയെ തടഞ്ഞുനിർത്തുന്നത്. ഇതിന് പുറമെ മറ്റു ചില ഘടകങ്ങൾ കൂടി ഇറാന്റെ ഭരണകൂടത്തെ താങ്ങി നിരത്തുന്നുണ്ട്.
സാമ്പത്തിക തന്ത്രങ്ങൾ
അന്താരാഷ്ട്ര ഉപരോധങ്ങൾ ഇറാൻ സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നുണ്ടെങ്കിലും, അത് പൂർണമായും തകരാതെ നോക്കാൻ ഭരണകൂടത്തിന് സാധിക്കുന്നുണ്ട്. ചൈനയുമായുള്ള എണ്ണ വ്യാപാരം, റഷ്യയുമായുള്ള സൈനിക-സാമ്പത്തിക ബന്ധങ്ങൾ എന്നിവ ഇറാന് ഒരു 'ലൈഫ് ലൈൻ' ആയി പ്രവർത്തിക്കുന്നു. ഉപരോധങ്ങളെ മറികടക്കാൻ വികസിപ്പിച്ചെടുത്ത സമാന്തര സാമ്പത്തിക ശൃംഖലകളും ഭരണകൂടത്തിന് ആശ്വാസമാകുന്നു.
വിഭജിക്കപ്പെട്ട പ്രതിപക്ഷം
ഭരണകൂടത്തിനെതിരെ ജനരോഷം നിലനിൽക്കുന്നുണ്ടെങ്കിലും, അവയെ ഏകോപിപ്പിക്കാൻ ശക്തമായ ഒരു നേതൃത്വമോ പ്രതിപക്ഷമോ ഇറാനിലില്ല എന്നത് ഭരണകൂടത്തിന് ഗുണകരമാകുന്നു. വിദേശത്തുള്ള പ്രതിപക്ഷ ഗ്രൂപ്പുകൾക്കിടയിലെ ഭിന്നതയും, രാജ്യത്തിനകത്ത് വളർന്നുവരുന്ന പ്രതിഷേധങ്ങളെ മുളയിലേ നുള്ളാനുള്ള സുരക്ഷാ സേനയുടെ കഴിവും ഭരണമാറ്റത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു.
ഭരണകൂടത്തോടുള്ള കൂറ്
ജനസംഖ്യയുടെ ഒരു വിഭാഗം ഇപ്പോഴും നിലവിലെ ഭരണകൂടത്തിന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരോ അല്ലെങ്കിൽ ഭരണകൂടത്തിൽ നിന്ന് നേരിട്ട് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരോ ആണ്. സൈന്യത്തിനുള്ളിലെയും സർക്കാർ സംവിധാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ അചഞ്ചലമായ കൂറ് അട്ടിമറി സാധ്യതകളെ കുറയ്ക്കുന്നു.
പ്രാദേശിക സ്വാധീനം
പ്രോക്സികളാണ് ഇറാന്റെ മറ്റൊരു കരുത്ത്. പശ്ചിമേഷ്യയിലെ പ്രധാന സായുധ ഗ്രൂപ്പുകളായ ഹിസ്ബുല്ല, ഹൂതികൾ എന്നിവർ നൽകുന്ന പിന്തുണയിലൂടെ തങ്ങളുടെ സ്വാധീനം അതിർത്തിക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ ഇറാന് കഴിയുന്നുണ്ട്. ഇത് തങ്ങൾക്ക് നേരെയുള്ള ഭീഷണികളെ നേരിടാനുള്ള ഒരു പ്രതിരോധ കവചമായി ഇറാൻ ഉപയോഗിക്കുന്നു.
ഇറാനിലെ ഭരണകൂടം നിലവിൽ നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളാണ്. എങ്കിലും, തന്ത്രപരമായ വിദേശബന്ധങ്ങൾ, ശക്തമായ സുരക്ഷാ സംവിധാനം എന്നിവയിലൂടെ അവർ അധികാരം നിലനിർത്തുന്നു. എന്നാൽ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മോശമാകുന്നതും യുവതലമുറയുടെ വർധിച്ചുവരുന്ന അതൃപ്തിയും ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം എന്നും നിരീക്ഷകർ വിലയിരുത്തുന്നു.
Adjust Story Font
16
