Quantcast

വെനസ്വേലയ്ക്ക് രക്ഷയൊരുക്കാൻ റഷ്യ എത്തുന്നു?

ലാറ്റിൻ അമേരിക്കയിൽ നേരിട്ടുള്ള ഇടപെടലിന് ട്രംപ് ഭരണകൂടം തയാറെടുക്കുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. അതിനിടെയാണ്, റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈനീക സഹായം തേടി വെനസ്വേലയും രംഗത്തെത്തുന്നത്

MediaOne Logo

Web Desk

  • Published:

    4 Nov 2025 7:15 PM IST

വെനസ്വേലയ്ക്ക് രക്ഷയൊരുക്കാൻ റഷ്യ എത്തുന്നു?
X

കരീബിയൻ മേഖലയിൽ വൻതോതിലുള്ള സൈനിക വിന്യാസം, ലാറ്റിൻ അമേരിക്കയിൽ നേരിട്ടുള്ള ഇടപെടലിന് ട്രംപ് ഭരണകൂടം തയാറെടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുകയാണ്. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്കിന് തടയിടുക എന്ന കാരണം ഉയർത്തിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റ് വെനസ്വേലയെ ലക്ഷ്യമിടുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യത്തിനകത്ത് നേരിട്ടൊരു ആക്രമണത്തിന് മുതിരില്ല എന്ന് ട്രംപ് പറയുന്നുണ്ടെങ്കിലും സൈനിക വിന്യാസത്തിന്റെ തോത് അനുദിനം വർധിക്കുകയാണ്. അതിനിടെയാണ്, റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈനീക സഹായം തേടി വെനസ്വേലയും രംഗത്തെത്തുന്നത്.

മയക്കുമരുന്ന് സംഘങ്ങളെ വേട്ടയാടന്നുവെന്ന് പറഞ്ഞ്, പതിനഞ്ചോളം ആക്രമണങ്ങളാണ് അമേരിക്കൻ നാവിക സേന കരീബിയൻ കടലിൽ ഇതുവരെ നടത്തിയത്. സെപ്റ്റംബറിന് ശേഷം 64 പേർ ഈ മേഖലയിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. മയക്കുമരുന്നുമായെത്തിയ ബോട്ടിലുണ്ടായിരുന്നവരെയാണ്‌ ആക്രമിക്കുന്നത് എന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്‌സേത്ത്‌ ഉൾപ്പെടെയുള്ളവർ ഇതിനെ ന്യായീകരിക്കുന്നത്. അതേസമയം, ആരെയാണ് കൊല്ലുന്നത് എന്നുപോലും അമേരിക്കൻ ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നാണ് ദ ഇന്റർസെപ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മയക്കുമരുന്ന് സംഘങ്ങളുടെ വേട്ടയാടൽ എന്നതിന്റെ മറവിൽ വെനസ്വേലയിലെ നിക്കോളാസ് മഡുറോ സർക്കാരിനെ അട്ടിമറിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നതാണ് വിദേശകാര്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതിന്റെ അമേരിക്കൻ ചാരസംഘടന സിഐഎയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തന്നെ നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവിൽ ഇത്തരത്തിലുള്ള ചെറിയ ആക്രമണങ്ങളാണ് തുടരുന്നതെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിന്റെ വരവോടെ വരും ആഴ്ചകളിൽ ഈ മേഖല കൂടുതൽ സംഘര്ഷഭരിതമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വാഷിംഗ്‌ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, കരീബിയൻ മേഖലയിൽ ഇപ്പോൾത്തന്നെ എട്ട് നാവിക യുദ്ധക്കപ്പലുകളും, ആണവ ശേഷിയുള്ള അന്തർവാഹിനിയുമുണ്ട്. യു എസ് എസ് ജറാൾഡ് കൂടി എത്തുന്നതോടെ 4,000-ത്തിലധികം അധിക സൈനികർ കൂടി ഇവിടെക്കെത്തും.

ഈ പശ്ചാത്തലത്തിലാണ്, റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈനിക സഹായം മഡൂറോ തേടുന്നത്. പ്രതിരോധ റഡാറുകൾ, വിമാന അറ്റകുറ്റപ്പണിക്കുള്ള സംവിധാനങ്ങൾ, മിസൈലുകൾ എന്നിവ നൽകണമെന്നാണ് അഭ്യർത്ഥന. റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനോടും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനോടും കത്തിലൂടെ അഭ്യർഥനകൾ നടത്തിയ മദൂറോ ചൈനീസ് കമ്പനികളുടെ റഡാർ സംവിധാനങ്ങളുടെ ഉൽപാദനം വേഗത്തിലാക്കാക്കാനും ചൈനീസ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അഭ്യർത്ഥനകളോട് അനുകൂലമായ പ്രതികരണമാണ് റഷ്യ നടത്തിയിരിക്കുന്നത്. വെനസ്വേലയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഭീഷണി എവിടെ നിന്ന് വന്നാലും അവയെ മറികടക്കാൻ സഹായിക്കുമെന്നുമാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പ്രതികരിച്ചത്. അമേരിക്കയുടെ ഇടപെടലുകൾ അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തിയ റഷ്യ, വെനസ്വേല ഭരണകൂടത്തിനുള്ള പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്

പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കീഴിൽ, റഷ്യയും വെനിസ്വേലയും നല്ല ബന്ധമാണ് പുലർത്തിപോരുന്നത്. 2018 ഡിസംബറിൽ റഷ്യ വെനിസ്വേലയിലേക്ക് ദീർഘദൂര ബോംബറുകൾ അയച്ചതെല്ലാം ആ ബന്ധം ബലപ്പെടുന്നതിന്റെ സൂചനയായിരുന്നു. വെനിസ്വേലയുടെ വിശാലമായ എണ്ണ- വാതക ശേഖരവും , പശ്ചിമാർദ്ധഗോത്തിൽ യു എസ് സൈന്യത്തിന്റെ ആധിപത്യത്തിന് പ്രതിരോധം തീർക്കുകയും- വെനിസ്വേലയോടുള്ള പുടിന്റെ സൈനിക നയസമീപനത്തിനു പിന്നിൽ ഈ രണ്ടു ലക്ഷ്യങ്ങളാണുള്ളത് എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

വെനിസ്വേലയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നും, റഷ്യ സഹായഹസ്തവുമായി രംഗത്തെത്തിയതെല്ലാം ഇതിന്റെ ഭാഗമായിരുന്നു. മുൻകൂർ പണമടച്ചുള്ള എണ്ണ വ്യാപാരം, വായ്പ പുനഃക്രമീകരണം തുടങ്ങിയ സംവിധാനങ്ങളിലൂടെ, റഷ്യ വെനിസുവേലയുടെ സാമ്പത്തിക തകർച്ചയെ പിടിച്ചുനിർത്താൻ വലിയതോതിലായിരുന്നു സഹായിച്ചത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതാകട്ടെ മഡുറോ സർക്കാരുമാണ്. അങ്ങനെയിരിക്കെയുള്ള അമേരിക്കയുടെ സൈനിക വെല്ലുവിളിയെ ചെറുക്കാൻ റഷ്യ കഴിയുന്നത് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, നേരിട്ടൊരു ആക്രമണത്തിന് യുക്രെയ്ൻ മുന്നിൽനിൽക്കേ റഷ്യ ഇറങ്ങിപ്പൊറപ്പെടാൻ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ഇറാനിൽ നിന്ന് സൈനിക ഉപകരണങ്ങളും ഡ്രോണുകളും വെനസ്വേലയിൽ അടുത്തിടെ എത്തിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അതിനുപുറമെ ജിപിഎസ് സ്ക്രാംബ്ലറുകൾ", ഏകദേശം 1,000 കിലോമീറ്റർ ദൂരപരിധിയുള്ള ഡ്രോണുകൾ എന്നിവയും ഇറാനോട് ആവശ്യപ്പെട്ടതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

TAGS :

Next Story