കമ്പനി തുടര്‍ച്ചയായി മെഡിക്കൽ ലീവുകൾ നിഷേധിച്ചു; ജീവനക്കാരി ശുചിമുറിയിൽ മരിച്ച നിലയിൽ
ജൂൺ 6ന് ജോഹന്നാസ്ബർഗിലുള്ള കമ്പനിയുടെ ഓഫീസ് കെട്ടിടത്തിലെ ഒരു ശുചിമുറിയിൽ ദ്‍ലാദ്‍ല കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു

- Published:
10 Jun 2026 2:16 PM IST

കേപ് ടൗൺ: രോഗബാധിതയായിട്ടും കമ്പനി തുടര്‍ച്ചയായി ലീവ് നിഷേധിച്ചതിന് പിന്നാലെ യുവതി ഓഫീസിലെ ശുചിമുറിയിൽ മരിച്ച നിലയിൽ. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വെഹിക്കിൾ ട്രാക്കിങ് കമ്പനിയായ 'കാർട്രാക്ക്'ന്‍റെ റോസ്ബാങ്ക് ഓഫീസിലെ ജീവനക്കാരിയായ ജ്‍സീന ദ്‍ലാദ്‍ലയാണ്(29) മരിച്ചത്.
ജൂൺ 6ന് ജോഹന്നാസ്ബർഗിലുള്ള കമ്പനിയുടെ ഓഫീസ് കെട്ടിടത്തിലെ ഒരു ശുചിമുറിയിൽ ദ്‍ലാദ്‍ല കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുൻപാണ് യുവതി കാര്‍ ട്രാക്കിൽ കോൾ സെന്‍റര്‍ ഏജന്‍റായി ജോലിക്ക് കയറുന്നത്. അടുത്തിടെയായി അമിത ജോലിഭാരവും ക്ഷീണവും കാരണം താൻ ബുദ്ധിമുട്ടുന്നതായി ദ്‍ലാദ്‍ല പരാതിപ്പെട്ടിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ തനിക്ക് സുഖമില്ലെന്ന് യുവതി സൂപ്പര്‍വൈസര്‍മാരോട് പലതവണ പറഞ്ഞിരുന്നു. എന്നാൽ ലീവ് നിഷേധിച്ച അധികൃതര്‍ ദ്‍ലാദ്‍ലയോട് ജോലിയിൽ തുടരാൻ നിര്‍ബന്ധിക്കുകയും ചെയ്തു. വേണമെങ്കിൽ വേദനസംഹാരി വാങ്ങാൻ സഹായിക്കാമെന്ന് പോലും വാഗ്ദാനം ചെയ്തു.
''അവൾ മാനസികമായും ശാരീരികമായും ആകെ തളര്‍ന്നുപോയിരുന്നു. വിശ്രമമില്ലാതെ വാരാന്ത്യങ്ങൾ ഉൾപ്പെടെ ദീർഘനേരം ജോലി ചെയ്യുകയായിരുന്നു. തലവേദന വന്നാലും ജോലിക്ക് പോകും" ദ്‍ലാദ്‍ലയുടെ അമ്മായി നോമുസ പ്രാദേശിക വാർത്താ വെബ്‌സൈറ്റായ സോവേതനോട് പറയുന്നു. മെഡിക്കൽ അവധികൾ നിരസിച്ചതിന് ശേഷം കമ്പനി ദ്‍ലാദ്‍ലക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നതായി അമ്മ പറയുന്നു. സിക്ക് ലീവ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.
"അസുഖമാണെന്ന് അറിയിക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തിട്ടും തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ തനിക്ക് മെമ്മോ അല്ലെങ്കിൽ വാണിംഗ് ലഭിക്കുമെന്ന് തിങ്കളാഴ്ച അവൾ എന്നോട് പറഞ്ഞിരുന്നു. അവർ അവൾക്ക് ആ വാണിംഗ് നൽകുകയും ചെയ്തു," നോമുസ വ്യക്തമാക്കി.വേദനസംഹാരികളായ പൊടികൾ കഴിക്കാൻ നിർദേശിച്ചതിന് തൊട്ടുപിന്നാലെ, യുവതി ഓഫീസിലെ ശുചിമുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ദ്‍ലാദ്‍ല കുഴഞ്ഞുവീണ വിവരം കാർട്രാക്ക് അധികൃതർ തങ്ങളെ അറിയിച്ചില്ലെന്നും, പാരാമെഡിക്കൽ ജീവനക്കാരെ (ആംബുലൻസ്) ബന്ധപ്പെടുന്നതിൽ കമ്പനി മനഃപൂർവം വൈകിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ ജീവനക്കാരിക്ക് അസുഖം ബാധിച്ചപ്പോൾ വീട്ടിൽ പോകാൻ അനുവദിച്ചില്ലെന്ന ആരോപണങ്ങൾ കാർട്രാക്ക് നിഷേധിച്ചു. ദ്‍ലാദ്‍ലക്ക് അസുഖം വന്നപ്പോൾ പരിശീലനം ലഭിച്ച ഫസ്റ്റ് റെസ്പോണ്ടർമാരിൽ നിന്ന് ഉടനടി സഹായം ലഭിച്ചിരുന്നുവെന്ന് കാർട്രാക്കിലെ കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ ലോറൻ ഹ്യൂമൻ അവകാശപ്പെട്ടു.
Adjust Story Font
16
