Quantcast

ഒരാഴ്ചയായി മൂക്കിന് അസ്വസ്ഥത; 58കാരി തുമ്മിയപ്പോൾ പുറത്തുവന്നത് ഒരിഞ്ച് നീളമുള്ള ജീവനുള്ള വിരകൾ

ഗ്രീസിലെ ഒരു ഗ്രാമപ്രദേശത്ത് താമസിക്കുന്ന 58 വയസ്സുകാരി സെപ്റ്റംബർ മാസത്തിൽ പുറത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു

MediaOne Logo
ഒരാഴ്ചയായി മൂക്കിന് അസ്വസ്ഥത; 58കാരി തുമ്മിയപ്പോൾ പുറത്തുവന്നത് ഒരിഞ്ച് നീളമുള്ള ജീവനുള്ള വിരകൾ
X

ഏതൻസ്: ഗ്രീസിലെ ഒരു സ്ത്രീക്കുണ്ടായ അനുഭവം ലോകമെമ്പാടുമുള്ള ഡോക്ടർമാരെയും ശാസ്ത്രലോകത്തെയും അമ്പരപ്പിച്ചിരിക്കുകയാണ് . മൂക്കിൽ കടുത്ത വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട യുവതി ശക്തമായി തുമ്മിയപ്പോൾ ഏകദേശം ഒരു ഇഞ്ച് നീളമുള്ള ജീവനുള്ള വിരകൾ പുറത്തേക്ക് വരികയായിരുന്നു.

ഗ്രീസിലെ ഒരു ഗ്രാമപ്രദേശത്ത് താമസിക്കുന്ന 58 വയസ്സുകാരി സെപ്റ്റംബർ മാസത്തിൽ പുറത്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആടുകൾ മേയുന്ന ഒരു പാടത്തിന് സമീപമായിരുന്നു അവർ ജോലി ചെയ്തിരുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു. ആ സമയത്ത് ധാരാളം ഈച്ചകൾ തന്‍റെ മുഖത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്നത് അവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ അന്ന് അതൊരു സാധാരണ കാര്യമായേ അവർക്ക് തോന്നിയുള്ളൂ. പക്ഷേ, ഒരാഴ്ചയ്ക്ക് ശേഷം മൂക്കിനുള്ളിൽ വേദന അനുഭവപ്പെടാൻ തുടങ്ങി. തുടർന്നുള്ള ആഴ്ചകളിൽ കടുത്ത ചുമയും ഉണ്ടായി. ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിലും മറ്റ് രോഗലക്ഷണങ്ങളൊന്നും അപ്പോൾ പ്രകടമായിരുന്നില്ല.

എന്നാൽ ഒക്ടോബര്‍ 15ഓടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. അന്ന് സ്ത്രീ തുമ്മിയപ്പോൾ ഒരു ചെറിയ വിര പുറത്തേക്ക് വന്നു. ഇത് കണ്ട് പരിഭ്രാന്തയായ അവർ ഉടൻ തന്നെ വൈദ്യസഹായം തേടുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടര്‍മാര്‍ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയയിലൂടെ മൂക്കിൽ നിന്നും 10 ലാർവകളെയും ഒരു പ്യൂപ്പയെയും നീക്കം ചെയ്തു. വിരകൾ പൂര്‍ണവളര്‍ച്ചയെത്തുന്നതിനും ലാർവ ഘട്ടത്തിനും ഇടയിലുള്ള അവസ്ഥയാണ് പ്യൂപ്പ.

പരിശോധനയിൽ ഈ വിരകൾ 'ഒസ്‌ട്രസ് ഓവിസ്' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആടുകളുടെ മൂക്കിൽ കാണപ്പെടുന്ന ഈച്ചകളുടെ ലാർവകളാണെന്ന് കണ്ടെത്തി. ഇവ സാധാരണയായി ആടുകളുടെയും ചെമ്മരിയാടുകളുടെയും മൂക്കിലാണ് ജീവിക്കുന്നത്. മനുഷ്യരിൽ ഇത്തരം അണുബാധകൾ ഉണ്ടാകുന്നത് വളരെ വിരളമാണ്. സാധാരണയായി മനുഷ്യശരീരത്തിൽ ഇവ ലാർവ ഘട്ടത്തിന് അപ്പുറം വളരാറില്ല. സ്ത്രീയുടെ മൂക്കിന്റെ ഉൾഭാഗത്തെ എല്ലിന് കാര്യമായ വളവ് ഉണ്ടായിരുന്നു. ഈ പ്രത്യേക ഘടന ലാർവകൾക്ക് വളരാൻ അനുയോജ്യമായ, സുരക്ഷിതമായ ഒരു ഇടം മൂക്കിനുള്ളിൽ ഒരുക്കുകയായിരുന്നു. കൃത്യസമയത്ത് ലഭിച്ച വിദഗ്ധ ചികിത്സ ലഭിച്ചതിനാൽ സ്ത്രീ സുഖം പ്രാപിച്ചുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

TAGS :

Next Story