'മരണം ഒരു മിഥ്യയാണ്'; എട്ടുമിനിറ്റ് 'മരിച്ച്' തിരികെ ജീവിതത്തിലേക്ക്, അനുഭവം പങ്കിട്ട് യുവതി
അമേരിക്കൻ യുവതിയാണ് ക്ലിനിക്കൽ ഡെത്ത് സ്ഥിരീകരിച്ചതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത്

ഫ്‌ളോറിഡ: മരിച്ച് ജീവിക്കുകയെന്നത് നമ്മുടെ നാട്ടിലുള്ള പ്രയോഗമാണ്. മരണത്തിന്റെ വക്കിലെത്തി തിരികെ ജീവിതത്തിലേക്ക് എത്തുന്നതിനെയാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കാറുള്ളത്. എന്നാൽ എട്ടുമിനിറ്റ് 'മരിച്ചതിന്' ശേഷം ജീവിതത്തിലേക്ക് തിരികെ വന്നാലോ..?
അമേരിക്കൻ യുവതിയാണ് ക്ലിനിക്കൽ ഡെത്ത് സ്ഥിരീകരിച്ചതിന് ശേഷം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നതും അനുഭവം പങ്കിടുകയും ചെയ്തിരിക്കുന്നത്. കൊളറാഡോ സ്വദേശിയായ 33 വയസുള്ള ബ്രിയാന ലാഫെർട്ടി എന്ന യുവതിയാണ് അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. അപൂർവ ജനിതക മസ്തിഷ്‌ക രോഗമായ 'മയോക്ലോണസ് ഡിസ്റ്റോണിയ' ബാധിതയായിരുന്നു ബ്രിയാന. എട്ട് മിനിറ്റ് പൾസ്, ശ്വാസം, തലച്ചോറിന്റെ പ്രവർത്തനം എന്നിവ ബ്രിയാനക്ക് നഷ്ടമായെന്നും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നെന്നുമാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.
'മരണം ഒരു മിഥ്യയാണ്. കാരണം നമ്മുടെ ആത്മാവ് ഒരിക്കലും മരിക്കുന്നില്ല,നമ്മുടെ ബോധം അപ്പോഴും നഷ്ടപ്പെടില്ല'..എന്നാണ് ബ്രിയാന തന്റെ 'മരണ' അനുഭവത്തെക്കുറിച്ച് പറയുന്നത്.
'എന്റെ ഭൗതിക ശരീരത്തിൽ നിന്ന് പെട്ടെന്നാണ് ഞാൻ വേർപിരിഞ്ഞത്.എന്നാൽ വേദനയുണ്ടായിരുന്നില്ല. സമാധാനത്തിന്റെയും വ്യക്തതയുടെയും ആഴത്തിലുള്ള ബോധം മാത്രമാണ് ഉണ്ടായിരുന്നത്. തയ്യാറാണോ എന്ന് ചോദിക്കുന്ന ഒരു ശബ്ദം കേട്ടു. പക്ഷേ പിന്നീട് എല്ലാം ഇരുണ്ടുപോയി'.യുവതി പറയുന്നു.
'മനുഷ്യനായിരുന്നപ്പോൾ ഞാൻ എന്തായിരുന്നുവെന്നത് എനിക്ക് ആ സമയം ഓർക്കാൻ കഴിഞ്ഞിരുന്നില്ല, പൂർണമായും നിശ്ചലനായിരുന്നു. എന്നിട്ടും എനിക്ക് പൂർണ ബോധത്തോടെ മുമ്പെന്നത്തേക്കാളും കൂടുതൽ എന്നെത്തന്നെ മനസിലാക്കാൻ സാധിച്ചു'- ബ്രിയാന പറഞ്ഞു.
അതേസമയം, ജീവിതത്തിലേക്ക് തിരിച്ചുവന്ന ബ്രിയാന ലാഫെർട്ടിക്ക് നടക്കാനും സംസാരിക്കാനും വീണ്ടും പഠിക്കേണ്ടി വന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്രിയാനയുടെ അനുഭവത്തിന് പിന്നിൽ
ബ്രിയാന ലാഫെർട്ടിയുടെ മരണത്തോടടുത്ത അനുഭവത്തിന് പ്രാഥമിക കാരണം 'മയോക്ലോണസ് ഡിസ്റ്റോണിയ' എന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണെന്ന് ഡോക്ടർമാർ പറയുന്നു. ഈ അവസ്ഥ ശാരീരിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും അനിയന്ത്രിതമായ പേശി ചലനങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
മയോക്ലോണസ് ഡിസ്റ്റോണിയയ്ക്ക് കൃത്യമായ ചികിത്സയില്ല. രോഗലക്ഷണങ്ങൾ ഓരോരുത്തർക്കും വ്യത്യസ്ഥമായിരിക്കും. ചില സന്ദർഭങ്ങളിൽ തലച്ചോറിന്റെ പ്രത്യേക പ്രവർത്തനം മൂലമുണ്ടാകുന്ന ന്യൂറോളജിക്കൽ പ്രതിഭാസങ്ങളാണ മരണത്തോടടുത്തുള്ള അനുഭവങ്ങൾ ഇത്തരം രോഗികളിലുണ്ടാകുന്നതെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഹൃദയമിടിപ്പ് നിലച്ചുകഴിഞ്ഞാലും തലച്ചോറിലുണ്ടായ തുടർച്ചയായ പ്രവർത്തനം ബോധാവസ്ഥയിലെ മാറ്റങ്ങളിലേക്കും നയിക്കുമെന്നും പഠനങ്ങൾ പറയുന്നു.
Adjust Story Font
16

