'യുക്രൈനിന്റെ ഒരിഞ്ച് ഭൂമിയും റഷ്യയ്ക്ക് വിട്ടുനൽകില്ല; സമാധാന ശ്രമങ്ങൾക്കിടെ സെലൻസ്‌കി
സമാധാന ചർച്ചയിൽ, യുക്രൈനിന്റെ ചില പ്രദേശങ്ങൾ റഷ്യയുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം

കീവ്: ഭൂമി വിട്ടുകൊടുത്തുള്ള ഒരു യുദ്ധവിരാമ ചർച്ചയ്ക്കും ഇല്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളോദിമർ സെലൻസ്‌കി. സമാധാന ചർച്ചയിൽ, യുക്രൈനിൻ്റെ ചില പ്രദേശങ്ങൾ റഷ്യയുമായി പങ്കുവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം.
റഷ്യയ്ക്ക് ഒരിഞ്ച് ഭൂമിയെങ്കിലും വിട്ടുകൊടുത്തുള്ള സമാധാന കരാർ യുക്രൈൻ അംഗീകരിക്കില്ലെന്നും സെലൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേഗത കൈവരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി യുക്രൈൻ പ്രസിഡൻ്റ് രംഗത്തെത്തിയത്.
"യുക്രൈനില്‍ അധിനിവേശം നടത്തിയവര്‍ക്ക് ഭൂമി നൽകില്ല, ഒരു കാര്യം വ്യക്തമാക്കാനാഗ്രഹിക്കുകയാണ്, റഷ്യ ചെയ്ത കാര്യങ്ങൾക്ക് തന്റെ രാജ്യം ഒരു അവാർഡും നൽകില്ല. കൊലപാതകങ്ങൾക്കൊരു താത്കാലിക വിരാമമല്ല, മറിച്ച് ശാശ്വത സമാധാനമാണ് വേണ്ടത്''- സെലൻസ്‌കി വ്യക്തമാക്കി. റഷ്യയുമായുള്ള യുദ്ധത്തിൽ, യുക്രൈൻ്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്നും സെലൻസ്കി പ്രഖ്യാപിച്ചു.
കിഴക്കൻ യുക്രൈനിലെ രണ്ട് പ്രവിശ്യകൾ റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാനക്കരാർ അമേരിക്കൻ പിന്തുണയോടെ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം മൂന്ന് വർഷത്തിലേറെ നീണ്ട സംഘർഷം അവസാനിപ്പിക്കാനുള്ള വഴികൾ ചർച്ചചെയ്യാൻ യൂറോപ്യൻ യൂണിയന്‍ പ്രതിനിധികള്‍ യുക്രൈന്‍ ഉദ്യോഗസ്ഥർ എന്നിവര്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ സന്ദര്‍ശിച്ചിരുന്നു. ഇംഗ്ലണ്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
Adjust Story Font
16

