Quantcast

ഇനിയും ഒടുങ്ങാത്ത യുക്രൈൻ യുദ്ധം, ചരിത്രമായ എലിസബത്തും ഗോർബച്ചേവും, ഒരു ബ്രിട്ടീഷ് 'ഇന്ത്യൻ ചരിതം'-ലോകം@2022

യുക്രൈന്‍ യുദ്ധക്കെടുതികള്‍, ശ്രീലങ്കയില്‍ പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും താഴെയിറക്കിയ ജനം, എലിസബത്ത് രാജ്ഞിയുടെയും മിഖായേൽ ഗോർബച്ചേവിന്റെയും വിയോഗം, ഇറാനില്‍ മഹ്സ അമിനിയുടെ ദുരൂഹമരണം... പോയ വർഷം ലോകഭൂപടത്തില്‍ ബാക്കിവയ്ക്കുന്നത് എന്തൊക്കെയാണ്?

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2023-01-02 14:14:50.0

Published:

2 Jan 2023 2:05 PM GMT

ഇനിയും ഒടുങ്ങാത്ത യുക്രൈൻ യുദ്ധം, ചരിത്രമായ എലിസബത്തും ഗോർബച്ചേവും, ഒരു ബ്രിട്ടീഷ് ഇന്ത്യൻ ചരിതം-ലോകം@2022
X

രണ്ടാം ലോക യുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ആദ്യത്തെ യുദ്ധം, ഏഴു പതിറ്റാണ്ടു കാലം ബ്രിട്ടനെ നയിച്ച ചരിത്രവനിതയുടെ വിയോഗം, ഇന്ത്യയെ നൂറ്റാണ്ടുകളോളം അടക്കിവാണ ബ്രിട്ടനെ ഭരിക്കാൻ ഒരു ഇന്ത്യൻ വംശജൻ, 800 കോടി എന്ന നാഴിക്കല്ലു പിന്നിട്ട ലോകജനസംഖ്യ.. ഇതിൽ എന്തിന്റെ പേരിലാകും 2022 ചരിത്രത്തിൽ ഓർക്കപ്പെടാൻ പോകുന്നത്? യുദ്ധം സൃഷ്ടിക്കുന്ന മാനുഷിക യാതനയെക്കുറിച്ച് യൂറോപ്പ് വേപഥു പൂണ്ട ദിനങ്ങളായിരുന്നു റഷ്യയുടെ യുക്രൈൻ അധിനിവേശക്കാലം. അതുതന്നെയായിരിക്കും 2022ന്റെ ചരിത്രമുദ്ര. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്തിന്റെയും സോവിയറ്റ് യൂനിയന്റെ ചരിത്രം തിരുത്തിയ മിഖായേൽ ഗോർബച്ചേവിന്റെയും വിയോഗം, ജപ്പാന്റെ ദീർഘകാല പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയുടെ ഞെട്ടിപ്പിക്കുന്ന കൊലപാതകം, ഇറാനിൽ മഹ്സ അമിനിയുടെ ദുരൂഹമരണം... എല്ലാം പോയ വർഷത്തിന്റെ നീറ്റലായി അവശേഷിക്കും.

റഷ്യയുടെ സർജിക്കൽ സ്ട്രൈക്ക്; യുക്രൈന്റെയും സെലൻസ്‌കിയുടെയും ഹീറോയിസം

നാറ്റോയിൽ ചേരാനുള്ള യുക്രൈൻ നീക്കത്തിനെതിരെയുള്ള നിരന്തര മുന്നറിയിപ്പുകൾക്കൊടുവിലായിരുന്നു റഷ്യയുടെ അസാധാരണമായ യുദ്ധപ്രഖ്യാപനം. ഫെബ്രുവരി 24ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ യുക്രൈനെതിരെ സൈനിക ഓപറേഷൻ പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് ഇതാദ്യമായി പൂർണാർത്ഥത്തിലുള്ളൊരു യുദ്ധത്തിനു സാക്ഷിയാകുന്നു. നാറ്റോയിൽ ചേരാനുള്ള യുക്രൈന്റെ നീക്കം, യുക്രൈന് യൂറോപ്യൻ രാജ്യങ്ങൾ നൽകുന്ന സൈനികസഹായം.. ഇതായിരുന്നു റഷ്യ കാരണമായി ചൂണ്ടിക്കാട്ടിയത്.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ റഷ്യയ്ക്കു മുന്നിൽ യുക്രൈൻ വളരെ വേഗത്തിൽ ആയുധംവച്ചു കീഴടങ്ങുമെന്നായിരുന്നു എല്ലാവരും കരുതിയത്. റഷ്യയെ മാത്രമല്ല, ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു യുക്രൈൻ. ഹാസ്യതാരമായിരുന്ന വ്ളാദിമിർ സെലൻസ്‌കി യുക്രൈന്റെ ഹീറോയായി. അദ്ദേഹം നേരിട്ടു നയിച്ച പ്രതിരോധത്തിൽ, യുക്രൈന്റെ പോരാട്ടവീര്യത്തിനു മുന്നിൽ റഷ്യയ്ക്ക് നിൽക്കക്കള്ളിയില്ലാതായി.

അതിനിടെ, കിഴക്കൻ യുക്രൈനിലെ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക്, ദക്ഷിണ പ്രദേശങ്ങളായ സാപൊറീഷ്യ, ഖേഴ്സൻ എന്നിവയാണ് റഷ്യയോടൊപ്പം ചേർത്തുകൊണ്ട് പുടിന്റെ പ്രഖ്യാപനവും വന്നു. യുക്രൈന്റെ 15 ശതമാനം വരുന്നതാണ് ഈ പ്രദേശങ്ങൾ റഷ്യയ്‌ക്കൊപ്പം ചേർക്കുന്നതിനായി ജനഹിത പരിശോധന നടത്തുകയും ഭൂരിപക്ഷവും അനുകൂലമായാണ് അഭിപ്രായം രേഖപ്പെടുത്തിയതെന്നും അവകാശപ്പെട്ടായിരുന്നു റഷ്യൻ നടപടി. എന്നാൽ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി നടപടിക്കെതിരെ വിമർശനമുയർന്നു.

യുക്രൈയൻ തലസ്ഥാനമായ കിയവ് ഒറ്റയടിക്ക് പിടിച്ചടക്കാമെന്ന പുടിന്റെ മോഹങ്ങൾക്കു തിരിച്ചടിയേറ്റു. റഷ്യ പിടിച്ചടക്കിയ ഖാർഖിവും ഖേഴ്സനും യുക്രൈൻ തിരിച്ചുപിടിക്കുകയും ചെയ്തു. സൈനികനടപടി ഒരു വർഷത്തിലേക്കു നീങ്ങുമ്പോൾ റഷ്യ കീഴടക്കിയയിടങ്ങളിൽനിന്നെല്ലാം പിന്തിരിഞ്ഞോടുകയാണ്.

രണ്ടു ഭാഗത്തുമായി രണ്ടു ലക്ഷത്തിലേറെ സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഏഴായിരത്തോളം സിവിലിയന്മാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. യുക്രൈനിൽ രണ്ടു കോടിയിലേറെ പേർക്ക് നാടും വീടും വിട്ട് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. റഷ്യ നിർബന്ധിത സൈനികസേവനം ഏർപ്പെടുത്താൻ നീക്കം നടത്തിയതോടെ നിരവധി യുവാക്കൾ രാജ്യംവിട്ടതായും വാർത്തയുണ്ടായിരുന്നു.

യുദ്ധം ലോകത്തെ ഒന്നാകെ ബാധിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ്, ബാർലി, ചോളം അടക്കമുള്ള ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുക്രൈൻ. യുദ്ധം വന്നതോടെ ധാന്യങ്ങളുടെ കയറ്റുമതി നിലച്ചു. ആഗോള ഭക്ഷ്യവിപണിയെ ഇതു വലിയ തോതിൽ പിടിച്ചുലയ്ക്കുകയും വിലയക്കയറ്റത്തിനിടയാക്കുകയും ചെയ്തു. യുദ്ധത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെ റഷ്യ തിരിച്ചടിച്ചത് ഇന്ധനകയറ്റുമതി റദ്ദാക്കിയായിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ പ്രധാന എണ്ണ, പ്രകൃതി വാതക സ്രോതസായിരുന്നു റഷ്യ. റഷ്യയുടെ കടുത്ത നടപടിയെ തുടർന്ന് യൂറോപ്പ് ശരിക്കും ഇരുട്ടിലായ അപൂർവകാഴ്ചയുമുണ്ടായി.

ചരിത്രം തിരുത്താതെ ഇമ്രാനും

പാകിസ്താനിൽ വിപ്ലവനായകനായി അധികാരമേറ്റ ഇമ്രാൻ ഖാനും മുൻഗാമികളുടെ വഴിയേ നടക്കേണ്ടിവന്നു. കാലാവധി പൂർത്തിയാക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ അപ്രതീക്ഷിതമായ രാഷ്ട്രീയനാടകങ്ങൾക്കൊടുവിൽ ഇമ്രാന് രാജിവച്ചൊഴിയേണ്ടിവന്നു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം വിജയിച്ചു. പാകിസ്താനിൽ ഒരു പ്രധാനമന്ത്രിക്കും അഞ്ചു വർഷ കാലാവധി പൂർത്തിയാക്കാനായിട്ടില്ലെന്ന ചരിത്രം തിരുത്താനാകാതെ ഏപ്രിൽ 11ന് ഇമ്രാൻ ഖാൻ താഴെയിറങ്ങി. അവിശ്വാസം വിജയിച്ച്, വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പാകിസ്താൻ പ്രധാനമന്ത്രിയുമായി ഇമ്രാൻ.

അധികാരമൊഴിഞ്ഞ ശേഷം പാകിസ്താൻ തഹ്രീകെ ഇൻസാഫ്(പി.ടി.ഐ) പ്രവർത്തകരെ സംഘടിപ്പിച്ച് ഇമ്രാൻ പലതവണ ശക്തിവിളംബരം നടത്തി. പുതുതായി അധികാരമേറ്റ ഷഹബാസ് ശരീഫ് സർക്കാരിനെതിരെ ഇമ്രാൻ പ്രഖ്യാപിച്ച ലോങ് മാർച്ചിനിടെ നവംബർ മൂന്നിന് അക്രമിയുടെ വെടിയേറ്റു. ദീർഘനാൾ ആശുപത്രിവാസം കഴിഞ്ഞാണ് അദ്ദേഹം പുറത്തിറങ്ങിയത്.

പാകിസ്താനെ പിടിച്ചുലച്ച് നൂറ്റാണ്ടിന്റെ പ്രളയത്തിനും ഈ വർഷം സാക്ഷിയായി. ജൂണിൽ ആരംഭിച്ച് ഒക്ടോബർ വരെ നീണ്ടുനിന്ന പ്രളയത്തിൽ 1,739 പേരാണ് മരിച്ചത്. 123 കോടിയുടെ നാശനഷ്ടങ്ങളും 12.55 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിനും മഹാകെടുതി ഇടയാക്കി.

ജനരോഷത്തിൽ പൊള്ളിയ ശ്രീലങ്ക

വിദേശനാണ്യ ശേഖരം തീർന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി ശ്രീലങ്ക. നിത്യോപയോഗ സാധനങ്ങൾക്കു പൊള്ളുംവിലയായി. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ശ്രീലങ്കൻ ജനത ഒടുവിൽ തെരുവിലിറങ്ങി.

പ്രസിഡന്റായിരുന്ന ഗോതബയ രജപക്സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും പ്രക്ഷോഭകാരികൾ എല്ലാ പ്രതിരോധവും മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. പ്രതിഷേധക്കാർ വസതി വളഞ്ഞതോടെ ഗോതബായ രജപക്സെയും കുടുംബവും സൈനികസഹായത്താൽ രാജ്യംവിട്ടു. പിന്നാലെ പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെ രാജിവച്ചു. ഒടുവിൽ ഏപ്രിൽ ഒൻപതിന് വിദേശത്തുനിന്ന് ഗോതബയയും രാജി പ്രഖ്യാപിച്ചു.


ദിവസങ്ങൾ നീണ്ട ഭരണപ്രതിസന്ധിക്കു പരിഹാരമായി ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി റെനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. പാർലമെന്റിൽ നടന്ന വോട്ടിങ്ങിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. ദിനേഷ് ഗുണവർധനെ പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.

ശ്രീലങ്കയുടെ 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജനകീയ വോട്ടെടുപ്പിലൂടെയല്ലാതെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. വിദേശ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളിലാണ് പുതിയ ഭരണകൂടം.

കർമഭൂമിയിൽ വെടിയേറ്റു വീണ് ആബെ

ജൂലൈ എട്ടിന് ജപ്പാനെയും ലോകമനഃസാക്ഷിയെയും ഞെട്ടിച്ച് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റു മരിച്ചു. ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആബെയ്ക്ക് ഒരു പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്.

നെഞ്ചിൽ രണ്ടു തവണയാണ് അക്രമിയുടെ വെടിയേറ്റത്. വെടിയേറ്റതിനു പിന്നാലെ ഹൃദയാഘാതവുമുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമിയെ സ്ഥലത്തുനിന്നു തന്നെ പിടികൂടുകയും ചെയ്തിരുന്നു.

2020 ആഗസ്റ്റിലാണ് ഷിൻസോ ആബെ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. 2006-07 കാലയളവിലും 2012 മുതൽ 2020 വരെയും ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്നു. പ്രതിപക്ഷ നേതാവായും ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.


2005ൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായതോടെയാണ് ജാപ്പനീസ് രാഷ്ട്രീയത്തിൽ നിർണായക ശബ്ദമായി മാറുന്നത്. തൊട്ടടുത്ത വർഷം ഡിസംബറിൽ എൽ.ഡി.പി പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. ഒരു വർഷം കഴിഞ്ഞ് ആരോഗ്യകാരണങ്ങളാൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 2012ൽ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം വീണ്ടും എൽ.ഡി.പി അധ്യക്ഷനായി. തൊട്ടടുത്ത വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൽ.ഡി.പി സ്വന്തമാക്കിയത്. 2014ലും 2017ലും വിജയം ആവർത്തിച്ചു. 2020ൽ ആരോഗ്യനില വീണ്ടും മോശമായതോടെ രാജിവയ്ക്കുകയായിരുന്നു.

മരണം മുന്നിൽകണ്ട റുഷ്ദി

ന്യൂയോർക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ 24കാരന്റെ വധശ്രമം. ആഗസ്റ്റ് 12നായിരുന്നു ലോകത്തെ ഞെട്ടിച്ച സംഭവം.


ന്യൂയോർക്കിലെ ഷറ്റാക്വ ഇൻസ്റ്റിറ്റിയൂഷനിൽ പ്രഭാഷണം നിർവഹിക്കാനെത്തിയതായിരുന്നു റുഷ്ദി. അവതാരകൻ വേദിയിലേക്ക് ക്ഷണിച്ചതിനു പിന്നാലെ ന്യൂജഴ്സി സ്വദേശിയായ ഹാദി മാതർ എന്നയാൾ കത്തികൊണ്ട് കുത്തുകയായിരുന്നു. ശരീരത്തിലുടനീളം പല തവണ കുത്തേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ചയും കൈയുടെ ചലനശേഷിയും പൂർണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. അക്രമിയായ ഹാദി മാതറിനെതിരെ സംഭവസ്ഥലത്തുനിന്നു തന്നെ പിടികൂടിയിരുന്നു.

ചരിത്രമായി ഗോർബച്ചേവ്

സോവിയറ്റ് യൂനിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് ആഗസ്റ്റ് 30ന് അന്തരിച്ചു. റഷ്യയിലെ മോസ്‌കോ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂനിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ഗോർബച്ചേവ് 1990-91 കാലയളവിലാണ് സോവിയറ്റ് യൂനിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. പിന്നാലെ യു.എസ്.എസ്.ആറിൻരെ ഗതിനിർണയിച്ച സുപ്രധാന രാഷ്ട്രീയ-സാമ്പത്തിക പരിഷ്‌കാരങ്ങൾ അവതരിപ്പിച്ചു.


ഗ്ലാസ്നോസ്ത്, പെരിസ്ട്രോയിക്ക പരിഷ്‌കാരങ്ങളും സോവിയറ്റ് യൂനിയനെ ജനാധ്യപത്യവത്കരിക്കാനുള്ള ശ്രമങ്ങളുമെല്ലാം ഏറെ കോളിളക്കം സൃഷ്ടിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം രൂപപ്പെട്ട ശീതയുദ്ധം അവസാനിപ്പിക്കാൻ നേതൃപരമായ പങ്കുവഹിച്ചു. പാശ്ചാത്യശക്തികളുമായി കൂട്ടുകൂടാനുള്ള നീക്കം വലിയ വിവാദമായി. സോവിയറ്റ് യൂനിയന്റെ ഏകാധിപത്യ രീതികൾക്ക് അന്ത്യം വരുത്താനും കൂടുതൽ ജനാധിപത്യ രീതികൾ നടപ്പാക്കാനും നേതൃത്വം നൽകി.

ഇതുപക്ഷെ തിരിച്ചടിച്ചു. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ദേശീയവികാരം അണപൊട്ടിയൊഴുകി. ഗോർബച്ചേവിന്റെ പരിഷ്‌ക്കാരങ്ങൾക്കെതിരെ അടക്കിപ്പിടിച്ചിരുന്ന മുറുമുറുപ്പുകളെല്ലാം വലിയൊരു ലാവ പോലെ പൊട്ടിയൊലിച്ചു. ഒടുവിലത് യു.എസ്.എസ്.ആറിന്റെ തകർച്ചയിലേക്കും നയിച്ചു. 1991 ഡിസംബർ 25ന് സോവിയറ്റ് യൂനിയൻ തകർന്നതോടെ ഗോർബച്ചേവിന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കേണ്ടി വന്നു. സോവിയറ്റ് യൂനിയന്റെ തകർച്ചയ്ക്ക് ഉത്തരവാദിയെന്ന പഴി കേൾക്കാനുള്ള വിധി അങ്ങനെ അദ്ദേഹത്തിന്റെ തലയിലായി.

ബ്രിട്ടനിൽ യുഗാന്ത്യം; എലിസബത്തിനു വിട

ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി സെപ്റ്റംബർ എട്ടിന് ചരിത്രമായി. 96-ാം വയസിൽ സ്‌കോട്ട്ലൻഡിലെ ബെൽമോർ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് എലിസബത്തിനെ അടക്കംചെയ്തത്.

അടുത്തകാലത്ത് ലോകം കണ്ടതിൽവച്ചേറ്റവും വലിയ ശവസംസ്‌കാരചടങ്ങുകൾക്കായിരുന്നു ലണ്ടൻ സാക്ഷ്യംവഹിച്ചത്. ലക്ഷങ്ങൾ അന്ത്യചടങ്ങിനു സാക്ഷിയാകാനെത്തി. രാജകുടുംബാംഗങ്ങളും ലോകനേതാക്കളുമെല്ലാം എലിസബത്തിന്റെ അന്ത്യയാത്രയിൽ പങ്കെടുത്തു. എലിസബത്തിൻരെ പിൻഗാമിയായി 70കാരനായ മകൻ ചാൾസ് നിയുക്തനായി. ചാൾസ് മൂന്നാമൻ എന്ന പേരിലാണ് ബ്രിട്ടീഷ് രാജാവായി സെപ്റ്റംബർ എട്ടിന് അധികാരമേറ്റത്.


2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീർഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോർഡിനുടമയാകുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നായിരുന്നു അവർ ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്ത് ഏറ്റവും ദീർഘകാലം ഒരു ഭരണകൂടത്തെ നയിച്ച രണ്ടാമത്തെ വ്യക്തിയുമായി ഈ വർഷം അവർ. കഴിഞ്ഞ ജൂണിലാണ് അവരുടെ അധികാരാരോഹണത്തിൻരെ 70-ാം വാർഷികം ബ്രിട്ടൻ രാജോചിതമായി ആഘോഷിച്ചത്.

അണയാത്ത തീയായി മഹ്‌സ അമിനി

ഇറാനിൽ ഇനിയും അണയാത്ത തീയായി കത്തുകയാണ് മഹ്സ അമിനി. ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ മത പൊലീസ് അറസ്റ്റ് ചെയ്ത 22കാരിയായ കുർദ് യുവതി മഹ്സ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചതായിരുന്നു എല്ലാത്തിനും തുടക്കം. പൊലീസ് കസ്റ്റഡിയിലിരിക്കെ സെപ്റ്റംബർ 16നായിരുന്നു മരണം.

അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ മഹ്സ കടുത്ത പൊലീസ് മർദനത്തിനിരയായിരുന്നതായി കുടുംബം ആരോപിച്ചു. പൊലീസ് ആക്രമണത്തിനു പിന്നാലെ ബോധം നഷ്ടപ്പെട്ട യുവതിക്ക് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്ന് ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഹൃദയാഘാതത്തെ തുടർന്നാണ് മഹ്സയുടെ മരണമെന്നാണ് പൊലീസും ഭരണകൂടവും വാദിച്ചത്. എന്നാൽ, മസ്തിഷ്‌ക രക്തസ്രാവവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവന്ന മെഡിക്കൽ സ്‌കാൻ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.


സംഭവം ഇറാനിലും ലോകമെങ്ങും വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. മതപൊലീസിനെ പിൻവലിക്കണമെന്ന് മുറവിളികളുയർന്നു. മഹ്സയ്ക്കു നീതി തേടി വിദ്യാർത്ഥികളും യുവാക്കളും തെരുവിലിറങ്ങി. തലസ്ഥാനമായ തെഹ്റാനിലടക്കം പതിനായിരങ്ങളാണ് ദിവസങ്ങളോളം പ്രതിഷേധവുമായി നിറഞ്ഞത്. മുടി മുറിച്ചും പരസ്യമായി ശിരോവസ്ത്രം കത്തിച്ചും യുവതികൾ പ്രതിഷേധിച്ചു.

പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ മുഴുവൻ ശ്രമങ്ങളും പരാജയപ്പെട്ടു. യു.എസ്, കാനഡ, ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ തുടങ്ങിയവയെല്ലാം ഇറാന് ഉപരോധം ഏർപ്പെടുത്തി. ഒടുവിൽ ഡിസംബർ നാലിന് ഇറാൻ മതപൊലീസിനെ പിരിച്ചുവിട്ടു. പ്രക്ഷോഭത്തിനിടെ 476 പേരാണ് പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടത്.

ബ്രിട്ടന്റെ ചെങ്കോലു പിടിച്ച് 'ഇന്ത്യക്കാരൻ'

ഒക്ടോബർ 25ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ബോറിസ് ജോൺസനും ലിസ് ട്രസിനും ശേഷം 50 ദിവസത്തിനിടെ ബ്രിട്ടന്റെ മൂന്നാം പ്രധാനമന്ത്രിയായായിരുന്നു ഋഷി സുനകിന്റെ ആരോഹണം.

സാമ്പത്തിക വിദഗ്ധൻ കൂടിയായ ഋഷി സുനകിന് 42 വയസ്സാണ് പ്രായം. ബ്രിട്ടൻരെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 2015ൽ കൺസർവേറ്റീവ് പാർട്ടി പാർലമെന്റ് അംഗമായാണ് സജീവരാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. ബോറിസ് ജോൺസൻ സർക്കാരിൽ ധനമന്ത്രിയായി താരവുമായി. ലോകത്തെ കോവിഡ് പിടിച്ചുകുലുക്കിയ സമയത്തായിരുന്നു ശ്രദ്ധേയമായി സാമ്പത്തിക നടപടികളിലൂടെ സുനക് ജനപ്രിയനായത്.

2020 ഫെബ്രുവരിയിൽ സാജിദ് ജാവിദ് രാജിവച്ച ഒഴിവിലാണ് ബ്രിട്ടീഷ് ധനമന്ത്രിയായി ഋഷി സുനക് നിയമിതനായത്. എന്നാൽ, അഴിമതി ആരോപണങ്ങൾക്കും പാർട്ടിക്കകത്തുനിന്നുള്ള പടലപ്പിണക്കങ്ങൾക്കും പിന്നാലെ ബോറിസ് ജോൺസൻ സെപ്റ്റംബർ ആറിനു പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു. ഇതോടെ ബ്രിട്ടനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിൻരെയും ഋഷി സുനകിന്റെ പേരുകൾ ഉയർന്നുകേട്ടു. സുനക് പ്രധാനമന്ത്രിയായേക്കുമെന്ന വാർത്തകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ തിരഞ്ഞെടുത്തത് ട്രസിനെയായിരുന്നു.


അധികാരമേറ്റ് 45 ദിവസം പദിവിയിലിരിക്കാനേ ലിസിനായുള്ളൂ. സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാജിവയ്ക്കേണ്ടിവന്നു. ലിസിന്റെ രാജിക്കു പിന്നാലെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനകിനു വഴിയൊരുങ്ങിയത്.

ഇന്ത്യൻ വംശജരുടെ മകനായി ഹാംഷയറിലെ സതാംപ്ടണിൽ ജനിച്ച ഋഷി സുനക് ഗോൾഡ്മാൻ സാച്ച്സ്, ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലാണ് കരിയറിനു തുടക്കമിട്ടത്. 2009ൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ ഋഷി വിവാഹം ചെയ്താണ് ജീവിതത്തിൽ വഴിത്തിരിവായത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ പ്രധാനമന്ത്രി കൂടിയാണ് സുനക്. ബ്രിട്ടീഷ് രാജകുടുംബത്തോടു പോലും കിടപിടിക്കാവുന്ന ആസ്തിയുണ് സുനക്-അക്ഷത ദമ്പതികൾക്ക്.

800 കോടി മനുഷ്യർ പാർക്കുന്ന ഭൂഗോളം

നവംബർ 15ന് ലോകജനസംഖ്യ 800 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ഐക്യരാഷ്ട്രസഭയാണ് ജനസംഖ്യാ വിവരങ്ങൾ പുറത്തുവിട്ടത്. 'എട്ടു ബില്യൻ ദിനം' എന്നാണ് ഈ നിർണായക ദിവസത്തെ യു.എൻ വിശേഷിപ്പിച്ചത്. അഭൂതപൂർവമായ വളർച്ചയാണിതെന്ന് യു.എൻ വിശേഷിപ്പിച്ചത്. ജനസംഖ്യയിൽ ചൈനയെയും പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണെന്നും യു.എൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അടുത്ത വർഷം ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ആഫ്രിക്കൻ-ഏഷ്യൻ വൻകരയിലാണ് ജനസംഖ്യയിൽ വൻ കുതിച്ചുചാട്ടമുണ്ടായത്. ഇന്ത്യ, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പൈൻസ്, താൻസാനിയ എന്നിവയാണ് ജനസംഖ്യാ വളർച്ചയിൽ മുന്നിലുള്ള രാജ്യങ്ങൾ. പട്ടികയിൽ ചൈനയില്ലെന്നതും ശ്രദ്ധേയം. 1980ൽ നടപ്പാക്കിയ ജനസംഖ്യാ ആസൂത്രണ നയത്തിൽ 2016ൽ ഇളവ് വരുത്തിയെങ്കിലും ചൈനയിൽ ജനസംഖ്യ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവിൽ 142 കോടിയാണ് ചൈനീസ് ജനസംഖ്യ. ഇന്ത്യ 141 കോടിയും പിന്നിടുകയാണ്.


ജനസംഖ്യ 700ൽനിന്ന് 800 കോടിയിലെത്താൻ 12 വർഷമാണെടുത്തത്. 15 വർഷമെടുത്താകും അടുത്ത നൂറുകോടി കടക്കുക. 2037ൽ ലോകജനസംഖ്യ 900 കോടി പിന്നിടും. ലോകജനസംഖ്യയുടെ പകുതിയും ഏഴു രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ചൈനയും ഇന്ത്യയും തന്നെയാണ് മുന്നിൽ. യു.എസ്, ഇന്തോനേഷ്യ, പാകിസ്താൻ, നൈജീരിയ, ബ്രസീൽ എന്നിവയാണ് മറ്റു രാജ്യങ്ങൾ.

Summary: World Events Of 2022: A Year End Roundup

TAGS :

Next Story