Quantcast

ഹോർമുസിൽ സംഘർഷം രൂക്ഷം; അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് മിസൈൽ ആക്രമണമെന്നാണ് ഇറാന്റെ വിശദീകരണം

MediaOne Logo

Web Desk

  • Published:

    6 Sept 2026 7:27 AM IST

ഹോർമുസിൽ സംഘർഷം രൂക്ഷം; അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം
X

ഹോർമുസ്: ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. അമേരിക്കൻ വിമാനവാഹിനി കപ്പലിനും നാവികസേനയുടെ യുദ്ധക്കപ്പലിനും നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ സേന അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലുകൾ പ്രദേശത്തുനിന്ന് പിൻവാങ്ങിയെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു.

ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് മിസൈൽ ആക്രമണമെന്നാണ് ഇറാന്റെ വിശദീകരണം. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയും അമേരിക്കൻ കപ്പലുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങളും സംബന്ധിച്ച ഇറാന്റെ അവകാശവാദങ്ങൾക്ക് സ്വതന്ത്ര സ്ഥിരീകരണമില്ല.

ഇതിനിടെ, ഇറാന്റെ എണ്ണക്കപ്പലുകൾക്കെതിരെ കൂടുതൽ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് രംഗത്തെത്തി. അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്നാൽ ഇറാന്റെ അവശേഷിക്കുന്ന എണ്ണക്കപ്പലുകൾ കൂടി തകർക്കുമെന്നാണ് മുന്നറിയിപ്പ്.

എന്നാൽ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നാണ് ഇറാന്റെ പ്രതികരണം. പരസ്പര മുന്നറിയിപ്പുകൾ ശക്തമായതോടെ ഹോർമുസ് മേഖലയിലെ കടൽ ഗതാഗതവും സുരക്ഷയും സംബന്ധിച്ച ആശങ്കകളും വർധിക്കുകയാണ്.

ഇതിനിടെ പശ്ചിമേഷ്യയിലെ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മേഖലയിൽ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

അതേസമയം, ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രമായ ‘പികാക്സ്’ പർവതത്തിന് നേരെ ഉടൻ ആക്രമണമുണ്ടായേക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും പുറത്തുവന്നു. പുതിയ ആക്രമണ സാധ്യതകൾ കൂടി ഉയർന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക ശക്തമാണ്.

TAGS :

Next Story