Quantcast

'മൂന്നാം ലോക മഹായുദ്ധം വിദൂരമല്ല'; മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

''ഞാൻ നിങ്ങളുടെ പ്രസിഡന്‍റായിരുന്നെങ്കിൽ റഷ്യ യുക്രൈനെ ആക്രമിക്കില്ലായിരുന്നു''

MediaOne Logo

Web Desk

  • Updated:

    2023-04-05 10:56:19.0

Published:

5 April 2023 10:50 AM GMT

ഡൊണാള്‍ഡ് ട്രംപ്
X

ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടൺ: ജോ ബൈഡൻ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മൂന്നാം ലോക മഹായുദ്ധത്തെ അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലെ യുഎസ് സർക്കാർ രാജ്യത്തെ നശിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. നീലച്ചിത്ര നടിക്ക് പണം നൽകിയെന്ന കേസിൽ കോടതിയിൽ ഹാജരായി വിട്ടയച്ചതിന് പിന്നാലെ നടത്തിയ പൊതു പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് തുറന്ന ഭീഷണിയുണ്ട്. തന്റെ ഭരണകാലത്ത് മറ്റ് രാജ്യങ്ങൾ ഒരിക്കലും ഇത്തരത്തിൽ പരാമർശിക്കുകയോ അവർക്കിടയിൽ അത്തരം ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ''ബൈഡൻ ഭരണകൂടം ഒരു ആണവ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാം. വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മൾ അതിൽ നിന്നും ഒരുപാട് അകലെയല്ല'- ട്രംപ് തന്റെ മാർലാഗോയിലെ പ്രസംഗത്തിനിടെ പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ അമേരിക്ക ഇപ്പോൾ കുഴപ്പത്തിലാണ്. നമ്മുടെ സമ്പദ്വ്യവസ്ഥ തകരുകയാണ്. പണപ്പെരുപ്പം നിയന്ത്രണാതീതമാണ്. റഷ്യ ചൈനയുമായി ചേർന്നു. സൗദി അറേബ്യ ഇറാനുമായി ചേർന്നു. നിങ്ങൾക്ക് വിശ്വസിക്കാനുകുന്നുണ്ടോയെന്നും ട്രംപ് ചോദിച്ചു. ചൈനയും റഷ്യയും ഇറാനും ഉത്തരകൊറിയയും ചേർന്ന് ഭീഷണിപ്പെടുത്തുന്നതും വിനാശകരവുമായ ഒരു സഖ്യമായി രൂപപ്പെട്ടിട്ടുണ്ടെന്നും തന്റെ നേതൃത്വത്തിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കാൻ സാധ്യതയില്ലായിരുന്നുവെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.'ഞാൻ നിങ്ങളുടെ പ്രസിഡന്റായിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു. റഷ്യ യുക്രൈനെ ആക്രമിക്കില്ല. എല്ലാവരുടെയും ജീവൻ രക്ഷിക്കുമായിരുന്നു. ആ മനോഹരമായ നഗരങ്ങളെല്ലാം നിലനിൽക്കുമായിരുന്നു'- റഷ്യ-യുക്രൈൻ സംഘർഷത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

അതേസമയം ലൈംഗികബന്ധം മറച്ചുവെയ്ക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ അറസ്റ്റിലായ ട്രംപിൻറെ വാദം പൂർത്തിയായി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് ചുമത്തിയത്. കോടതി നടപടിക്ക് മുന്നോടിയായി ട്രംപിൻറെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും വാദം പൂർത്തിയാക്കിയ ശേഷം വിട്ടയച്ചു.

ഫ്‌ലോറിഡയിലെ വസതിയിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ട്രംപ് ന്യൂയോർക്കിലെത്തിയത്. മുതിർന്ന ഉപദേഷ്ടാവ് ജാസൻ മില്ലർ, വക്താവ് സ്റ്റീവൻഷെങ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ന്യൂയോർക്കിലെ ട്രംപ് ടവറിൽ നിന്ന് മാൻഹാട്ടൻ കോടതിയിലേക്ക് കനത്ത സുരക്ഷയിലായിരുന്നു ട്രംപിന്റെ യാത്ര. കോടതി പരിസരത്തും വൻ?തോതിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

കോടതി നടപടി ക്രമങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കുറ്റപത്രം വായിക്കൽ ഉൾപ്പെടെയുള്ള നടപടിയ്ക്കു ശേഷം ട്രംപിനെ വിട്ടയച്ചു. തനിക്ക് മേൽ ചുമത്തിയ 34 കുറ്റങ്ങളും നിഷേധിച്ച ട്രംപ്, താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു. വാദം പൂർത്തിയായതിന് പിന്നാലെ ട്രംപ് കോടതിയിൽ നിന്ന് മടങ്ങി. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. കേസിൽ ഡിസംബർ നാലിന് വീണ്ടും വാദം കേൾക്കും. വിചാരണ 2024 ജനുവരിയിൽ ആരംഭിക്കും.

പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാൻ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു ട്രംപിനെതിരായ കേസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ട്രംപ് പണം നൽകിയതെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞയാഴ്ചയാ?ണ് മൻഹാട്ടൻ ഗ്രാൻഡ് ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

TAGS :

Next Story