Quantcast

ബുർജ് ഖലീഫയേക്കാൾ നീളം, ഉള്ളിലേക്കെത്താൻ മൂന്ന് മണിക്കൂർ; വർഷം 8000 കിലോ സ്വർണം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഖനി

മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കുന്ന ഭൂമിയിലെ ഏറ്റവും താഴ്ന്ന ഇടങ്ങളിലൊന്നാണ് ഈ ഖനി

MediaOne Logo

അരീജ മുനസ്സ

  • Updated:

    2026-02-01 07:39:33.0

Published:

1 Feb 2026 1:05 PM IST

ബുർജ് ഖലീഫയേക്കാൾ നീളം, ഉള്ളിലേക്കെത്താൻ മൂന്ന് മണിക്കൂർ; വർഷം 8000 കിലോ സ്വർണം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഖനി
X

അന്താരാഷ്ട്ര വിപണിയിൽ‍ സ്വർണവില കുതിച്ചുയരുകയാണ്. റെക്കോർഡുകൾ ഭേദിച്ച് വില കുതിക്കുമ്പോൾ ഇതിന് പിന്നിലെ കാരണങ്ങൾ അക്കമിട്ട് നിരത്തുന്ന നിരവധി ലേഖനങ്ങളും വിശകലനങ്ങളും ഇതിനകം കണ്ടുകാണും. ഭൂമിയിലെ സ്വർണനിക്ഷേപം പരിമിതമാകുന്നതും കൂടുതൽ ആഴത്തിലേക്ക് ഖനനം വ്യാപിപ്പിക്കേണ്ടി വരുന്നതും വിപണിയിലെ വിലക്കയറ്റത്തിന് ഒരു കാരണമാണ്. ഭൂമിക്കടിയിൽ നിന്നും സ്വർണം വേർതിരിച്ചെടുക്കുന്ന പ്രക്രിയയെ കുറിച്ചും അതിന്റെ പ്രായോ​ഗിക ബുദ്ധിമുട്ടു കളെക്കുറിച്ചും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും ആഴം കൂടിയ സ്വർണ ഖനിയെക്കുറിച്ച് വിശദമായൊന്ന് അറിഞ്ഞാലോ.

ലോകത്തിലെ തന്നെ ഏറ്റവും സാഹസികവും വിസ്മയിപ്പിക്കുന്നതുമായ തൊഴിലിടങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്കയിലെ എംപോനെങ് (Mponeng) സ്വർണ ഖനി. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ താഴ്ചയിലേക്കാണ് ഈ ഖനി വ്യാപിച്ചു കിടക്കുന്നത്. ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയെക്കാൾ അഞ്ചിരട്ടിയിലധികം ആഴത്തിലാണ് ഈ സ്വർണ ശേഖരം സ്ഥിതി ചെയ്യുന്നത്. മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കുന്ന ഭൂമിയിലെ ഏറ്റവും താഴ്ന്ന ഇടങ്ങളിലൊന്നാണിത്. എംപോനെങ്ങിന് പുറമെ ദക്ഷിണാഫ്രിക്കയിലെ തന്നെ തൗടോണ (TauTona) ഖനിയും 3.9 കിലോമീറ്റർ ആഴവുമായി ഈ പട്ടികയിൽ മുൻപന്തിയിലുണ്ട്.

മൂന്ന് മണിക്കൂർ നീളുന്ന യാത്രയും കഠിനമായ തൊഴിൽ സാഹചര്യങ്ങളും

ഈ ഖനിയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ജോലി സ്ഥലത്ത് എത്തുക എന്നത് തന്നെ വലിയൊരു ദൗത്യമാണ്. ഖനിയുടെ ഉപരിതലത്തിൽ നിന്നും താഴെ സ്വർണം ഖനനം ചെയ്യുന്ന ഭാഗത്തേക്ക് എത്താൻ മാത്രം ഏകദേശം മൂന്ന് മണിക്കൂർ സമയമെടുക്കും. അത്യാധുനിക എലവേറ്ററുകളും ലിഫ്റ്റുകളും ഉപയോഗിച്ചാണ് ഈ യാത്ര. ഭൂമിയുടെ ഉള്ളിലേക്ക് പോകുന്തോറും ചൂട് വർധിച്ചു വരുന്നത് വലിയൊരു വെല്ലുവിളിയാണ്. ഖനിക്കുള്ളിലെ പാറകളുടെ താപനില ഏകദേശം 60 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. അതിനാൽ, ഖനിക്കുള്ളിലെ താപനില നിയന്ത്രിക്കാനായി കൂറ്റൻ ഐസ് പ്ലാന്റുകളും എയർ കണ്ടീഷനിംഗ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ആഴത്തിന്റെ കാര്യത്തിൽ ദക്ഷിണാഫ്രിക്കൻ ഖനികളാണ് മുന്നിലെങ്കിലും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലും അത്ഭുതകരമായ ഖനികളുണ്ട്. കാനഡയിലെ ക്യൂബെക്കിലുള്ള ലാറോണ്ടെ (LaRonde) ഖനി ഇതിൽ പ്രധാനമാണ്. ഏകദേശം മൂന്ന് കിലോമീറ്റർ ആഴമുള്ള ഈ ഖനി പടിഞ്ഞാറൻ അർധ​ഗോളത്തിലെ ഏറ്റവും ആഴമേറിയ ഒന്നാണ്. കൂടാതെ കാനഡയിലെ തന്നെ ഒന്റാറിയോയിലുള്ള കിഡ് (Kidd) ഖനി ചെമ്പ്, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ ഖനനത്തിന് ലോകപ്രശസ്തമാണ്. ലാറോണ്ടെ ഖനിയിൽ നിന്ന് സ്വർണത്തോടൊപ്പം വെള്ളി, ചെമ്പ്, സിങ്ക് എന്നിവയും വൻതോതിൽ വേർതിരിച്ചെടുക്കുന്നു.

വർഷം തോറും ലഭിക്കുന്ന ടൺ കണക്കിന് സ്വർണവും യുറേനിയവും

ഇത്രയേറെ കഠിനമായ സാഹചര്യങ്ങളിലും എംപോനെങ് ഖനി ലോകത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നു. പ്രതിവർഷം ശരാശരി 8,000 കിലോഗ്രാം സ്വർണമാണ് ഇവിടെ നിന്നും ഖനനം ചെയ്തെടുക്കുന്നത്. സ്വർണത്തിന് പുറമെ യുറേനിയം പോലുള്ള വിലപിടിപ്പുള്ള മൂലകങ്ങളും ഇവിടെ കാണപ്പെടുന്നു. കാനഡയിലെ ഖനികൾ മറ്റ് ലോഹങ്ങൾക്ക് പ്രസിദ്ധമാണെങ്കിൽ, എംപോനെങ് അതിന്റെ ആഴം കൊണ്ടും സ്വർണ ശേഖരം കൊണ്ടും വേറിട്ടുനിൽക്കുന്നു.

TAGS :

Next Story