ആഴ്ചയിൽ ഉത്പാദിപ്പിക്കുന്നത് 190 ദശലക്ഷം കൊതുകുകളെ; ബ്രസീൽ ഇത്രയധികം കൊതുകുകളെ വളര്‍ത്തുന്നത് എന്തിനാണ്?
സാവോ പോളോ സംസ്ഥാനത്തെ കാമ്പിനാസ് എന്ന നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കൊതുക് പ്രജനന കേന്ദ്രം

ബ്രസീലിയ: കൊതുക് ശല്യം ഭൂരിഭാഗം നഗരങ്ങളും നേരിടുന്ന ഒരു പ്രശ്നമാണ്. കൊതുകുതിരി, ഗുഡ് നൈറ്റ് പോലുള്ള വിവിധ മാര്‍ഗങ്ങൾ കൊതുകിനെ തുരത്താൻ ലഭ്യമാണെങ്കിലും പൂര്‍ണമായും ഇവയെ ഇല്ലാതാക്കാൻ സാധിക്കാറില്ല.നമ്മൾ കൊതുകുകളെ ഇല്ലാതാക്കാനുള്ള വഴി തേടുമ്പോൾ അവയെ വളര്‍ത്തുന്ന ഒരു രാജ്യമുണ്ട്. ഓരോ ആഴ്ചയും 190 ദശലക്ഷം കൊതുകുകളെയാണ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ.
സാവോ പോളോ സംസ്ഥാനത്തെ കാമ്പിനാസ് എന്ന നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ കൊതുക് പ്രജനന കേന്ദ്രം . ഏകദേശം 1,300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ കെട്ടിടം വേൾഡ് മോസ്കിറ്റോ പ്രോഗ്രാം (WMP) പദ്ധതി പ്രകാരമാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ഫാക്ടറിക്ക് എല്ലാ ആഴ്ചയും 190 ദശലക്ഷം ഈഡിസ് ഈജിപ്തി കൊതുകുകളെ ഉത്പാദിപ്പിക്കാൻ കഴിയും. എന്നാൽ മറ്റ് രാഷ്ട്രങ്ങൾ കൊതുകുകളെക്കുറിച്ച് ആശങ്കാകുലരായിരിക്കുമ്പോൾ ബ്രസീൽ എന്തുകൊണ്ടാണ് അവയെ വളര്‍ത്താൻ ഒരു ഫാക്ടറി തന്നെ സ്ഥാപിച്ചിരിക്കുന്നത് എന്നല്ലേ ചോദ്യം. 2024ൽ രാജ്യത്താകമാനമുണ്ടായ ഡെങ്കിപ്പനി വ്യാപനമാണ് ഇതിന് കാരണം. ആ വർഷം ലോകത്തിലെ മൊത്തം ഡെങ്കിപ്പനി അണുബാധകളുടെ 80 ശതമാനത്തിലധികവും ഈ രാജ്യത്താണ് രേഖപ്പെടുത്തിയത്.
ബ്രസീൽ എന്തിനാണ് കൊതുകുകളെ വളർത്തുന്നത്?
ഡെങ്കിപ്പനി പടരുന്നത് പൂർണമായും തടയുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. 2024ൽ ഉണ്ടായ ഡെങ്കിപ്പനി വ്യാപനത്തെ തുടര്‍ന്ന് , നിരവധി പേർക്ക് ജീവൻ പോലും നഷ്ടപ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ബ്രസീൽ അസാധാരണവും എന്നാൽ ഫലപ്രദവുമായ ഒരു രീതി ഉപയോഗിക്കാൻ തുടങ്ങി.ഫാക്ടറി വോൾബാച്ചിയ എന്നറിയപ്പെടുന്ന ഈ മാര്‍ഗത്തിലൂടെ കൊതുകുകളുടെ ജീവശാസ്ത്രം മാറ്റുകയാണ് ചെയ്യുന്നത്. ഡെങ്കിപ്പനിയെ ചെറുക്കാന്‍ ഗവേഷകര്‍ ഉപയോഗിക്കുന്ന ഒരു രീതിയാണിത്.
ഡെങ്കിപ്പനി, സിക്ക, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ കൊതുകുകള്‍ പരത്തുന്നത് വോള്‍ബാച്ചിയ ബാക്ടീരിയ തടയുന്നു. അതിനാല്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ വോള്‍ബാച്ചിയ ബാധിച്ച ലബോറട്ടറിയില്‍ വളര്‍ത്തുന്ന കൊതുകുകളെ പ്രാദേശിക കൊതുകുകളുടെ കൂട്ടത്തിലേക്ക് പ്രജനനം നടത്താനും വൈറസ് പകരുന്നത് തടയുന്ന ബാക്ടീരിയകള്‍ പകരാനും തുറന്നുവിടുന്നു. വോൾബാച്ചിയ വാഹകരായ ഈ കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോൾ അവയ്ക്ക് ഡെങ്കി വൈറസ് പരത്താൻ കഴിയില്ല. കാലക്രമേണ, ഈ കൊതുകുകൾ സ്വാഭാവിക കൊതുകുകളുടെ എണ്ണവുമായി കൂടിച്ചേരുകയും, യഥാർത്ഥത്തിൽ ഡെങ്കി പരത്താൻ കഴിയുന്ന കൊതുകുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. 2014 മുതല്‍ എട്ട് ബ്രസീലിയന്‍ നഗരങ്ങളിലായി 5 ദശലക്ഷത്തിലധികം ആളുകളെ ഈ രീതി ഇതിനകം സംരക്ഷിച്ചുവെന്ന് ബ്രസീൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഫാക്ടറിക്കുള്ളിൽ, കൊതുകിന്‍റെ ലാർവകളെ നിയന്ത്രിത താപനില സാഹചര്യങ്ങളിൽ വളർത്തുന്നു. ആൺ കൊതുകുകൾക്ക് പഞ്ചസാര ലായനി നൽകുന്നു. അതേസമയം പെൺ കൊതുകുകൾക്ക് മനുഷ്യന്റെ ചർമ്മം പോലെ തോന്നിക്കുന്ന ബാഗുകളിലൂടെ മൃഗങ്ങളുടെ രക്തം നൽകുന്നു. കൊതുകുകൾ ഏകദേശം നാല് ആഴ്ച ഈ കൂടുകളിൽ തങ്ങിനിൽക്കും. അതിനുശേഷം, അവയുടെ മുട്ടകൾ ശേഖരിച്ച് പുറത്തേക്ക് തുറന്നുവിടാൻ സജ്ജമാക്കുന്നു.
ഇന്തോനേഷ്യ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ വോൾബാച്ചിയ രീതി ഇതിനകം വിജയകരമായിരുന്നു, അവിടെ ഡെങ്കിപ്പനി കേസുകൾ ഏകദേശം 70 ശതമാനം കുറയ്ക്കാൻ ഇത് സഹായിച്ചു.
Adjust Story Font
16

