Quantcast

'30 വര്‍ഷം പഴക്കമുള്ള ഭ്രൂണം'; ലോകത്തിലെ 'ഏറ്റവും പ്രായം' കൂടിയ കുഞ്ഞ് ജനിച്ചു

വര്‍ഷം തോറും ആയിരക്കണക്കിന് ഡോളാറാണ് ഭ്രൂണം സൂക്ഷിക്കാന്‍ ഇവര്‍ നല്‍കിയത്

MediaOne Logo

Web Desk

  • Published:

    3 Aug 2025 6:39 PM IST

30 വര്‍ഷം പഴക്കമുള്ള ഭ്രൂണം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കുഞ്ഞ് ജനിച്ചു
X

വാഷിങ്ടണ്‍: യുഎസില്‍ മുപ്പത് വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞു ജനിച്ചു. തദേവൂല്‍ ഡാനിയേല്‍ പിയേഴ്‌സ് എന്ന് പേരിട്ട കുഞ്ഞ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കുട്ടിയെന്ന റെക്കോഡ് സ്വന്തമാക്കി.

1994 ല്‍ മുതല്‍ ക്രയോപ്രിസേര്‍വ് ചെയ്ത കുഞ്ഞ് ജനിച്ചത് കഴിഞ്ഞ മാസം ജുലൈ 26നാണ്. ഒഹായോയില്‍ താമസിക്കുന്ന ദമ്പതികളായ ലിന്‍ഡ്‌സിയും ടിം പിയേര്‍സും ഏഴ് വര്‍ഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയാണ്.

ലിന്‍ഡ ആര്‍ച്ചഡ് എന്ന യുവതിയില്‍ നിന്നും ഭ്രൂണം സ്വീകരിച്ചതാണ് വഴിത്തിരിവായത്. 62 വയസുള്ള ലിന്‍ഡ പതിറ്റാണ്ടുകളായി ഭ്രൂണം സൂക്ഷിക്കുകയാണ്. 1990 ലാണ് ലിന്‍ഡ ആര്‍ച്ചഡും അവരുടെ ഭര്‍ത്താവും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഐവിഎഫ് ട്രീറ്റ്‌മെന്റിന് വിധേയരായത്.

1994 ല്‍ നാല് ഭ്രൂണങ്ങള്‍ ഉണ്ടായി. ഒരു ഭ്രൂണം ഉപയോഗിച്ച് ആര്‍ച്ചഡ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇപ്പോള്‍ അവള്‍ക്ക് 30 വയസുണ്ട്. ബാക്കി മൂന്ന് ഭ്രൂണങ്ങള്‍ ക്രയോപ്രിസര്‍വ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു. തനിക്ക് വീണ്ടും ഗര്‍ഭം ധരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ഭര്‍ത്താവ് സമ്മതിച്ചില്ലെന്നും ആര്‍ച്ചഡ് പറഞ്ഞു.

ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. പക്ഷെ ഭ്രൂണം സൂക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ ആര്‍ച്ചഡ് ചെയ്തു. ഇതിനായി വര്‍ഷം തോറും ആയിരക്കണക്കിന് ഡോളാറാണ് അവര്‍ ചിലവഴിച്ചത്.

പിന്നീട് ആര്‍ച്ചഡ് ക്രിസ്റ്റ്യന്‍ എബ്രിയോ അഡോപ്ഷന്‍ ഏജന്‍സിയെ കണ്ടെത്തി. അതുവഴി ഭ്രൂണം ദത്തെടുക്കാന്‍ താല്‍പര്യമുള്ള ദമ്പതികളെ കണ്ടെത്തി. ഏതെങ്കിലും റെക്കോഡ് തകര്‍ക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഒരു കുഞ്ഞിന് വേണ്ടി ദീര്‍ഘനാളായി ആഗ്രഹിക്കുകയായിരുന്നുവെന്നും ദമ്പതികള്‍ പ്രതികരിച്ചു.

TAGS :

Next Story