Quantcast

'നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതിൽ വിരോധമില്ലല്ലോ, അല്ലേ': ഇറ്റാലിയൻ പ്രസിഡന്റ് മെലോണിയെ പ്രശംസിച്ച് ട്രംപ്

ഈജിപ്തിൽ വച്ച് നടന്ന ഗസ്സ സമാധാന ഉച്ചകോടി വേദിയിൽ വെച്ചാണ് പരാമർശം

MediaOne Logo

Web Desk

  • Updated:

    2025-10-14 12:35:52.0

Published:

14 Oct 2025 6:02 PM IST

നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതിൽ വിരോധമില്ലല്ലോ, അല്ലേ: ഇറ്റാലിയൻ പ്രസിഡന്റ് മെലോണിയെ പ്രശംസിച്ച് ട്രംപ്
X

Photo|AFP

കെയ്റോ: ലോക വേദിയിൽ ഇറ്റാലിയൻ പ്രസിഡന്റ് ജോർജ് മെലോണിയെ സുന്ദരിയെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈജിപ്തിലെ ഷറം അൽ ഷേഖിൽ നടന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മെലോണിയെ സുന്ദരിയെന്ന് വിശേഷിപ്പിച്ചത്.

ലോക നേതാക്കൾ ഒരുമിച്ച വേദിയിലെ ഏക വനിത നേതാവായിരുന്നു മെലോണി. മെലോണിയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങളുടെ പേരിൽ തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നേക്കാമെന്നും എന്നാൽ അത് നേരിടാൻ താൻ തയാറാണെന്നും വേദിയിൽ വെച്ചു തന്നെ ട്രംപ് വ്യക്തമാക്കി.

'അമേരിക്കയിൽ ഒരു സ്ത്രീയെ സുന്ദരിയെന്ന് വിശേഷിപ്പിച്ചാൽ അത് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണ്. പക്ഷേ ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതിൽ വിരോധമില്ലല്ലോ അല്ലേ? കാരണം നിങ്ങൾ സുന്ദരിയാണ്. വന്നതിന് വളരെ നന്ദി. ഞങ്ങൾ അഭിനന്ദിക്കുന്നു', തനിക്ക് പിന്നിലായി നിന്നിരുന്ന മെലോണിക്ക് നേരെ തിരിഞ്ഞ് ട്രംപ് പറഞ്ഞു. മെലോണി ഇതിന് ചിരിച്ചുകൊണ്ട് മറുപടി പറയുന്നുണ്ടെങ്കിലും എന്താണെന്ന് വ്യക്തമല്ല. 2022 മുതൽ ഇറ്റലിയുടെ പ്രധാനമന്ത്രിയാണ് 43 കാരിയായ ജോർജിയ മെലോണി.

കഴിഞ്ഞ ദിവസമാണ് ഗസ്സയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാനായി സമാധാന കരാർ ഒപ്പുവെച്ചത്. ഇതോടെ രണ്ടു വർഷ നീണ്ട ഗസ്സയിലെ യുദ്ധത്തിനാണ് വിരാമമായത്. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലും ഹമാസും കരാറിൽ ഒപ്പുവെച്ചിട്ടില്ല. ഈജിപ്തിലെ ഷറം അൽ ഷേഖിൽ നടന്ന ഉച്ചകോടിയിൽ ഇരുപതിലധികം രാഷ്ട്ര തലവൻമാരാണ് പങ്കെടുത്തത്. ഗാസ സമാധാന കരാറിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയിൽ നടക്കും. ഹമാസിന്റെ നിരായുധീകരണം, ഇസ്രയേൽ സൈന്യത്തിന്റെ പൂർണ പിന്മാറ്റം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച.

TAGS :

Next Story