Quantcast

'ഞാന്‍ സയണിസ്റ്റ് വിരുദ്ധനാണ്'; ഉപതെരഞ്ഞെടുപ്പിനിടെ യുകെ ഗ്രീന്‍ പാര്‍ട്ടി നേതാവിന്റെ പരസ്യ പ്രഖ്യാപനം

ഗസ്സയിലെ തുടര്‍ച്ചയായ ആക്രമണങ്ങളെ വിമര്‍ശിക്കുന്നത് തെറ്റോ ജൂതവിരുദ്ധതയോ അല്ലെന്നും സാക്ക് പോളാന്‍സ്‌കി

MediaOne Logo
ഞാന്‍ സയണിസ്റ്റ് വിരുദ്ധനാണ്; ഉപതെരഞ്ഞെടുപ്പിനിടെ യുകെ ഗ്രീന്‍ പാര്‍ട്ടി നേതാവിന്റെ പരസ്യ പ്രഖ്യാപനം
X

ലണ്ടന്‍: ഫലസ്തീന്‍ ജനതയ്ക്ക് വീണ്ടും ഐക്യദാര്‍ഢ്യം അറിയിച്ച് യുകെയിലെ ഗ്രീന്‍ പാര്‍ട്ടി നേതാവ് സാക്ക് പോളാന്‍സ്‌കി. താനൊരു സയണിസ്റ്റ് വിരുദ്ധനാണെന്ന് സാക്ക് വ്യക്തമാക്കി. ഒക്ടോബര്‍ എട്ടിന് ലണ്ടനില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദ വേദിയിലാണ് സാക്കിന്റെ പ്രഖ്യാപനം.

ഗസ്സയില്‍ നിന്നുള്‍പ്പെടെ ഫലസ്തീനികളെ ഒഴിപ്പിക്കാനും അവരെ വംശഹത്യക്ക് ഇരയാക്കുന്നതിനുമാണ് സയണിസം ഉപയോഗിക്കുന്നതെങ്കില്‍ അത് വംശീയത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിലെ തുടര്‍ച്ചയായ ആക്രമണങ്ങളെ വിമര്‍ശിക്കുന്നത് തെറ്റോ ജൂതവിരുദ്ധതയോ അല്ല. ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും ജൂതവിരുദ്ധമല്ലെന്നും സാക്ക് പോളാന്‍സ്‌കി പ്രതികരിച്ചു.

ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രായേല്‍ നടപടികളെ ചിലര്‍ ജൂതവിരുദ്ധതയായി ചിത്രീകരിക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ യുകെയിലെ ജൂത സമൂഹത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുമെന്നും സാക്ക് ചൂണ്ടിക്കാട്ടി. 'നിങ്ങള്‍ സയണിസ്റ്റാണോ' എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സംസാരിച്ചത്.

ഇസ്രായേല്‍ അനുകൂല സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സാക്കിന്റെ പ്രതികരണം. ജൂത വംശജനായ അദ്ദേഹം നോര്‍ത്ത് മാഞ്ചസ്റ്ററിലാണ് ജനിച്ചത്. ഫലസ്തീനികളെ പിന്തുണച്ച് സംസാരിച്ചതോടെ സദസില്‍ ഉണ്ടായിരുന്ന ഇസ്രായേല്‍ അനുകൂലികള്‍ സാക്കിന് നേരെ കൂക്കിവിളിച്ചു.

'നിങ്ങള്‍ ജൂതവിരുദ്ധനാണ്, പറയുന്നതെല്ലാം ജൂതവിരുദ്ധമാണ്' എന്നായിരുന്നു ഇസ്രായേല്‍ അനുകൂലികളുടെ ആക്രോശം. തുടര്‍ന്ന്, ഇസ്രായേലില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ജൂതന്മാരെ ഉത്തരവാദികളാക്കാന്‍ കഴിയില്ലെന്ന് സാക്ക് പ്രതികരിച്ചു. ഇസ്രായേല്‍ സര്‍ക്കാരിന്റെ നടപടികളെയും ജൂതന്മാരെയും കൂട്ടിക്കുഴക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സയണിസത്തെ കുറിച്ച് താന്‍ ചോദ്യങ്ങള്‍ ഉന്നയിച്ച ലണ്ടനിലെ രാഷ്ട്രീയ നേതാക്കള്‍ എവിടെയും തൊടാതെയുള്ള മറുപടിയാണ് നല്‍കിയിരുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ റിച്ചാര്‍ഡ് ഓസ്‌ലി പറഞ്ഞു. ഇതിനിടെയാണ് സാക്ക് പോളാന്‍സ്‌കിയുടെ പ്രസ്താവന യുകെയില്‍ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്ക് വഴിവെച്ചത്.

TAGS :

Next Story