Quantcast

സൊമാറ്റോ ഡെലിവറി ബോയ് മൂക്കിനിടിച്ചെന്ന ആരോപണം; യുവതിക്കെതിരെ കേസെടുത്ത് പൊലീസ് 

സൊമാറ്റോ ജീവനക്കാരന്‍ കാമരാജിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.

MediaOne Logo

  • Published:

    16 March 2021 11:24 AM IST

സൊമാറ്റോ ഡെലിവറി ബോയ് മൂക്കിനിടിച്ചെന്ന ആരോപണം; യുവതിക്കെതിരെ കേസെടുത്ത് പൊലീസ് 
X

ബംഗളൂരുവില്‍ സൊമാറ്റോ ഡെലിവറി ബോയ് മൂക്കിനിടിച്ചുവെന്ന് പരാതി നല്‍കിയ യുവതി ഹിതേഷ ചന്ദ്രാനിക്കെതിരെ പൊലീസ് കേസെടുത്തു. സൊമാറ്റോ ജീവനക്കാരന്‍ കാമരാജിന്‍റെ പരാതിയിലാണ് പൊലീസ് നടപടി. ആക്രമണം, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

യുവതിയാണ് തന്നെ ആദ്യം മര്‍ദ്ദിച്ചതെന്നും ആക്രമണത്തിനിടെ അവരുടെ തന്നെ മോതിരം മൂക്കില്‍ തട്ടിയാണ് പരിക്കേറ്റതെന്നും കാമരാജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കാമരാജ് യുവതിക്കെതിരെ പരാതി നല്‍കിയത്.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തപ്പോള്‍ ഡെലിവറി ബോയ് തന്നെ മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായാണ് കണ്ടന്‍റ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനി രംഗത്തെത്തിയത്. ആക്രമണത്തില്‍ തന്‍റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായും ഹിതേഷ പറഞ്ഞിരുന്നു.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയപ്പോള്‍ താന്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഡെലിവറി ബോയ് എത്തിയത്. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണെന്നും തിരിച്ചുപോകണമെന്നും പറഞ്ഞെങ്കിലും കാമരാജ് ബലമായി വാതില്‍ തുറന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഹിതേഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്. യുവതിയുടെ പരാതിയില്‍ ഇലക്ട്രോണിക് സിറ്റി പൊലീസ് ഡെലിവെറി ബോയിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഭക്ഷണം എത്താന്‍ വൈകിയപ്പോള്‍ യുവതി ദേഷ്യപ്പെട്ടുവെന്നും ട്രാഫിക് ബ്ലോക്കില്‍പ്പെട്ടുപോയതുകൊണ്ടാണ് വൈകിയതെന്ന് പറഞ്ഞ് അവരോട് ക്ഷമ ചോദിച്ചിരുന്നുവെന്നും കാമരാജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, യുവതി കയര്‍ത്തു സംസാരിക്കുകയും ഭക്ഷണത്തിന്‍റെ പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ചെരിപ്പുകൊണ്ട് തന്നെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് മോതിരം തട്ടി യുവതിക്ക് പരിക്കേറ്റതെന്നായിരുന്നു കാമരാജിന്‍റെ വാദം.

അതേസമയം, ഡെലിവറി ബോയ് കാമരാജിനെ പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സൊമാറ്റോ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story