Quantcast

'ആകാശക്കുഴപ്പം' തീരാതെ എയർ ഇന്ത്യ; അഹമ്മദാബാദ് അപകടത്തിന് പിന്നാലെ റദ്ദാക്കിയത് 66 ഡ്രീംലൈനർ വിമാനങ്ങൾ

ചൊവ്വാഴ്ച മാത്രം ബോയിങ് 787 ഡ്രീം ലൈനർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആറ് അന്താരാഷ്ട്ര സർവീസുകളാണ് റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    18 Jun 2025 12:03 PM IST

ആകാശക്കുഴപ്പം തീരാതെ എയർ ഇന്ത്യ; അഹമ്മദാബാദ് അപകടത്തിന് പിന്നാലെ  റദ്ദാക്കിയത് 66 ഡ്രീംലൈനർ വിമാനങ്ങൾ
X

ന്യൂഡൽഹി: 270 പേരുടെ ജീവൻ അപഹരിച്ച അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യ റദ്ദാക്കിയത് 66 ഡ്രീംലൈനർ സർവീസുകൾ. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളുപയോഗിച്ചുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

ചൊവ്വാഴ്ച മാത്രം ബോയിങ് 787 ഡ്രീം ലൈനർ വിമാനങ്ങൾ ഉപയോഗിച്ചുള്ള എയർഇന്ത്യയുടെ ആറ് അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയിട്ടുള്ളത്.ഡൽഹി-ദുബായ് (AI 915), ഡൽഹി-വിയന്ന (AI 153), ഡൽഹി-പാരീസ് (AI 143), അഹമ്മദാബാദ്-ലണ്ടൻ (AI 159), ബെംഗളൂരു-ലണ്ടൻ (AI 133), ലണ്ടൻ-അമൃത്സർ (AI 170) തുടങ്ങിയ സര്‍വീസുകളാണ് കഴിഞ്ഞദിവസം റദ്ദാക്കിയത്.അഹമ്മദാബാദ് ദുരന്തത്തില്‍പ്പെട്ട അതേ വിഭാഗത്തിലുള്ള ബോയിംഗ് 787-8 ഡ്രീംലൈനർ ഉപയോഗിച്ചാണ് ഈ റൂട്ടുകളിൽ ഭൂരിഭാഗവും സർവീസ് നടത്തുന്നത്.

അപകടം നടന്ന ജൂൺ 12 ശേഷം അഹമ്മദാബാദ്-ലണ്ടൻ റൂട്ടിലെ ഒരണ്ണം ഉൾപ്പെടെ കുറഞ്ഞത് 13 എയർ ഇന്ത്യ ഡ്രീംലൈനർ വിമാന സർവീസുകൾ ചൊവ്വാഴ്ച നിർത്തി വെച്ചു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവീസുകൾ നിർത്തിവെച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു. സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതും വ്യോമാതിർത്തി അടച്ചതുമെല്ലാം എയർ ഇന്ത്യ സർവീസുകളെ ബാധിച്ചതായി ഡിജിസിഎ വ്യക്തമാക്കി. ജൂൺ 12 ന്, സർവീസ് നടത്തിയതില്‍ 50 എണ്ണം ബോയിംഗ് 787 വിമാനങ്ങളായിരുന്നു.ഇതിൽ അഞ്ച് ഡ്രീംലൈനറുകൾ ഉൾപ്പെടെ ആറ് എണ്ണം റദ്ദാക്കുകയും ചെയ്തു.

സാങ്കേതിക തകരാർ കണ്ടെത്തിയതിനെതുടര്‍ന്ന് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടെ എയർ ഇന്ത്യ വിമാനം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് യാത്രാക്കാരെ കൊല്‍ക്കത്ത വിമാനത്താവളത്തിലിറക്കുകയും ചെയ്തു. ഡൽഹി- മെൽബൺ എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിൽ ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു.

തിങ്കളാഴ്ച മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള എയർ ഇന്ത്യയുടെ AI2493 വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹി-റാഞ്ചി എയർ ഇന്ത്യ എക്‍സ്‍പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. ഡൽഹിയിൽ നിന്ന് റാഞ്ചിയിലേക്ക് പോയ എയർ ഇന്ത്യ എക്സ് പ്രസ് വിമാനം തിങ്കളാഴ്ച പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഡല്‍ഹിയില്‍ തിരിച്ചിറക്കിയത്.

അതേസമയം, സർവീസുകൾ റദ്ദാക്കലുകൾ എയർഇന്ത്യക്ക് പുത്തരിയല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2024 ൽ സാങ്കേതികമോ മറ്റോ കാരണങ്ങൾ മൂലം എയർ ഇന്ത്യ പ്രതിദിനം ശരാശരി നാല് സർവീസുകൾ റദ്ദാക്കുന്നുണ്ടെന്നാണ് പാർലെന്റിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിൽ ആഭ്യന്തര, അന്തർദേശീയ മേഖലകളിലായി പ്രതിദിനം 1,000-ത്തിലധികം വിമാനങ്ങളാണ് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. അഹമ്മദാബാദ് അപകടത്തിന് ശേഷം ഡ്രീംലൈനറുകളുടെ സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story