'ഇന്ത്യയും ചൈനയും നരകക്കുഴികള്‍, ഇരുരാജ്യങ്ങളിൽ നിന്നുമെത്തുന്നവർ ലാപ്‌ടോപുകളുമായെത്തുന്ന ഗുണ്ടകൾ'; അധിക്ഷേപ പരാമർശം പങ്കുവെച്ച് ട്രംപ്
സാവേജിന്‍റെ അധിക്ഷേപ പരാമർശം പങ്കുവെച്ചുകൊണ്ട്, അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് സ്വയമേവ പൗരത്വം നല്‍കുന്ന ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ് നിയമത്തോടുള്ള തന്റെ എതിര്‍പ്പ് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്

- Updated:
2026-04-23 11:15:10.0

വാഷിങ്ടണ്‍: ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുകൊണ്ടുള്ള റേഡിയോ ഹോസ്റ്റ് മൈക്കല്‍ സാവേജിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ ജന്മനാടിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്ന സാവേജിന്റെ പ്രസ്താവനയും ട്രാന്‍സ്‌ക്രിപ്റ്റുമാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചത്. കുട്ടികള്‍ക്ക് യുഎസ് പൗരത്വം കിട്ടാന്‍ വേണ്ടി പ്രസവത്തിന് മാത്രമായി ഇരുരാജ്യത്ത് നിന്നും ആളുകള്‍ എത്തുന്നതായി സാവേജ് പരിഹസിച്ചിരുന്നു. ഇരുരാജ്യത്ത് നിന്നും വരുന്ന കുടിയേറ്റക്കാര്‍ ലാപ്‌ടോപുകളുമായെത്തുന്ന ഗുണ്ടകളാണെന്നുമുള്ള സാവേജിന്റെ പ്രസ്താവനയും ട്രംപ് പങ്കുവെച്ചു.
ജന്മാനുസൃതമായ പൗരത്വത്തെ കുറിച്ചും നിയമത്തെ ദുരുപയോഗം ചെയ്യുന്നതിനെകുറിച്ചുമുള്ള ചര്‍ച്ചക്കിടെയാണ് ഇന്ത്യയെയും ചൈനയെയും പേരെടുത്ത് വിമര്‍ശിച്ചുകൊണ്ടുള്ള സാവേജിന്റെ പ്രസ്താവന. 'യുഎസ് പൗരത്വത്തിന് വേണ്ടി കുടുംബങ്ങള്‍ അമേരിക്കയില്‍ വന്ന് താമസിക്കുകയാണ്. ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീകള്‍ യുഎസില്‍ പ്രസവിക്കുകയാണെങ്കില്‍ കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കുമെന്ന നിയമത്തെ ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ട്. കുട്ടികളെ പ്രസവിച്ചുകഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ മറ്റേതെങ്കിലും നരകക്കുഴിയില്‍ നിന്നോ അവര്‍ കുടുംബത്തെ മുഴുവന്‍ കൊണ്ടുവരും'. സാവേജ് പറഞ്ഞു. അമേരിക്കയിലെ ആഭ്യന്തര സംവിധാനങ്ങള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരും ചൈനക്കാരുമാണെന്നും, സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്നും തെളിവുകളുടെ പിൻബലമില്ലാതെ സാവേജ് അവകാശവാദം ഉന്നയിച്ചിരുന്നു.
സാവേജിന്‍റെ അധിക്ഷേപരാമർശം പങ്കുവെച്ചുകൊണ്ട്, അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് സ്വയമേവ പൗരത്വം നല്‍കുന്ന ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ് നിയമത്തോടുള്ള തന്റെ എതിര്‍പ്പ് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്. 2025 ജനുവരിയില്‍ അധികാരമേറ്റെടുത്ത ഉടന്‍ ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന. അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ലെന്നാണ് ട്രംപ് ഉത്തരവിട്ടത്. വിഷയം ഇപ്പോള്‍ അമേരിക്കന്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Adjust Story Font
16
